ADVERTISEMENT

ഈണമിട്ട് പാടി ഹിറ്റായ ആ പാട്ടു പോലെയാണ് ഉണ്ണി മേനോന്റെ പാട്ടുജീവിതം. ഒരു ചെമ്പനീർ പൂവിറുത്ത് നീട്ടിയില്ലെങ്കിലും സംഗീതാസ്വാദകരുടെ നിത്യഹരിത ഇഷ്ടങ്ങളിൽ ഒന്നാണ് ഉണ്ണി മേനോന്റെ ശബ്ദം. കൃത്യമായ ഓരോ ഇടവേളയിലും ആസ്വാദകരുടെ ഹൃദയത്തിൽ പതിയുന്ന മഴനീർതുള്ളിയായി ഉണ്ണി മേനോന്റെ പാട്ടുകളെത്തും. ഇത്തവണ യുവസംഗീതസംവിധായകൻ രഞ്ജിൻ രാജിന്റെ ഈണത്തിൽ പിറന്ന പ്രണയാർദ്ര ഗാനമാണ് ഉണ്ണി മേനോന്റെ ശബ്ദത്തിൽ ആരാധകരിലേയ്ക്കെത്തിയത്. നവാഗതനായ ശരത് ജി മോഹൻ സംവിധായനം ചെയ്യുന്ന കർണൻ നെപ്പോളിയൻ ഭഗത് സിങ് എന്ന ചിത്രത്തിലെ ആ ഗാനം സ്റ്റാറ്റസുകളായി സമൂഹമാധ്യമങ്ങളിലാകെ പറന്നു നടക്കുകയാണ്. 

നീയെന്റെ നിഴലായ്

പ്രാണന്റെയിതളായ്

വന്നെന്റെ ഉയിരിൽ തൊടൂ

പുതിയ പാട്ടിനെക്കുറിച്ചും രഞ്ജിൻ രാജിനൊപ്പമുള്ള അനുഭവത്തെക്കുറിച്ചും മനസു തുറന്ന് ഉണ്ണി മേനോൻ മനോരമ ഓൺലൈനിൽ. 

ഉണ്ണ്യേട്ടാ എതു ടൈപ്പ് പാട്ടു വേണം?

രഞ്ജിൻ രാജ് ഒരു ദിവസം എന്റെ വീട്ടിൽ വന്നിരുന്നു. ഞങ്ങളുടെ ഒരു കോമൺ സുഹൃത്തുമായി. ജോസഫ് നല്ല ഹിറ്റായി നിൽക്കുന്ന സമയമാണ്. രഞ്ജിന്റെ ഈണത്തിൽ ഒരു പാട്ട് ഞാൻ പാടണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഒന്നു പാടിത്തരണമെന്നു പറഞ്ഞു. എങ്ങനെയുള്ള പാട്ടുകൾ പാടാനാണ് ഉണ്ണി ചേട്ടനു താൽപര്യമെന്നു രഞ്ജിൻ ചോദിച്ചു. ഞാൻ പറഞ്ഞു, ഗായകൻ എന്ന നിലയിൽ ഏതു ടൈപ്പു പാട്ടു കിട്ടിയാലും പാടുക എന്നതാണല്ലോ എന്ന്. ഞാൻ വല്ലപ്പോഴും പാടുന്ന ആളാണ്. എന്റെ ലിമിറ്റേഷൻ വച്ചു കിട്ടുന്ന പാട്ടുകൾ നന്നായി പാടുക എന്നതാണ് ഞാൻ ചെയ്യാറുള്ളത്. അല്ലാതെ, ഒരു പ്രത്യേക തരത്തിലുള്ള പാട്ടു മാത്രമേ പാടൂ എന്നൊന്നും ഇല്ല. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ രഞ്ജിൻ എനിക്ക് ഈ പാട്ട് അയച്ചു തന്നു. പാടിയിട്ട് ആറേഴു മാസമായി. ഇപ്പോഴാണ് റിലീസ് ചെയ്തത്. ചെന്നൈയിലെ സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിങ്. അതു കേട്ട ഉടനെ ഞാൻ പറഞ്ഞു, നല്ല വൈബുള്ള പാട്ടാണല്ലോ എന്ന്! നന്നായി ദൃശ്യവൽക്കരിക്കുക കൂടി ചെയ്താൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന പാട്ടായി മാറുമെന്നും പറഞ്ഞിരുന്നു. ഇപ്പോൾ ഈ പാട്ടിന്റെ ലിറിക്കൽ വിഡിയോ മാത്രമേ വന്നിട്ടുള്ളൂ. അതിനു തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അധികം വൈകാതെ പാട്ടിന്റെ വിഡിയോ കൂടി പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. 

