ഭാര്യയുടെ പേര് പാട്ടിൽ ചേർക്കാത്തതിനാൽ അവൾ പരിഭവം പറഞ്ഞു: മനു മഞ്ജിത്ത്

manu-manjith
SHARE

‘ഹിറ്റ് ഗാനങ്ങളുടെ രചയിതാവ്’ മനു മഞ്ജിത്ത് എന്ന പാട്ടെഴുത്തുകാരനെ അങ്ങനെ വിശേഷിപ്പിക്കാം. 2014-ൽ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിലെ ‘മന്ദാരമേ....’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ സംഗീത പ്രേമികളുടെ മനസ്സിൽ ചേക്കറിയതാണ് ഈ ഗാനരചയിതാവ്. പിന്നീട് ഒരുപിടി ഹിറ്റ് ഗാനങ്ങൾ ആ തൂലികയിൽ വിരിഞ്ഞു. പ്രണയം, വിരഹം, തമാശ എന്നിങ്ങനെ എല്ലാ തലത്തിലുമുള്ള ഗാനങ്ങൾ ഇതിനോടകം തന്നെ അദ്ദേഹം ചലച്ചിത്ര മേഖലയ്ക്കു സമ്മാനിച്ചു. കുഞ്ഞിരാമായണം, ജേക്കബിന്റെ സ്വർഗരാജ്യം, മോഹൻലാൽ, അരവിന്ദന്റെ അതിഥികൾ, ലവ് ആക്്ഷൻ ഡ്രാമ, ലൂക്ക, ജൂണ്‍, എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി അദ്ദേഹം ഗാനങ്ങൾ രചിച്ചു. നിരവധി ഹിറ്റ് ഗാനങ്ങൾ മലയാള ചലച്ചിത്ര മേഖലയ്ക്കു സമ്മാനിച്ച മനു മഞ്ജിത്ത് ഒരു ഡോക്ടർ ആണ്. മനു കയ്യൊപ്പ് ചാർത്തിയതിൽ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഹെലൻ, പൂഴിക്കടകൻ എന്നിവ. വളരെ അപ്രതീക്ഷിതമായാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നതെന്ന് അദ്ദേഹം പറയുന്നു. സംഗീത ജീവിതത്തിലെ വിശേഷങ്ങളുമായി മനു മഞ്ജിത്ത് മനോരമ ഓൺലൈനിനൊപ്പം. 

ഓരോ പാട്ടിനും ഓരോ ശൈലി

ഹെലനിലെ ഗാനം സാഹചര്യങ്ങൾക്കനുസരിച്ച് ഉളളതായിരുന്നു. ഹെലൻ ഫ്രീസറിൽ കുടുങ്ങി പോകുന്ന സമയത്തുളള പാട്ടാണത്. നായികയുടെയും അന്വേഷണ സംഘത്തിന്റെയും കാഴ്ചപ്പാടുകൾ ഉൾപ്പെടുത്തിയാണ് വരികളെഴുതിയത്. അത് കുറച്ചു പ്രയാസമായിരുന്നു. എങ്കിലും ഇത്തരം എഴുത്തുകളിലൂടെ ഉള്ളിലെ പ്രതിഭയെ പുറത്തേക്ക് കൊണ്ടു വരാൻ സാധിക്കും. അത് പുതിയൊരു അനുഭവമാണ്. വെറുതെ ഒരു പ്രണയ ഗാനവും ദു:ഖ ഗാനവും എഴുതുന്നതിന് അപ്പുറത്തേക്കുള്ള രസകരമായ സംഗതിയാണ് ഇത്തരം പാട്ടുകൾ. പൂഴിക്കടകനിൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എന്റെ അടുത്ത സുഹൃത്തായ രഞ്ജിത്ത് മേലേപ്പാട്ടാണ്. ഈ പാട്ടിലേക്ക് എത്തുന്നതിന് മുന്‍പ് രണ്ടോ മൂന്നോ പാട്ടുകൾ എഴുതി നോക്കി. എത്തരത്തിലുള്ള പാട്ടാണ് അനുയോജ്യമാവുക എന്നറിയാനായിരുന്നു അത്. അവസാനമാണ് ഈ ഗാനത്തിലേക്ക് എത്തിയത്. പളളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ആ നാടിന്റെ സന്തോഷം മുഴുവൻ ഉൾക്കൊളളുന്ന ഗാനമാണത്. 

