ADVERTISEMENT

കുറെക്കാലംമുൻപ് കോഴിക്കോട്ട് ഒരു സംഗീതപരിപാടി. പഴയ പാട്ടുകളാണു പാടുന്നത്. കൂടുതലും കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ബാബുക്കയുടെ (എം.എസ്.ബാബുരാജ്) പാട്ടുകൾ.

 

കോഴിക്കോട്ടുകാർ മതിമറന്നു കയ്യടിക്കേണ്ടതാണ്. പക്ഷേ, ഞാനും സുജു(സുജാത)വുമൊക്കെ പാടിക്കഴിയുമ്പോൾ വലിയ കൂവലാണു കിട്ടുന്നത്. ഞങ്ങൾക്കൊന്നും പിടികിട്ടുന്നില്ല. പിന്നീടാണു മനസ്സിലായത്, കൂടെപ്പാടിയ ഒരു ഗായകനു പിന്തുണ നൽകാൻ മറ്റു പാട്ടുകാരെ കൂവി നിരാശരാക്കുകയാണെന്ന്.

 

കൂവൽ കൂസാതെ സുജു  ബാബുരാജിന്റെ മറ്റൊരു പാട്ടു പാടി. വീണ്ടും കൂവൽ. തനിമയുള്ള ചിരിയോടെ സുജാത സദസ്സിനോടു സ്നേഹത്തോടെ പറഞ്ഞു: ‘ഇതു കോഴിക്കോടല്ലേ, നിങ്ങളുടെ ബാബുരാജല്ലേ, നിങ്ങൾക്കു ബാബുക്കയുടെ പാട്ടു വേണ്ടേ? കോഴിക്കോട്ടല്ലാതെ എവിടെയാണ് ഞങ്ങൾ ഈ പാട്ടുകൾ പാടുക?’. സദസ്സ് ശാന്തമായി. പിന്നെ കൂവലില്ല, കയ്യടി മാത്രം.

 

പാട്ടിൽ മാത്രമല്ല സുജുവിന്റെ സ്നേഹത്തൂവൽസ്പർശം. ജീവിതത്തിന്റെ ഓരോ സന്ദർഭങ്ങളിലും, വേണ്ടിടത്ത് വാത്സല്യത്തോടെ, അല്ലെങ്കിൽ മനസ്സടുപ്പത്തോടെ, അതുമല്ലെങ്കിൽ ഒരിത്തിരി കുറുമ്പോടെ...  വാക്കുകൾ രാഗങ്ങളായി പെയ്യും. പ്രണയമണിത്തൂവൽകൊണ്ട് ഒന്നു തഴുകുംപോലെയോ മൗനാനുരാഗത്തിൻ ലോലഭാവത്താൽ തലോടുന്നതുപോലെയോ കാലിലെക്കാണാ പാദസരം കിലുങ്ങുന്നതുപോലെയോ ഒക്കെ സംഗീതാത്മകമാണ് സുജുവിന്റെ വാക്കുകളും.

 

അന്നേ സ്റ്റാർ ഗായിക!

 

ഇന്നലെ സുജുവിന് അറുപതായപ്പോൾ ഞാൻ ഞങ്ങളുടെ പഴയ കളിക്കൂട്ടുകാലം കുറെ ഓർത്തു. സുജുവിനെക്കാൾ രണ്ടര വയസ്സ് മൂത്തവനാണു ഞാൻ. എന്റെ അമ്മയുടെ അച്ഛനും സുജുവിന്റെ മുത്തച്ഛനും ചേട്ടത്തിയുടെയും അനിയത്തിയുടെയും മക്കളാണ്. എറണാകുളം പറവൂരിലെ താഴത്തു വീട്ടുകാരാണു ഞങ്ങൾ. കളിച്ചുനടക്കേണ്ട പ്രായത്തിൽ സുജു സ്റ്റാർ ഗായികയായി. അതുകൊണ്ട് ഞങ്ങളുടെ കുട്ടിക്കാലത്തിൽ മുഴുവൻ സുജുവെന്ന പാട്ടുതാരത്തിന്റെ ഓർമകളാണ്.

 

പല രാജ്യങ്ങളിലൂടെ പറന്ന് ദാസേട്ടന്റെ തൊട്ടടുത്തുനിന്നു പാടിയ ബേബി സുജാതയാണ് ദാസേട്ടന്റെ തൊട്ടടുത്തു നിൽക്കാൻ എനിക്കാദ്യമായി ഭാഗ്യം തന്നത്, വേദിക്കു പിന്നിൽ സ്വതന്ത്രമായി കടന്നുചെല്ലാൻ അവസരമുണ്ടാക്കിയത്, വേദിയുടെ ഏറ്റവും മുന്നിലിരുന്നു യേശുദാസിനെ കേൾക്കാൻ സന്ദർഭം നൽകിയത്!

