ADVERTISEMENT

മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ സൂപ്പർ ഫോറിന്റെ വിധികർത്താക്കളിലൊരാളായി എത്തിയതോടെ മലയാളികളുടെ പ്രിയ ഗായിക ജ്യോത്സ്ന രാധാകൃഷ്ണന് ആരാധകർ ഒരു വിളിപ്പേരിട്ടു, 'ജോ ബേബി'! ഗായികയുടെ പാട്ടു പോലെ വർത്തമാനവും പൊട്ടിച്ചിരിയും തഗ് മറുപടികളും പ്രേക്ഷകരും ആഘോഷിക്കാൻ തുടങ്ങി. സെലിബ്രിറ്റി താരത്തിളക്കത്തിനപ്പുറം ഏറ്റവും പരിചയമുള്ള കൂട്ടുകാരിയായി കൂടി ജ്യോത്സ്ന മാറുകയായിരുന്നു. പാട്ടു മാത്രമല്ല അത്യാവശ്യം അഭിനയവും വേണ്ടി വന്നാൽ ഡാൻസും തനിക്ക് വഴങ്ങുമെന്ന് പലപ്പോഴും സൂപ്പർ ഫോർ വേദിയിൽ ജ്യോത്സ്ന തെളിയിച്ചിട്ടുണ്ട്. 

 

സൂപ്പർ ഫോർ സീസൺ 2 സീനിയേഴ്സിന്റെ ഫൈനൽ വേദിയിൽ ജാസി ഗിഫ്റ്റിന്റെ തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ എന്ന ഫാസ്റ്റ് നമ്പറിന് ജ്യോത്സ്ന കാഴ്ച വച്ച ഗംഭീര പ്രകടനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പാട്ടു പോലെ സൂപ്പറാണ് ജോ ബേബിയുടെ നൃത്തവുമെന്നാണ് ആരാധകരുടെ കമന്റ്. സത്യത്തിൽ പാട്ടിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ഡാൻസ് അതിൽ മുങ്ങിപ്പോയതെന്നാണ് ഈ ഡാൻസ് ഇഷ്ടത്തെക്കുറിച്ചു ചോദിച്ചപ്പോൾ ജ്യോത്സ്നയുടെ മറുപടി. സൂപ്പർ ഫോർ വേദിയിലെ വൈറൽ ഡാൻസിനെക്കുറിച്ചും ചെറുപ്പം മുതൽ മനസിൽ സൂക്ഷിക്കുന്ന നൃത്താഭിരുചിയെക്കുറിച്ചും ഇതാദ്യമായി മനോരമ ഓൺലൈനിൽ ജ്യോത്സ്ന മനസ്സു തുറക്കുന്നു. 

 

ഡാൻസ് എന്നും ഇഷ്ടം

 

സൂപ്പർ ഫോർ സീനിയേഴ്സിന്റെ ഫൈനലിൽ ഡാൻസ് ചെയ്യേണ്ടി വരുമെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല. ഷൂട്ടിന് ചെന്നപ്പോഴാണ് വിധികർത്താക്കളുടെ ഇൻട്രോ ഡാൻസിലൂടെയാണെന്ന് അറിഞ്ഞത്. എനിക്ക് സത്യത്തിൽ ‍ഡാൻസ് ചെയ്യാൻ വലിയ ഇഷ്ടമാണ്. അത്യാവശ്യം കുറച്ചു പഠിച്ചിട്ടുമുണ്ട്. പക്ഷേ, ഡാൻസ് ചെയ്യാനുള്ള ഒരു അവസരം ഉണ്ടായിട്ടില്ല. പ്ലസ്ടു ആയപ്പോഴേക്കും ഞാൻ പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്നിരുന്നു. പിന്നെ പ്രഫഷനൽ ഗായികയായി. അപ്പോൾ പിന്നെ ഡാൻസിന് സാധ്യതയില്ലല്ലോ! വീട്ടിൽ കസിൻസിനൊപ്പം ചേരുമ്പോൾ എന്തെങ്കിലും ഡാൻസ് പരിപാടികൾ ഉണ്ടെങ്കിൽ കൊറിയോഗ്രഫി ചെയ്യാനൊക്കെ ഞാനാകും മുമ്പിൽ!   

 

കൂട്ടുകാർക്കു മുമ്പിൽ എന്തു ചമ്മൽ?