തമാശ പാട്ടുകളുടെ രഹസ്യം

സാധാരണയായി പാട്ടുകൾ എഴുതി കഴിയുമ്പോൾ മോശമായിട്ടില്ല എന്നൊരു അഭിപ്രായം ഉള്ളിൽ തോന്നും. എന്നാൽ തമാശ രൂപത്തിലുള്ള ഗാനങ്ങൾ ശരിക്കും ഒരു പരീക്ഷണമാണ്. ഇത്തരം പാട്ടുകൾ സിനിമയുടെ സാഹചര്യവുമായി ചേർന്ന് നിൽക്കുമ്പോഴാണ് ഭംഗി. സിനിമയിലെ സാഹചര്യങ്ങൾ ഹാസ്യാത്മകമാകുമ്പോൾ മാത്രമേ അത്തരം ഗാനങ്ങൾക്ക് പ്രസക്തി ഉണ്ടാകു. ആ പാട്ടുകൾ പുറത്തിറങ്ങിയ ശേഷം പ്രേക്ഷകർ അത് ആസ്വദിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നും. ആ ഗാനങ്ങൾ സ്വീകരിക്കാനും തള്ളിക്കളയാനും സാധ്യത ഉണ്ട്. വളരെ റിസ്ക് എടുത്താണ് അവ ഒരുക്കുന്നത്. പക്ഷേ അത്തരത്തിലുള്ള പാട്ടുകൾ രചിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആ ഗാനങ്ങളിൽ ശബ്ദത്തിനും പ്രാസത്തിനും വലിയ പ്രാധാന്യമുണ്ട്. ‘കുഞ്ഞിരാമായണം’എന്ന ചിത്രത്തിലെ ‘തിരിച്ചെത്തുമോ വത്സ നാം കൊതിച്ചീടുമാ സൽസ....’ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടത് അതിന്റെ പ്രാസം കൊണ്ടാണ്. അതു പോലെ ‘ആട് 2’ എന്ന ചിത്രത്തിലെ ‘ഹാജി ഹസ്താൻ ഷാജി പാപ്പൻ...’ എന്ന വരികൾ ഒരു പരീക്ഷണാർഥം ചെയ്തതാണ്. യഥാർഥത്തിൽ ഇരുവരും തമ്മിൽ യാതൊരു ബന്ധവും ഇല്ല.   

വെല്ലുവിളിയായി തോന്നിയ ഗാനങ്ങൾ

ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘ഒരു മുത്തശ്ശി ഗദ’ എന്ന ചിത്രത്തിലെ ഗാനം മലയാളികൾ പാടുന്നത് പോലെ ആയിരിക്കണം എന്നും, എന്നാൽ പെട്ടന്ന് കേൾക്കുമ്പോൾ മലയാളത്തിൽ അല്ലെന്നു തോന്നുകയും വേണമെന്ന് പറഞ്ഞു. വരികൾ ശുദ്ധ മലയാളത്തിലാവുകയും വേണം. അങ്ങനെയാണ് ‘നാക്കിലെ പ്രാക്കുകൾ...’ എന്നു തുടങ്ങുന്ന ഗാനം രചിച്ചത്. ആ രചന അത്ര എളുപ്പമായിരുന്നില്ല. ‘ആട്’ എന്ന ചിത്രത്തിലെ ‘കൊടികയറണ പൂരം...’ വളരെ രസകരമായ രംഗത്തിനു വേണ്ടിയാണ് ആ ഗാനം എഴുതേണ്ടിയിരുന്നത്. എന്നാൽ പാട്ടിന് ഒരു ഊർജ്ജം ഉണ്ടായിരിക്കണം. അതു രണ്ടും സമന്വയിപ്പിച്ചു കൊണ്ടു പോകാൻ കുറച്ചു പ്രയാസമായിരുന്നു. ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന ഗാനം വളരെ വെല്ലുവിളിയായിരുന്നു. കാരണം പലരും പല വിധത്തിലാണ് മോഹൻലാലിനെ കാണുന്നത്. പ്രായമായവർ മകനായിട്ട് കാണുന്നു. യുവാക്കൾ എട്ടനായി കാണുന്നു. അങ്ങനെ പല തരത്തിലുള്ള ആളുകളുണ്ട്. അതെല്ലാം പാട്ടിലും വരണം. അത് ഒരു വെല്ലുലിളി ആയിരുന്നു. 