 

തിരുവനന്തപുരത്തു വന്നാൽ, സുജുവും അമ്മ ദേവിച്ചേച്ചിയും വഴുതക്കാട്ടെ ഞങ്ങളുടെ വീടായ ‘പറവൂർ ഹൗസി’ലാണു താമസിക്കുക. അവിടെവച്ചാണു പ്രാക്ടീസും തയാറെടുപ്പുകളുമൊക്കെ. ഒരിക്കൽ ദാസേട്ടനും ജയേട്ടനും (പി.ജയചന്ദ്രൻ) കെ.എസ്.ജോർജും സുജുവുമൊക്കെ പാടുന്നൊരു ഗാനമേള തിരുവനന്തപുരത്തു നിശ്ചയിച്ചിരുന്നു. സാമ്പത്തികകാര്യങ്ങളിലെ അനിശ്ചിതത്വം കാരണമാണെന്നു തോന്നുന്നു, ആ പരിപാടി നടന്നില്ല. രാത്രി എട്ടര കഴിഞ്ഞിട്ടും ഗാനമേള നടക്കുമോയെന്ന സംഭ്രമം എല്ലാവർക്കും. ഞാൻ പക്ഷേ, ഒരുപാടു സന്തുഷ്ടനായിരുന്നു. ജയേട്ടനെ ആദ്യമായി നേരിട്ടു കണ്ടത് അന്നാണ്. എന്റെ പ്രിയ അനിയത്തി ദാസേട്ടന്റെ കൂടെപ്പാടുന്നതു കേൾക്കാനും കാണാനും സാധിച്ചില്ലെന്ന നിരാശ ഒരു മാസത്തിനകം മാറി. അടുത്ത മാസം പുത്തരിക്കണ്ടം മൈതാനത്ത് ദാസേട്ടനൊപ്പം സുജു പാടി.

 

ആദ്യ വേദിയിൽ ഒപ്പം

 

എന്റെ ആദ്യ ഗാനവേദിയും സുജുവിന്റെ കൂടെയായിരുന്നു. തിരുവനന്തപുരം പ്രിയദർശിനി ഹാളിൽ ഞങ്ങളുടെ ഒരു ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട സംഗീതസായാഹ്നം. സുജു അഞ്ചിലും ഞാൻ ഏഴിലും പഠിക്കുന്നു. സുജു അന്നേ അതിപ്രശസ്തയാണ്. വിവാഹം കഴിക്കുന്ന ചേച്ചിയുടെ അടുത്ത ബന്ധുക്കളായ പത്മജയും ഗിരിജയും സദസ്സിലുണ്ട്. അവിടെനിന്ന് എനിക്കൊരു കുറിപ്പു കിട്ടി. ‘ചക്രവർത്തിനി... പാടാമോ?’. പത്മജച്ചേച്ചി കൊടുത്തുവിട്ട കുറിപ്പാണ്. അതേ സദസ്സിൽ എം.ജി.രാധാകൃഷ്ണൻ ചേട്ടനുമുണ്ട്. ചേട്ടൻ പത്മജച്ചേച്ചിയെ വിവാഹം കഴിക്കാൻ മോഹിച്ചു നടക്കുന്ന കാലം. താരഗായികയായ സുജുവിനൊപ്പം പാടിയ എനിക്ക് ആ സദസ്സിൽനിന്ന് ആദ്യമായൊരു ‘ആരാധിക’യെ കിട്ടി. രാധാകൃഷ്ണൻ ചേട്ടന്റെ സംഗീതത്തിൽ ഞാൻ ആദ്യമായി സിനിമയിൽ പാടുകയും ചെയ്തു.

 

പെരുമ്പാവൂർ രവിച്ചേട്ടൻ (പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്) സുജുവിനെ ആദ്യമായി പഠിപ്പിച്ച ആകാശവാണി ലളിതഗാനമാണ്‌ ‘യമുനേ സ്വരരാഗഗായികേ...’ . എന്റെ വീട്ടിൽ വന്നാണു പഠിപ്പിച്ചത്‌. സുജുവിനെ പഠിപ്പിച്ചു കഴിഞ്ഞപ്പോഴേക്ക്, കേട്ടുകേട്ട് ഞാനും ആ പാട്ടു ഹൃദിസ്ഥമാക്കി. ദേവരാജ് ശ്രീശൈലം രചിച്ച ആ ഗാനം പാടിയാണ് 1980ൽ കേരള സർവകലാശാല കലോത്സവത്തിലെ ലളിതഗാന മത്സരത്തിൽ ഞാൻ ആദ്യമായി ഒന്നാം സ്ഥാനം നേടുന്നത്. പിൽക്കാലത്തു രവിച്ചേട്ടൻ എന്റെ ഗുരുവും വഴികാട്ടിയുമൊക്കെയായി. പക്ഷേ, സുജു ഏറെയൊന്നും ശാസ്ത്രീയസംഗീതം പഠിച്ചില്ല എന്നതു മറ്റൊരു കൗതുകം.

 

പിന്നണിയിലും ഒന്നിച്ച്

 

ഞാൻ സിനിമയിൽ സജീവമായ കാലം, സുജു സിനിമയിൽനിന്നു മാറിനിന്ന കാലമായിരുന്നു. അന്നൊക്കെ മദ്രാസിൽ റിക്കോർഡിങ്ങിനു പോകുമ്പോൾ മിക്കപ്പോഴും സുജുവിന്റെ ലോയ്ഡ്സ് റോഡിലെ വീടായിരുന്നു വാസസ്ഥലം. തിരിച്ചുവരവിൽ സുജുവിന്റെ ബ്രേക്ക് ‘ചിത്ര’ത്തിലെ പാട്ടുകളായിരുന്നെങ്കിലും, ജോൺസേട്ടന്റെ ഈണത്തിൽ ഒരുങ്ങിയ കുറെയേറെ യുഗ്മഗാനങ്ങൾ ഞങ്ങൾക്കിരുവർക്കും നൽകിയ അവസരങ്ങൾ ചെറുതല്ല. പള്ളിത്തേരുണ്ടോ... (മഴവിൽക്കാവടി), തൂവൽ വിണ്ണിൻ മാറിൽ തൂവി... (തലയണമന്ത്രം), സ്വർഗങ്ങൾ സ്വപ്നംകാണും മണ്ണിൻ മടിയിൽ... (മാളൂട്ടി) എന്നിവയൊക്കെ കാതിലും മനസ്സിലും എന്നും മുഴങ്ങുന്ന ഡ്യുവറ്റുകളായി.

 

ദിലീപെന്ന അതിസമർഥനായ, വളർന്നുവരുന്ന സംഗീത സംവിധായകനെക്കുറിച്ച് എന്നോടാദ്യം പറയുന്നത് സുജുവാണ്. അന്നു ദിലീപ് പരസ്യസംഗീതരംഗത്തു പ്രവർത്തിക്കുകയാണ്‌. അക്കാലത്തു ഞാൻ പരസ്യചിത്രങ്ങളിൽ പാടാറില്ലായിരുന്നു. ആ ദിലീപ് പിൽക്കാലത്ത് എ.ആർ.റഹ്മാനായി! ‘പുതുവെള്ളൈ മഴൈ...’ (റോജ) പോലുള്ള പാട്ടുകളിലൂടെ റഹ്മാൻപാട്ടുകളിലെ നിറമഴയായി, സുജാത.

 

കേട്ടുകേട്ട് കൊതിയായി

 

അമ്മയാകാനായി വർഷങ്ങളോളം സുജു സിനിമവിട്ട് സാധാരണ കുടുംബിനിയായി. സുജുവിന്റെ പെരുമാറ്റത്തിലെ ഇമ്പം വർണിക്കുമ്പോൾ, ആരും അധികം പറയാറില്ലാത്തൊരു ഭാവമാണ് സുജുവിനൊപ്പം കുട്ടികളുടെ റിയാലിറ്റി ഷോയിൽ വിധികർത്താവായി ഇരിക്കുമ്പോൾ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ആ കുട്ടികൾക്കെല്ലാം ഒരമ്മതന്നെയായിരുന്നു സുജു. സുജുവിൽനിന്നു ശ്വേതയിലേക്കു പാട്ടുകാലം എത്തിയപ്പോൾ, അവൾക്കൊപ്പം പാടാനും എനിക്കു ഭാഗ്യമുണ്ടായി. ഇനി ശ്വേതയുടെ മകൾ ശ്രേഷ്ഠയ്ക്കൊപ്പം പാടണമെന്നത് മനസ്സിലുള്ളൊരു മോഹമാണ്.

 

അറുപതു പിന്നിടുമ്പോഴും തലമുറകൾ മുന്നോട്ടുവരുമ്പോഴും ഞാനും സുജുവും പഴയ കളിക്കൂട്ടുകാരാണ്. തിരുവനന്തപുരത്ത് എന്റെ വീട്ടിലും എറണാകുളം രവിപുരത്തെ സുജുവിന്റെ വീട്ടിലും ഞങ്ങൾ ഓടിക്കളിച്ചതും പാടിക്കളിച്ചതും എത്ര മധുരമുള്ള പ്രിയരാഗങ്ങൾ! എന്റെ കുഞ്ഞനുജത്തിക്ക് പിറന്നാൾ ആശംസ നേരുമ്പോൾ സുജു പാടിയ പാട്ട് ഞാൻ അൽപമൊന്ന്  മാറ്റിപ്പാടട്ടെ. ‘കേട്ടുകേട്ടു കൊതികൊണ്ടുനിന്ന കുയിലേ...’.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com