ADVERTISEMENT

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ജയ ഹേ. ചിത്രത്തിലെ ‘എന്താണിത് എങ്ങോട്ടിത്’, ‘ജയജയ ഹേ’ എന്നീ ഗാനങ്ങൾ ചിത്രമിറങ്ങുന്നതിനു മുൻപു തന്നെ വൈറൽ ആയിരുന്നു. വുൾഫ്, തല, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങളിലെ ഏറെ വ്യത്യസ്തമായ ഗാനങ്ങളുമായി സംഗീതത്തിൽ പുതുവഴികൾ തീർത്ത അങ്കിത് മേനോൻ ആണ് ആകാംഷയുണർത്തുന്ന ഈ ഗാനങ്ങൾക്ക് ഈണമിട്ടത്.  ചിരിയും ചിന്തയുമുണർത്തി തിയറ്റർ കയ്യടക്കുന്ന ഹിറ്റ് ചിത്രത്തിന്റെ സംഗീത വഴികള്‍ പറഞ്ഞ് അങ്കിത് മേനോൻ മനോരമ ഓൺലൈനിനൊപ്പം

 

ജയ ജയ ജയ ജയ ജയ ഹേ ഒരു മ്യൂസിക്കൽ സിനിമ 

 

ജയ ജയ ജയ ജയ ജയഹേ ഒരു മ്യൂസിക്കൽ സിനിമയാണ്. ചിത്രത്തിനു വേണ്ടി പാട്ടുകളൊരുക്കാന്‍ തുടങ്ങിയപ്പോൾ ഇത്രയും പാട്ടുകൾ പദ്ധതിയിട്ടിരുന്നില്ല. സിനിമ ഷൂട്ട് കഴിഞ്ഞിട്ടും പാട്ട് ചെയ്തിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ ഞാൻ പിന്നണി പ്രവർത്തകർക്കൊപ്പമുണ്ട്. ഷൂട്ടിങ്ങും സംഗീതം ചെയ്യലും ഒരേ സമയം നടക്കുകയായിരുന്നു. സീൻ പുരോഗമിക്കുന്നതിനനുസരിച്ച് അവിടെ എന്തു വേണം, എന്തു മാറ്റം വരുത്തണം എന്നൊക്കെ തീരുമാനിക്കാൻ കഴിഞ്ഞു.  ആദ്യം മുതൽ ഒപ്പമുണ്ടായിരുന്നതു കൊണ്ട് സിനിമയുടെ മുഴുവൻ മൂഡ് മനസ്സിലാക്കി സംഗീതം ചെയ്യാൻ സാധിച്ചു. വിപിൻ ചേട്ടന്റെ മനസ്സിൽ പാട്ടിലൂടെ കഥയും പറയുക എന്ന ഐഡിയ ഉണ്ടായിരുന്നു.

 

വരികൾ പ്രധാനം

 

ചിത്രത്തിനു വേണ്ടി മൂന്ന് പേരാണ് പാട്ടുകൾ എഴുതിയിരിക്കുന്നത്. മനു മഞ്ജിത്, വിനായക് ശശികുമാർ, ശബരീഷ് വർമ്മ. ഈണത്തേക്കാൾ വരികൾക്കു പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഓരോ സിറ്റുവേഷന് അനുസരിച്ചാണ് വരികൾ എഴുതിയത്. പൂർണമായും ആക്ഷേപഹാസ്യം ആയതുകൊണ്ട് വരികളിൽ കൂടി ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. കാണുമ്പോൾ തമാശ ആണെങ്കിലും വലിയൊരു കഥ സിനിമയ്ക്കുള്ളിലുണ്ടെന്നതാണ് യാഥാർഥ്യം. പാട്ടുകൾക്ക് ഈണമിട്ടതിനു ശേഷമാണ് വരികൾ എഴുതിയത്.