 

സൂപ്പർ ഫോറിലെ വേദിയിൽ നന്നായി ആസ്വദിച്ചാണ് ഞാൻ ഡാൻസ് ചെയ്തത്. ഡാൻസെല്ലാം കൊറിയോഗ്രഫി ചെയ്യുന്നത് സജ്ന മാസ്റ്റർ ആണ്. പൊതുവെ അവിടെ ഒരു പൊസിറ്റീവ് വൈബ് ആണ്. ടീമിലുള്ളത് നമ്മുടെ സുഹൃത്തുക്കൾ തന്നെയാണ്. അതുകൊണ്ട് മടി തോന്നില്ല. സീനിയേഴ്സ് ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ പണി പാളിയേനെ! ഇതെല്ലാം ചെയ്യാൻ ചെറിയൊരു മടിയോ ചമ്മലോ തോന്നുമല്ലോ! പക്ഷേ, അവിടെ ഇരിക്കുന്നത് വിധു, സിത്തു, റിമി, മിഥുൻ ഒക്കെയാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയതുകൊണ്ട് അങ്ങനെയൊരു മടി വിചാരിക്കില്ല. അങ്ങനെയാണ് ഡാൻസ് ചെയ്തത്. ഇത്ര നല്ല അഭിപ്രായങ്ങൾ വരുമെന്ന് അറിഞ്ഞിരുന്നില്ല. പിന്നെ, പൊതുവെ വിഡിയോയുടെ കമന്റുകൾ നോക്കാൻ എനിക്ക് പേടിയാണ്. ഞാൻ ആ ഭാഗത്തേക്കു തന്നെ പോകില്ല. 

 

അന്നത്തെ ഡാൻസിന് പിന്നിലെ കഥ

 

അന്നത്തെ ഡാൻസിനു പിന്നിൽ വേറൊരു കഥയുണ്ട്. ആ ഷൂട്ടിന്റെ ദിവസം ഞാനെന്തോ മൂഡ് ഓഫ് ആയിരുന്നു. ഗ്രാൻഡ് ഫിനാലെ ആയതുകൊണ്ട് അന്ന് ഷൂട്ടിന് നേരത്തെ എത്തണമായിരുന്നു. തിരക്കു പിടിച്ച് ഇറങ്ങിയപ്പോൾ ഞാൻ ഫോണെടുക്കാൻ മറന്നു. വീട്ടിൽ നിന്നിറങ്ങി സ്റ്റുഡിയോ എത്താറായപ്പോഴാണ് ഫോൺ എടുത്തിട്ടില്ലെന്ന് തിരിച്ചറിയുന്നത്. പിന്നെ, വണ്ടി തിരിച്ച് വീണ്ടും വീട്ടിൽ പോയി ഫോണെടുത്തു വന്നപ്പോഴേക്കും നേരം വൈകി. തിരക്കു പിടിച്ചാണ് തയാറായത്. അതിനിടയിലാണ് ഡാൻസ് കൂടി ചെയ്യണമെന്ന് അറിഞ്ഞത്. പക്ഷേ, ഒരു കാര്യമുണ്ട്. നമ്മൾ മൂഡ് ഓഫ് ആയി ഇരുന്നാലും നല്ലൊരു പാട്ടു വച്ച് രണ്ട് സ്റ്റെപ്പ് ചെയ്താൽ നമ്മുടെ സകല പ്രശ്നങ്ങളും അവിടെ തീരും. ഈ ഡാൻസിന്റെയും പാട്ടിന്റെയും ശക്തി അതാണ്. ഹീലിങ് പവർ (healing power) ഉള്ള കലാരൂപങ്ങളാണ് നൃത്തവും സംഗീതവും. ശരിക്കും അത് ഞാനന്ന് അനുഭവിച്ചു. ആ ഡാൻസ് പെർഫോമൻസ് ചെയ്തതും മൂഡ് ഓഫ് മാറി ഞാൻ ഓകെ ആയി. സൂപ്പർ ഫോർ ജൂനിയേഴ്സിന്റെ ഗ്രാൻഡ് ഫിനാലെയിലും ഡാൻസ് ചെയ്തിട്ടുണ്ട്. ഞങ്ങൾ നാലു പേരും ഒരുമിച്ചൊരു പെർഫോമൻസാണ് അത്. ഉടനെ അതു സംപ്രേഷണം ചെയ്യും. വാത്തി കമിങ് എന്ന പാട്ടിനാണ് ഞങ്ങൾ പെർഫോം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com