എല്ലാം ഒത്തു വന്ന പാട്ട്

വല്ലപ്പോഴുമാണ് നമുക്കൊരു ഹിറ്റ് സോങ് ലഭിക്കുന്നത്. പാട്ടുകൾ കുറെ പാടുന്നുണ്ടാകും. പക്ഷേ, അതു ജനങ്ങൾ ശ്രദ്ധിക്കാനും ഏറ്റെടുക്കാനുമുള്ളൊരു വിധി ചില പാട്ടിനെ കിട്ടുകയുള്ളൂ. ഒരു പാട്ടിന്റെ എല്ലാ ഘടകങ്ങളും എല്ലാവർക്കും ഇഷ്ടപ്പെടുന്നത് വളരെ ദുർലഭമാണ്. ഇതിലെ വരികൾ ആളുകൾക്ക് ഇഷ്ടമായി. ഹരിനാരായണൻ വളരെ ഭംഗിയായി എഴുതിയിട്ടുണ്ട്. ആ ഈണത്തിനും ഏറ്റവും ചേർന്നിരിക്കുന്ന വരികൾ! രഞ്ജിൻ ആ വരികൾ ട്യൂൺ ചെയ്തതാണോ എന്നു പോലും സംശയം തോന്നും. അത്രയും മനോഹരമാണ് അത്. എല്ലാം കൂടി ഒത്തു വന്ന പാട്ട്. ഒരു ചെമ്പനീരിന്റെയും മഴനീർത്തുള്ളിയുടെയുമൊക്കെ മേലെ ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു പാട്ടായി മാറി എന്നാണ് പലരും കമന്റ് ചെയ്യുന്നത്. അങ്ങനെയൊക്കെ ഒത്തുവരാൻ വലിയ പ്രയാസമാണ്. സിനിമയിൽ ഇപ്പോൾ പാട്ടു വേണ്ടെന്നാണ് പല സംവിധായകരും പറയുന്നത്. സിനിമയിൽ പാട്ട് ഒരു അവിഭാജ്യഘടകം അല്ലാതായി മാറിയിരിക്കുന്നു. അങ്ങനെയുള്ള സമയത്ത് ഇങ്ങനെയൊരു പാട്ടു ലഭിക്കാനും അത് ജനങ്ങൾക്ക് ഇഷ്ടപ്പെടാനും അവസരം ലഭിക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. 

മനപൂർവമല്ല ഇടവേളകൾ

ഇടവേളകൾ മനപൂർവമല്ല. ഞാനൊരിക്കലും ഒരു റെക്കോർഡിങ് ആർടിസ്റ്റ് എന്ന രീതിയിൽ തിരക്കുള്ള ആളായിരുന്നില്ല. വല്ലപ്പോഴും മാത്രമേ ഒരു പാട്ട് എന്നെ അന്വേഷിച്ചു വരാറുള്ളൂ. ഞാൻ പാട്ട് അന്വേഷിച്ചു പോകാറില്ല. എന്റെ ശബ്ദത്തിന് പറ്റുന്ന പാട്ട് എന്നെ അന്വേഷിച്ച് വരികയാണ് സാധാരണ സംഭവിക്കാറുള്ളത്. അന്നു മുതൽ ഇന്നു വരെയും അങ്ങനെയേ ഉണ്ടായിട്ടുള്ളൂ. ഇനിയും അങ്ങനെത്തന്നെയേ ഉണ്ടാകൂ. കാരണം, എനിക്ക് ഈ പാട്ടുകൾ അന്വേഷിച്ചു പോകുന്നത് വലിയ ചമ്മലുള്ള കാര്യമാണ്. ഞാൻ പാടിയാൽ നന്നാകും എന്നു കരുതി സംഗീതസംവിധായകർ നൽകുന്ന പാട്ടുകളാണ് ഞാൻ പാടിയിട്ടുള്ള അത്രയും പാട്ടുകൾ. കഴിഞ്ഞകൊല്ലം മാർക്കോണി മത്തായിയിലും ഗാനഗന്ധർവനിലും പാടി. അതു രണ്ടും നല്ല പാട്ടുകളായിരുന്നു. പക്ഷേ, വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സൂപ്പർഹിറ്റിലേക്ക് പോയില്ല. അതാണ് ഞാൻ പറയുന്നത്, ചില പാട്ടിനെ ആ വിധിയുള്ളൂ. അതൊരു വരമാണ്. വല്ലപ്പോഴും മാത്രം സംഭവിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com