ഭാര്യയുടെ പരിഭവം

വീട്ടിൽ അമ്മ, അച്ഛൻ, ഭാര്യ, മകൾ, അനിയത്തി എന്നിവരാണ് ഉളളത്. അമ്മ സ്‌കൂൾ അധ്യാപികയും അച്ഛൻ ബാങ്ക് മാനേജറും ആയിരുന്നു. ഭാര്യ ഹിമ ആയുർവ്വേദ ഡോക്ടറാണ്. മകളുടെ പേര് പ്രണതി. കല്യാണി എന്നാണ് ഞങ്ങൾ വിളിക്കുന്നത്. അനിയത്തി എം ബി ബി എസ് കഴിഞ്ഞ് ഇപ്പോൾ പിജി ചെയ്യുന്നു. ‘ഒരു വടക്കൻ സെൽഫി’ എന്ന ചിത്രത്തിലെ ‘നീലാമ്പലിൻ...’ എന്ന പാട്ടിന്റെ എഴുത്തു പരിപാടികൾ നടക്കുന്ന സമയത്തായിരുന്നു എന്റെ കല്യാണം നിശ്ചയിച്ചത്. ഭാര്യയോട് രണ്ടു മൂന്നു വാക്കുകൾ പറഞ്ഞിട്ട് ഒരെണ്ണം തിരഞ്ഞെടുക്കാൻ പറഞ്ഞു. അവള്‍ ‘നീലാമ്പലിൻ’ എന്ന വാക്കെടുത്തു. അങ്ങനെ ഞാൻ ആ പാട്ടെഴുതി. ഓരോ പാട്ടും സിനിമയുടെ സാഹചര്യങ്ങൾ വച്ചാണല്ലോ എഴുതുന്നത്. അതു കൊണ്ട് അവൾക്കു വേണ്ടി പാട്ടെഴുതാൻ സാധിച്ചിട്ടില്ല. ‘ഹിമ’ എന്ന വാക്ക് എന്റെ ഗാനങ്ങളിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ല. അതിൽ അയാൾക്ക് ചെറിയ പരാതിയും ഉണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ‘നീ ഹിമ മഴയായ്....’ എന്ന ഗാനത്തിൽ അവളുടെ പേരുണ്ടായിരുന്നു. പക്ഷേ അതെഴുതിയത് ഹരിനാരായണൻ ആണല്ലോ. അതും പറഞ്ഞ് അവൾ പരിഭവപ്പെട്ടിരുന്നു.   

