ADVERTISEMENT

പുതിയ പാട്ടിനായി പാടാൻ ക്ഷണിച്ചതിനു ശേഷം സർപ്രൈസ് സന്ദർശനത്തിലൂടെ ഗായകനെ അമ്പരപ്പെടുത്തിയ സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ജീവിക്കാൻ വേണ്ടി മുച്ചക്രവാഹനം ഓടിക്കേണ്ടി വന്ന ഗായകൻ ഇമ്രാൻ ഖാനാണ് ഗോപി സുന്ദർ അപ്രതീക്ഷിത സമ്മാനം നൽകിയത്. ഗായകന്റെ സ്വദേശമായ കൊല്ലത്ത് എത്തിയ അദ്ദേഹം, സവാരിക്കായി ഇമ്രാന്റെ ഓട്ടോ വിളിച്ചു. പിന്നെ സാധാരണ യാത്രികനെപ്പോലെ പിൻസീറ്റിലിരുന്ന് അൽപ ദൂരം യാത്ര. വണ്ടി നിർത്തി പുറത്തിറങ്ങിയപ്പോൾ ഇമ്രാൻ യാത്രികന്റെ പേര് ആരാഞ്ഞു. ‘ഞാൻ ഗോപി സുന്ദർ’ എന്നു പറഞ്ഞ് ഹസ്തദാനം ചെയ്തപ്പോൾ ഗായകന്റെ കണ്ണും മനസ്സും നിറഞ്ഞു. വൈറലായ ഓട്ടോ സവാരിയുടെ ബാക്കി വിശേഷങ്ങൾ ഇനി ഗോപി സുന്ദർ തന്നെ പറയട്ടെ. 

നല്ല ശബ്ദമുള്ള മികച്ച ഗായകൻ

വളരെ മികച്ച ഗായകനാണ് ഇമ്രാൻ ഖാൻ. നല്ല ശബ്ദം. ആ ഗായകനെക്കൊണ്ട് എന്റെ പാട്ട് പാടിപ്പിക്കണമെന്ന്‌ ആഗ്രഹം തോന്നി. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ വച്ചാണ് എന്റെ പാട്ട് പാടാൻ അവസരം കൊടുക്കാമെന്ന് ഞാൻ ഇമ്രാനോടു പറഞ്ഞത്. കോവിഡ് കാലവും ലോക്ഡൗണും എല്ലാം അവസാനിക്കുന്ന നാളുകളിൽ പാട്ടൊരുക്കുമ്പോൾ പാടാൻ വിളിക്കുമെന്ന് അന്നു ഞാൻ പറഞ്ഞിരുന്നു. അങ്ങനെയാണ് ഇപ്പോൾ ഞാൻ ചിട്ടപ്പെടുത്തിയ പാട്ടിലേയ്ക്ക് ഇമ്രാൻ ഖാൻ എന്ന ഗായകനെ എത്തിച്ചത്.

സർപ്രൈസ് സവാരി

സർപ്രൈസുകൾ കൊടുക്കാൻ എനിക്ക് എന്നും ഇഷ്ടമാണ്. ചിന്തകൾക്ക് അപ്പുറമാം വിധത്തിലുള്ള സർപ്രൈസുകൾ സുഹൃത്തുക്കൾക്കൊക്കെ കൊടുത്തിട്ടുമുണ്ട്. ഇമ്രാൻ ഖാനെ വെറുതെ വിളിച്ച് പാടിപ്പിക്കുന്നതിനേക്കാളുപരിയായി ഒരു അപ്രതീക്ഷിത സന്ദർശനം നടത്തി വ്യത്യസ്തമായ രീതിയിൽ ക്ഷണിക്കാമെന്നു തീരുമാനിച്ചു. തികച്ചും യാദൃശ്ചികമായി എന്നെ കാണുമ്പോൾ ഉണ്ടാകുന്ന അദ്ദേഹത്തിന്റെ പ്രതികരണം ക്യാമറയിൽ പകർത്തി സൂക്ഷിക്കാമെന്നും പദ്ധതിയിട്ടു. ഒരു മൊമന്റ് ആയി എടുത്തുവയ്ക്കാൻ വേണ്ടി മാത്രമാണ് അത് ചിത്രീകരിച്ചത്. അനന്തു എന്നയാളാണ് ക്യാമറ കൈകാര്യം ചെയ്തത്. ഒരു ലൊക്കേഷൻ കാണാൻ പോകണം എന്നു പറഞ്ഞ് അനന്തുവാണ് ഇമ്രാൻ ഖാനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു വന്നത്. അങ്ങനെ യാത്രയ്ക്കിടെ ഇമ്രാൻ അറിയാതെ തന്നെ ദൃശ്യങ്ങൾ പകർത്തി. മാസ്കും തൊപ്പിയും ധരിച്ചതു കൊണ്ട് അദ്ദേഹത്തിന് എന്നെ തിരിച്ചറിയാനും സാധിച്ചില്ല. 

ആ സ്ഥലവും ഇമ്രാൻ എന്ന ഗായകനും

ഓട്ടോറിക്ഷയിൽ കയറി അൽപദൂരം സഞ്ചരിച്ചതിനു ശേഷം വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയപ്പോഴാണ് ഞാൻ ഹസ്തദാനം ചെയ്ത് സംസാരിച്ചത്. അത് ഒരു പള്ളിയുടെ മുൻഭാഗത്തായിരുന്നു. ആ സ്ഥലവും പള്ളിയും ഇമ്രാൻ ഖാന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ടത്രേ. ഇമ്രാന്റെ പിതാവിനെ അടക്കം ചെയ്തിരിക്കുന്നത് ആ പള്ളിയിലാണ്. ഇമ്രാൻ ആദ്യമായി പാടിയതും ആ പള്ളിയെക്കുറിച്ചാണ്. മാത്രവുമല്ല, ആ പള്ളിയുടെ എതിർ വശത്ത് ഒരു ചായക്കടയുണ്ട്. അതിന്റെ ഉടമ സവാദ് എന്നയാളെയും കണ്ടു ഞാൻ സംസാരിച്ചു. ഇമ്രാൻ ആദ്യമായി പാടിയത് സവാദ് സംഗീതം കൊടുത്ത പാട്ടാണ്. ആ സ്ഥലവും ഇമ്രാന്റെ ജീവിതവും തമ്മിൽ അത്രയേറെ ബന്ധമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അപ്രതീക്ഷിതമായാണ് അവിടെ വണ്ടി നിർത്തിച്ചതും പുറത്തിറങ്ങി സംസാരിച്ചതും. ഇമ്രാൻ ഖാന് വലിയ ദൈവാനുഗ്രഹം ഉണ്ടെന്നത് തീർച്ചയാണ്. 

പാട്ട് ഉടനെത്തും

പാട്ടിന്റെ റെക്കോർഡിങ് ആരംഭിച്ചു. എന്റെ സ്റ്റുഡിയോയിൽ വച്ചു തന്നെയാണ് റെക്കോർഡിങ്. ബി.കെ.ഹരിനാരായണനാണ് പാട്ടിനു വേണ്ടി വരികളൊരുക്കിയത്. ഉടൻ തന്നെ ഗാനം ആസ്വാദകരിലേയ്ക്കെത്തും. പാട്ട് ചിത്രീകരിച്ചതിനു ശേഷമാണ് റിലീസ് ചെയ്യുന്നത്. ഞാൻ തന്നെയാണ് ഷൂട്ട് ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com