ADVERTISEMENT

സ്ത്രീപ്രാതിനിധ്യം കുറവായ മലയാള സിനിമാഗാനരചനാ രംഗത്ത് പുതിയ ഉയരങ്ങൾ തേടുകയാണ് സാജിത മൊയ്തീൻ എന്ന പാട്ടെഴുത്തുകാരി. ശ്രേയ ജയദീപ് പാടിയ അലൈ കുതിക്കിത് മേഘത്തെ തൊടാ എന്ന ഹിറ്റ് പാട്ടിന്റെ വരികൾ സാജിതയുടേതാണ്. നാടകകൃത്തായ സതീഷ് കെ. സതീഷ്, ഡോ. എപിജെ അബ്ദുൽ കലാമിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ഡോക്യു ഫിക്‌ഷനിലേതാണ് ഗാനം. യൂട്യൂബിൽ ഇരുപതുലക്ഷം കാഴ്ചക്കാരെ നേടി തരംഗമായ ഗാനം സാജിതയ്ക്ക്  മലയാള സിനിമയിലേക്കും വാതിൽ തുറന്നു. 

സാജിത പാട്ടെഴുതിയ മൂന്നു സിനിമകൾ റിലീസ് ചെയ്യാനിരിക്കുകയാണ്. ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ എടുത്ത ‘501 ഡേയ്‌സ്’ എന്ന സിനിമയില്‍ മൂന്നു പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ‘ഒരു പരീക്ഷണ കഥ’, ‘സെന്‍റ് ലാദന്‍’ എന്നീ സിനിമകളിലും പാട്ടെഴുതി. തമിഴിൽ റിലീസ് ചെയ്യാനിരിക്കുന്ന ഉ‘ന്നൈ നാന്‍ നേസിക്കലാമാ’ എന്ന സിനിമയിലെ ‘പായും നദിയായ്’ എന്ന ഗാനവും സാജിതയുടേതാണ്. പേരിടാത്ത മൂന്ന് ചിത്രങ്ങളിൽ നിന്ന് കൂടി ക്ഷണമുണ്ടെന്ന് സാജിത .

അട്ടപ്പാടിയിലാണ് സാജിതയുടെ വീട്. അട്ടപ്പാടിയിലെ നരസിമുക്കെന്ന ഗ്രാമം. ഉള്ളില്‍ പാട്ട് ഒഴുകിയ കുട്ടിക്കാലം. തമിഴും മലയാളവും പാടുന്ന റേഡിയോ, ഇല്ലായ്മകളും വല്ലായ്മകളും ഏറെയുണ്ടായിരുന്നു. എങ്കിലും ചട്ടക്കൂടിന് പുറത്തുള്ളൊരു ലോകം സ്വപനം കണ്ട പെണ്‍കുട്ടി. അവള്‍ കവിതകളെഴുതി, ചിത്രം വരച്ചു. പഠിച്ച അഗളി സ്‌കൂളിൽത്തന്നെ അധ്യാപികയായി. ‘പാട്ടെഴുത്തോ, ഞാനോ!’ എന്ന വിസ്മയത്തോടെയാണ് ആദ്യ ഗാനം എഴുതിയെതെന്ന് സാജിത പറയും. എന്നാൽ വിസ്മയം തീരും മുമ്പേ പാട്ട് അതേപടി ഏറ്റെടുത്തിരുന്നു സംവിധായകന്‍. 

അധ്യാപനത്തിന്‍റെ ഭാഗമായി ഒരു ചെറുകഥ മലയാളത്തിലേക്ക് തര്‍ജമ ചെയ്തിരുന്നു. ഇതാണ് സാജിതയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഈ കഥ കാണാനിടയായ സതീഷ്  കെ. സതീഷ് അതിന്‍റെ നാടകാവിഷ്‌ക്കാരം എഴുതാന്‍ ആവശ്യപ്പെട്ടു. എഴുത്ത് ഇഷ്ടമായ അദ്ദേഹം പിന്നീട് പാട്ടെഴുത്തിലേക്കും വിളിച്ചു. അബ്ദുൽ കലാമിന്‍റെ കുട്ടിക്കാലം, കടലോരം. അവിടെ കളിക്കുന്ന കുട്ടികള്‍ ഇങ്ങനെയൊരു സന്ദർഭത്തിനു വേണ്ട പാട്ടെഴുതണമെന്നായിരുന്നു ആവശ്യം. അങ്ങനെയാണ് ആദ്യത്തെ പാട്ടുണ്ടായത്. നന്ദു കര്‍ത്തായുടെ സംഗീതസംവിധാനത്തില്‍ ശ്രേയ പാടിയ പാട്ട് വന്‍ഹിറ്റായി. ഇതോടെയാണ് ഒരു എഴുത്തുകാരി ഉള്ളിലുണ്ടെന്ന് സാജിതയും വീട്ടുകാരും നാട്ടുകാരുമെല്ലാം അറിയുന്നത്. 

ഗുരുവായൂരില്‍ ഉപേക്ഷിക്കപ്പെട്ട അമ്മമാരെക്കുറിച്ച് ഡോക്യുമെന്‍ററി, ദുരഭിമാനക്കൊലയെക്കുറിച്ചു ടെലിഫിലിം എന്നിവയും ചെയ്തിട്ടുളള സാജിതയ്ക്ക് പാട്ടെഴുത്തിൽ മാത്രമല്ല, തിരക്കഥ, സംവിധാനം എന്നിവയിലും താത്പര്യമുണ്ട്. ഒരു നല്ല പാട്ടെഴുത്തുകാരിയായി വളരണമെന്നാണ് ആഗ്രഹം. പണ്ടു സ്‌കൂളില്‍ ഒരു സംവാദത്തിന് ഒന്നാം സമ്മാനമായി കിട്ടിയ പുസ്തകത്തിലെ വരികള്‍ എന്നും പ്രചോദനമാണ്. സാറാജോസഫിന്‍റെ ‘ആലാഹയുടെ പെണ്‍മക്കളാ’യിരുന്നു  സമ്മാനം. അത്  കൈമാറിയ കവയിത്രി സുഗതകുമാരി ഇങ്ങനെ കുറിച്ചിരുന്നു: ധീരയാവുക, ശക്തയാവുക... എന്നും വഴി നടത്തുന്ന ഊര്‍ജമാണ് ആ വാക്കുകള്‍. ഇത്രയൊക്കെ വന്നത് ആകസ്മികമായാണ്. ഇനിയും അങ്ങനെ തന്നെയാവുമെന്നു പ്രതീക്ഷിക്കുകയും കാത്തിരിക്കുകയുമാണ് സാജിത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com