ചർച്ചയുടെ ആവശ്യമില്ല, എനിക്ക് ഇഷ്ടമുള്ള എല്ലാ വസ്ത്രവും ഞാൻ ധരിക്കും: അഭയ ഹിരൺമയി
Mail This Article
ഖൽബില് തേനൊഴുക്കുന്ന ‘കോയിക്കോടൻ’ പാട്ടുമായി ആസ്വാദകമനസ്സുകളിലേക്കു മധുരം നിറച്ച് കടന്നുവന്നതാണ് അഭയ ഹിരൺമയി. ഇപ്പോൾ ഒമർ ലുലുവിന്റെ ‘നല്ല സമയം’ വരെ എത്തി നിൽക്കുന്നു ഗായികയുടെ പാട്ടുജീവിതം. പാട്ടിൽ മാത്രമല്ല, ഫാഷനിലും തിളങ്ങുകയാണ് അഭയ. അതൊടൊപ്പം ഫിറ്റ്നസ് നിലനിർത്തുന്നതിലും ഗായിക ശ്രദ്ധാലുവാണ്. നിരന്തരം വർക്കൗട്ട് ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്ന അഭയ പലപ്പോഴും ആരാധകരെ അതിശയിപ്പിക്കുന്നു. അഭയയുടെ പാട്ടിനൊപ്പം ഫിറ്റ്നസും വസ്ത്രധാരണരീതിയും ഫോട്ടോഷൂട്ടുമെല്ലാം ചർച്ച ചെയ്യപ്പെടാറുണ്ട്. പാട്ടിനപ്പുറമുള്ള തന്റെ ഇഷ്ടമേഖലകളാണ് ഇവയെല്ലാമെന്നു പറയുകയാണ് അഭയ. മനോരമ ഓൺലൈലിനു നൽകിയ അഭിമുഖത്തിൽ അഭയ ഹിരൺമയി മനസ്സു തുറക്കുന്നു.
പാട്ടിൽ മാത്രമല്ല ഫാഷനിലും ശ്രദ്ധേയയാണ്. മോഡലിങ് രംഗത്തു സജീവമാകുമോ?
അടിസ്ഥാനപരമായി ഞാൻ ഗായികയാണ്. ബാക്കിയെല്ലാം ചെയ്യുന്നത് അവയോടുള്ള എന്റെ താൽപര്യം കൊണ്ടാണ്. ഒരു കാര്യം മാത്രമേ ചെയ്യൂ എന്നൊന്നുമില്ല. പാട്ടിനൊപ്പം മറ്റെന്തു വന്നാലും ചെയ്യുന്നതിൽ എനിക്കൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. മോഡലിങ് രംഗത്തു സജീവമാകുമോയെന്നു ചോദിച്ചാൽ എനിക്കറിയില്ല. എന്റെ അടുത്ത് എത്തുന്ന കാര്യങ്ങളിൽ എനിക്കു താൽപര്യമുണ്ടെങ്കിൽ ഞാൻ നോ പറയാറില്ല. എനിക്ക് കംഫർട്ടബിൾ ആണെങ്കിൽ ഞാൻ ഫോട്ടോഷൂട്ടുകൾ ചെയ്യും.
ഫിറ്റ്നസ് മെയിന്റയിൻ ചെയ്യുന്നത് എങ്ങനെയാണ്?
വർക്കൗട്ട് തുടങ്ങിയിട്ട് 5 വർഷമേ ആയിട്ടുള്ളു. മുടങ്ങാതെ വ്യായാമം ചെയ്യാറുണ്ട്. ഭക്ഷണം വളരെ ശ്രദ്ധിച്ചു മാത്രമേ കഴിക്കൂ. എങ്കിലും എന്റെ ഇഷ്ടങ്ങൾ മാറ്റി വയ്ക്കാറില്ല. ഇഷ്ടമുള്ളതെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് വളരെ ബാലൻസ്ഡ് ആയി ആഹാരം കഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഭക്ഷണം ആയാലും ഫിറ്റ്നസ് ആയാലും അമിതമായി ശ്രദ്ധിക്കാറില്ല എന്നതാണു സത്യം. സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കാൻ കഴിയുന്ന രീതിയിൽ ആണ് ഞാൻ എല്ലാം ചെയ്യുന്നത്. രണ്ടുമാസം നന്നായി ഡയറ്റ് ചെയ്‌താൽ പിന്നെയുള്ള മാസങ്ങൾ ഞാൻ കഴിക്കുന്ന ഭക്ഷണം ബാലൻസ് ചെയ്തുകൊണ്ടുപോകാൻ നോക്കും.