അപ്രതീക്ഷിതമായി സിനിമയിലെത്തി

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബമാണ് എന്റേത്. അതു കൊണ്ടു തന്നെ സിനിമയിൽ ഗാനരചയിതാവ് ആകുമെന്ന് ഒരിക്കലും വിചാരിച്ചിട്ടുമില്ല. സിനിമ മറ്റേതോ ഒരു ലോകത്തിൽ നടക്കുന്നു എന്ന കാഴ്ചപ്പാടായിരുന്നു വീട്ടുകാർക്ക്. സ്കൂൾ കാലം മുതൽ എഴുത്തിനോട് എനിക്ക് വളരെ താത്പര്യമായിരുന്നു. നാടകാഭിനയങ്ങളിലും സജീവമായിരുന്നു. അതിനൊക്കെ വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നു. കലാലയ ജീവിതത്തിന്റെ അവസാന സമയത്താണ് സിനിമയിലേക്ക് എത്തുന്നത്. ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് മിഥുൻ, ഹൈസ് സ്കൂളിൽ എന്റെ സീനിയർ ആയിരുന്നു. അവരുടെ സിനിമ വന്നപ്പോൾ യാദൃശ്ചികമായി എനിക്ക് പാട്ടെഴുതാൻ അവസരം കിട്ടി. ഡോക്ടർ ജോലി വിട്ട് സിനിമയിലേക്ക് പോകുമോ എന്ന ആശങ്ക കാരണം വീട്ടുകാർ ആദ്യം നിസഹകരണ മനോഭാവത്തിലായിരുന്നു. എന്നാൽ ജോലി മേഖലയിലെ പലരും എനിക്ക് പിന്തുണ നൽകി. ആദ്യ ഗാനം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ വീട്ടുകാരുടെ ആശങ്ക പതുക്കെ മാറി. വലിയ കലാകാരൻമാരുടെ ചിത്രത്തിൽ പാട്ടെഴുതുക എന്നത് വലിയ ഭാഗ്യമാണ്. ടൈറ്റിലിൽ പേരെഴുതി കാണിക്കുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. അതിലേറെ കൗതുകവും.  

കൂടുതൽ പാട്ടുകൾ ഷാൻ റഹ്മാനൊപ്പം

ആദ്യ ചിത്രം തന്നെ ഷാൻ ഇക്കയുടെ കൂടെയായിരുന്നു. പിന്നീടിങ്ങോട്ട് അദ്ദേഹത്തിനൊപ്പം പല പാട്ടുകൾ ചെയ്തു. അതു കൊണ്ട് തന്നെ കുറെ നല്ല പാട്ടുകളുടെ ഭാഗമാകാൻ സാധിച്ചു. ഗാന രചന വളരെ എളുപ്പത്തിൽ സംഭവിക്കുന്ന കാര്യമാണ്. ഓരോ സംഗീത സംവിധായകർക്കും ഓരോ ഗുണങ്ങളുണ്ട്. ഓരോരുത്തരുടെയും രീതികൾ തികച്ചും വ്യത്യസ്തമാണ്. അവർക്കൊപ്പം പ്രവർത്തിക്കുമ്പോൾ കഴിവുകളെ പൂർണമായും പുറത്തു കൊണ്ടു വരാൻ സാധിക്കും. പല തരത്തിൽ പാട്ടുകൾ ചെയ്തു നോക്കും. അത്തരത്തിൽ പാട്ടിൽ വിവിധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. 

ഇഷ്ടം ഏതിനോട്

ജോലി എന്താണെന്നു ചോദിച്ചാൽ ഞാൻ ഡോക്ടർ എന്നേ പറയു. അതാണെനിക്കിഷ്ടം. കാരണം സിനിമയെ എന്റെ തൊഴിൽ ആയി ഒരിക്കലും കണ്ടിട്ടില്ല. സിനിമയും പാട്ടും എനിക്ക് ഇഷ്ടമാണ്. ഈശ്വരാനുഗ്രം കൊണ്ട് നല്ല ഗാനങ്ങൾ പിറക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. തൊഴിൽ പരമായ തിരക്കുകൾക്കിടയിലും പാട്ടെഴുതാൻ സമയം കണ്ടെത്തുന്നത് അത് ഏറെ ഇഷ്ടമായതു കൊണ്ടാണ്. രണ്ടു മേഖലയും ഒരുമിച്ചു കൊണ്ടു പോകണമെന്നാണ് ആഗ്രഹം. അതു തന്നെയാണ് പ്രർഥന. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA