ഐ.വി.ശശി പറഞ്ഞു, രണ്ടും കൽപിച്ചിറങ്ങി ശ്യാമും ബിച്ചുവും; ചങ്കൂറ്റം കൊണ്ടു നടത്തിയ ഒന്നൊന്നര പാട്ട് പരീക്ഷണം!
Mail This Article
ചില പാട്ടുകള്‍ നമുക്ക് കൗതുകവും അദ്ഭുതവുമൊക്കെയാണ്. അതിന്റെ ചേരുവകളിലെ രസക്കൂട്ട് ചിലപ്പോള്‍ ഒരു പരീക്ഷണവുമായിരിക്കും. അത്തരത്തില്‍ വലിയ പരീക്ഷണങ്ങളൊന്നും നടക്കാതിരുന്ന മലയാള സിനിമ സംഗീതത്തില്‍ ഒരു ഒന്നൊന്നര പരീക്ഷണം നടന്നു. അതിനു മുന്‍പും ശേഷവുമൊന്നും അങ്ങനെയൊരു ചങ്കൂറ്റം കാണിക്കാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല എന്നതാണ് സത്യം. 1982ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത ‘സിന്ദൂര സന്ധ്യയ്ക്കു മൗനം’ എന്ന ചിത്രത്തില്‍ ബിച്ചു തിരുമല - ശ്യാം കൂട്ടുകെട്ടില്‍ പിറന്ന കേളിലോലം തൂവല്‍വീശും എന്ന പാട്ടാണ് ഇന്നും ആസ്വാദകര്‍ക്കു വിസ്മയമായി മാറുന്നത്.
വ്യത്യസ്ത രാഗങ്ങളിലുള്ള രണ്ടു പാട്ടുകള്‍ ഒരേ താളത്തില്‍ സംയോജിപ്പിച്ച അപൂര്‍വ സൃഷ്ടി. രണ്ടു പാട്ടുകള്‍ ഒരേ സമയം കാതുകളിലേക്ക് എത്തുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള അരോചകതയെ മറികടന്നത് ശ്യാം എന്ന സംഗീത സംവിധായകന്റെ പാടവം. രണ്ടു വരികള്‍ ഒന്നിച്ചു ചേരുമ്പോള്‍ വാക്കുകള്‍ കൂട്ടിയിടിച്ചുള്ള സ്‌ഫോടനം ഇല്ലാതെയാക്കിയത് ബിച്ചു തിരുമലയുടെ സൂക്ഷ്മമായ എഴുത്ത്. ഇങ്ങനെയൊരു ഗാനം സിനിമയിലേക്ക് എത്താന്‍ കാരണമായി മാറിയതാകട്ടെ ഐ.വി.ശശി എന്ന സംവിധായകനും.
നേപ്പാളിന്റെ പശ്ചാത്തലത്തില്‍ പറയുന്നൊരു സിനിമ. അവിടെ ബാറിനോടു ചേര്‍ന്നുള്ള ഡിസ്‌ക്കോ ഹാളില്‍ അരങ്ങേറുന്ന ഗാനം. ഇത്തരമൊരു സന്ദര്‍ഭത്തില്‍ വരുന്ന ഗാനത്തിന് എന്തെങ്കിലുമൊരു പുതുമ വേണമെന്ന നിര്‍ബന്ധം ആദ്യം മുതല്‍ തന്നെ സംവിധായകന്‍ ഐ.വി.ശശിക്കുണ്ടായിരുന്നു. സുന്ദരി സുന്ദരന്മാരുടെ പാട്ടും ബഹളുമൊക്കെ വന്നു പോകുന്ന വെസ്‌റ്റേണ്‍ ഗാനങ്ങളുടെ രുചിയുള്ള സ്ഥിരം ഫോര്‍മുല വേണ്ടെന്നും സംവിധായകന്‍ തീര്‍ത്തു പറഞ്ഞു. നിര്‍മാതാവ് വി.ബി.കെ.മേനോന്റെ മദ്രാസിലുള്ള ഫ്‌ളാറ്റിലാണ് പാട്ടുകളുടെ കമ്പോസിങ് നടക്കുന്നത്. ശ്യാം ആലോചനയിലേക്കു പോകും മുന്‍പ് ഐ.വി.ശശി മനസ്സിലുള്ളതു പങ്കുവച്ചു. 'നമുക്ക് ഒരേ സമയം രണ്ടു പാട്ടുകള്‍ രണ്ടു വ്യത്യസ്ത ഈണത്തില്‍ പാടി എടുക്കാം.' ശ്യാമിനതൊരു അമ്പരപ്പായി. ബിച്ചു തിരുമല ഒരു നിമിഷം മൗനത്തിലായി. 'പരീക്ഷണമാണെന്നറിയാം. എന്നാലും നമുക്ക് അങ്ങനെ തന്നെ ചെയ്യാം.' ശരിയാകുമോ എന്ന് ശ്യാം ചോദിക്കും മുന്‍പ് ഐ.വി.ശശിയുടെ മറുപടി വന്നു. കൂടുതലൊന്നും പറയാതെ ഐ.വി.ശശി മുറി വിട്ടിറങ്ങി.
'ശരിക്കും ഭയങ്കര ഡിഫിക്കല്‍റ്റ് സിറ്റുവേഷന്‍. ഇങ്ങനെയൊക്കെ ചെയ്യാന്‍ ഒരു സംവിധായകന്‍ തന്നെ പറയുന്നത് കേൾക്കാനായതിൽ വലിയ സന്തോഷം തോന്നി. ഞാനങ്ങനെ ചെയ്ത പാട്ടാണിത്,' സംഗീതസംവിധായകന്‍ ശ്യാം കേളിലോലം പിറന്ന ദിവസം ഓര്‍ത്തെടുത്തു. 'പരസ്പരം ചേര്‍ന്നു പോകുന്ന രണ്ടു വ്യത്യസ്ത ട്യൂണുകള്‍ വേഗത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. ബിച്ചു അതിലും വേഗത്തില്‍ പാട്ടെഴുതുകയും ചെയ്തു. ട്യൂണിനനുസരിച്ച് എന്റെ അടുത്തിരുന്ന് ബിച്ചു ഓരോ വരിയും എഴുതിയത് ഒരു ചിരിയോടെയാണ്. ഇതെങ്ങനെ വരും എന്ന ടെന്‍ഷന്‍ നന്നായി ബിച്ചുവിനുണ്ടായിരുന്നു. പിന്നീട് ശശി എത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടും ചേര്‍ന്നാണ് ആ പാട്ടുപാടി കേള്‍പ്പിച്ചത്. യേശുദാസ് പാടിയ ഭാഗമാണ് ഞാന്‍ പാടിയതെന്നാണ് എന്റെ ഓര്‍മ.'
'റെക്കോര്‍ഡിങ് സമയത്ത് പാടാനെത്തിയ യേശുദാസിനും ജാനകിക്കുമൊക്കെ ആകെ കണ്‍ഫ്യൂഷനായിരുന്നു. കേട്ടു കഴിഞ്ഞപ്പോഴാണ് അവര്‍ക്കും സന്തോഷമായത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. അന്ന് അങ്ങനെയൊക്കെ ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന്. ശശി തന്നൊരു ധൈര്യം വലുതായിരുന്നു. കുറേ വിമര്‍ശനങ്ങളും ഈ പാട്ടിന് കേട്ടിട്ടുണ്ട്. ഗാനമേളകളിലും അക്കാലത്ത് സ്ഥിരമായി ഈ പാട്ടുണ്ടായിരുന്നു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം,' ശ്യാം പറയുന്നു.