വർക്കൗട്ട് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ?
ഫിറ്റ്നസ് നിലനിർത്തുക എന്നത് നമ്മോടും നമ്മുടെ ശരീരത്തോടുമുള്ള പ്രതിബദ്ധതയാണ്. അതിന് എനിക്ക് ഏറ്റവും നല്ലൊരു പരിശീലകനെ കിട്ടിയിട്ടുണ്ട്. ജിം ട്രെയ്‌നറായ അജീഷ്. ആര്യ ദയാൽ, ശബരീഷ് പ്രഭാകർ തുടങ്ങിയവർ എനിക്കൊപ്പം വർക്കൗട്ട് ചെയ്യുന്നുണ്ട്. ഞങ്ങളുടെയെല്ലാം ഫിറ്റ്നസ് നോക്കുന്നത് അജീഷ് ആണ്. ഞങ്ങളുടെ ആത്മാർഥതയുടെ മൂന്നിരട്ടി ആത്മാർഥത അദ്ദേഹത്തിനുള്ളതു കൊണ്ടാണ് ഞങ്ങൾ ഫിറ്റ്നസ് നിലനിർത്തിക്കൊണ്ടു പോകുന്നത്. സ്റ്റേജ് ഷോകൾക്കും മറ്റുമായി ഞങ്ങൾ ഒരുപാട് യാത്രകൾ ചെയ്യാറുണ്ട്. അതിനിടയിൽ ഫിറ്റ്നസ് നിലനിർത്തുകയെന്നതു വലിയ ബുദ്ധിമുട്ടാണ്. പല സ്ഥലത്തുനിന്നും പലതരത്തിലുള്ള ആഹാരമാണു കിട്ടുക. അതുപോലെ പല രാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ സംസ്കാരത്തിന്റെ ഭാഗമായ തനത് ഭക്ഷണങ്ങൾ മിസ് ചെയ്യാൻ കഴിയില്ല. അതൊക്കെ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുമ്പോൾ അജീഷ് ഉള്ളതുകൊണ്ടാണ് ഞങ്ങൾക്കു ശരിയായ മാർഗനിർദേശം ലഭിക്കുന്നതും ഫിറ്റ്നസ് നിലനിർത്താൻ സാധിക്കുന്നതും.
ആഹാരശീലങ്ങൾ?
ഞാൻ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കാറുണ്ട്. ശരിയായ ആഹാരക്രമീകരണം ചെയ്യുന്ന സമയത്ത് വർക്കൗട്ട് ചെയ്യുന്നതിനു മുന്നേ ഒരു പഴം കഴിക്കും. തിരിച്ചു വന്നിട്ട് രാവിലെ രണ്ടു മുട്ടയുടെ വെള്ളയും ഒരു കാപ്പിയും അല്ലെങ്കിൽ മുട്ടയും ചീരയും കൂടിയുള്ള ഒരു ഡിഷ് ഉണ്ടാക്കി കഴിക്കും. ഉച്ചയ്ക്ക് ചിക്കൻ കഴിക്കും അല്ലെങ്കിൽ അമ്മ മീൻ പൊള്ളിച്ചു തരാറുണ്ട്. രാത്രി സാലഡ്, മുട്ട അല്ലെങ്കിൽ ചിക്കൻ. എന്നും ഒരേ ഭക്ഷണം കഴിക്കുമ്പോൾ മടുപ്പ് തോന്നുമല്ലോ. അതുകൊണ്ട് പലതരത്തിലുള്ള ആഹാരമാണു കഴിക്കുക. സോയാബീൻ കഴിക്കാറുണ്ട്. നന്നായി വെള്ളം കുടിക്കും.