 

പ്ലാൻ ചെയ്യാത്ത പാട്ടുകൾ

 

ജലക്ക് റാണി എന്ന പാട്ട് ആദ്യമേ തീരുമാനിച്ചിരുന്നെങ്കിലും ഷൂട്ടിങ് തുടങ്ങിയതിനു ശേഷമാണ് കൂടുതൽ ഭാഗങ്ങൾ ട്യൂൺ ചെയ്തത്. അതൊരു ചെറിയ പാട്ടാണെങ്കിലും സിനിമയുടെ സ്വഭാവത്തെ തുറന്നു കാണിക്കുന്ന പാട്ടുകൂടിയാണ്. ക്‌ളൈമാക്‌സിലെ പാട്ട് അവസാനമാണ് കമ്പോസ് ചെയ്തത്. പുള്ളുവൻ പാട്ടിന്റെ ഒരു സെഗ്മെന്റ് ഉണ്ടായിരുന്നു. അത് തിരക്കഥയിൽ ഉണ്ടായിരുന്നതല്ല. അതു പിന്നീട് ലൈവ് ആയി റെക്കോർഡ് ചെയ്തതാണ്.

 

സിനിമയോടു നീതി പുലർത്തണം, പാട്ടുകൾ

 

സിനിമയിലെ സംഗീതം സിനിമയ്ക്കു പിന്തുണയായി നിൽക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പാട്ടുകൾ തനിയെ കേൾക്കുമ്പോൾ ആസ്വാദ്യകരമായിരിക്കണം. പക്ഷേ ആ പാട്ടിന്റെ ഉദ്ദേശ്യം സിനിമയിലെ ആ രംഗത്തോടു നീതി പുലർത്തണം. ആളുകൾക്ക് സിനിമ ഇഷ്ടപ്പെട്ടാൽ പാട്ടും അതിനോടൊപ്പം ജനം സ്വീകരിക്കും. ജയ ജയ ജയ ജയ ജയ ഹേയിലെ പാട്ടിനു പുതിയ തരത്തിലുള്ള സൗണ്ടിങ്ങും ഫ്ളേവറുമാണ്. പ്രേക്ഷകർ ആ പുതിയ ഫ്ളേവർ സ്വീകരിക്കുന്നതും ആസ്വദിക്കുന്നതും കാണുമ്പോൾ സംതൃപ്തിയുണ്ട്.

 

പശ്ചാത്തല സംഗീതം

 

ആദ്യം പ്ലാൻ ചെയ്തതു പോലെ തന്നെയാണ് പശ്ചാത്തലസംഗീതം ചെയ്തത്. പിന്നീട് സാഹചര്യത്തിനനുസരിച്ചു മാറ്റം വരുത്തിയിട്ടുമുണ്ട്. പാട്ടും പശ്ചാത്തല സംഗീതവും ഒരുപോലെ തന്നെയിരിക്കണം മൊത്തത്തിൽ ഒരൊറ്റ പാട്ട് കേൾക്കുന്ന ഫീൽ ഉണ്ടാകണം. അതുപോലെ പാട്ടുകൾ ബാക്ക്ഗ്രൗണ്ട് സ്കോർ പോലെ തോന്നണം. ആദ്യം സംഗീതമൊരുക്കിയിട്ട് പിന്നീട് സീൻ വച്ച് എഡിറ്റ് ചെയ്യുകയായിരുന്നു. ഡയലോഗ് അനുസരിച്ച് ഈണത്തിലും പിന്നീട് മാറ്റം വരുത്തി.

 

നല്ല കഥയോടൊപ്പം നിൽക്കാൻ താല്പര്യം 

 

ഞാൻ സമയം കൂടുതൽ എടുത്ത് സംഗീതം ചെയ്യുന്ന ആളാണ്. പെട്ടെന്ന് വേണമെന്നു പറഞ്ഞാൽ എനിക്കു പ്രയാസമാണ്. നല്ല കഥയും നല്ലൊരു കഥപറച്ചിലുകാരനും ആണെങ്കിൽ അവരോടൊപ്പം ജോലി ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. ജയ ജയ ജയ ജയ ജയ ഹേ എന്ന സിനിമയും പാട്ടുകളും ശ്രദ്ധിക്കപ്പെടുന്നതു കാണുമ്പോൾ സന്തോഷമുണ്ട്. ഇത് കൂട്ടായ്മയുടെ വിജയമാണ്.

 

 

English Summary: Interview with music director Ankit Menon on Jaya Jaya Jaya Jaya Hey movie songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com