വസ്ത്രധാരണത്തിന്റെ പേരിലുള്ള വിമർശനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
വസ്ത്രധാരണത്തിന്റെ പേരിലുള്ള വിമർശനങ്ങൾ ചർച്ചയ്ക്ക് എടുക്കേണ്ട കാര്യമുണ്ടെന്നു പോലും എനിക്കു തോന്നിയിട്ടില്ല. കാരണം വസ്ത്രധാരണം ഓരോരുത്തരുടെയുിം ചോയ്‌സ് ആണ്. വിമർശനങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. അതൊക്കെ കേട്ട് അസഹിഷ്ണുത തോന്നിയാൽ പിന്നെ അതിനു മാത്രമേ നേരമുണ്ടാകൂ. ഒരാൾ ധരിക്കുന്ന വസ്ത്രം കാണുമ്പോൾ ഓരോരുത്തർക്കും ഒരോ തരം അഭിപ്രായം ആയിരിക്കും ഉണ്ടാവുക. മറ്റുള്ളവർ എന്തു പറയുന്നു എന്നതു ഞാൻ ശ്രദ്ധിക്കാറില്ല. അതൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലുമല്ല.
നാടൻ വേഷത്തിലും മോഡേൺ വേഷത്തിലും അഭയയെ കാണാറുണ്ട്. ഏതാണ് ഇഷ്ടമുള്ള വസ്ത്രധാരണ രീതി?
എനിക്ക് എല്ലാ വസ്ത്രങ്ങളും വസ്ത്രധാരണ രീതിയും ഇഷ്ടമാണ്. എല്ലാത്തരത്തിലുള്ള വസ്ത്രങ്ങളും ഞാൻ ധരിക്കാറുമുണ്ട്. എനിക്ക് എല്ലാ വസ്ത്രവും ഇണങ്ങുമെന്നാണു ഞാൻ വിശ്വസിക്കുന്നത്. സാരി കിട്ടിയാൽ ധരിക്കും. അല്ലാതെ സാരിയോട് അമിതമായ ഇഷ്ടമൊന്നുമില്ല. ടോപ് ബോട്ടം ഒന്നായിട്ടുള്ള വൺ പീസ് ഡ്രസ്സ് ഇടുന്നതാണ് എനിക്ക് ഏറ്റവും സുഖകരമായി തോന്നിയിട്ടുള്ളത്. എന്റെ സൗകര്യത്തിന് അനുസരിച്ചാണ് ഞാൻ വസ്ത്രധാരണം നടത്താറുള്ളത്. ധരിച്ചാൽ ഭംഗിയുണ്ട് എന്നു തോന്നുന്ന എല്ലാ വസ്ത്രങ്ങളും എനിക്ക് ഇഷ്ടമാണ്.
യാത്രകൾക്കായി സമയം മാറ്റി വയ്ക്കാറുണ്ടോ?
യാത്രകൾ ചെയ്യാറുണ്ട്. സത്യം പറഞ്ഞാല്‍ യാത്ര എന്നത് ഒരു ഭാഗ്യമാണ്. നമ്മൾ പ്ലാൻ ചെയ്യുന്നതുപോലെ ചിലപ്പോൾ നടക്കണമെന്നില്ല. പ്ലാൻ ചെയ്യുന്ന യാത്രകള്‍ പല കാരണങ്ങളും കൊണ്ട് മുടങ്ങാറുണ്ട്. ചിലപ്പോൾ ഒരു പ്ലാനുമില്ലാത്ത സമയത്ത് പെട്ടെന്നു തോന്നിയിട്ട് യാത്ര പോകാറുമുണ്ട്. യാത്ര ചെയ്യുമ്പോൾ മനസ്സ് ഫ്രഷ് ആകും. ജോലിക്കു വേണ്ടിയും ആത്മസംതൃപ്തിക്കു വേണ്ടിയും ഒരുപാട് യാത്രകൾ ചെയ്യാറുണ്ട്.
കോവിഡനന്തര സ്റ്റേജ്ഷോ അനുഭവങ്ങൾ?
എല്ലാ സ്റ്റേജ് ഷോകളും ഒരേ തരത്തിലുള്ള അനുഭവങ്ങളാണ് എനിക്കു തന്നിട്ടുള്ളത്. നേരിട്ട് പരിപാടി അവതരിപ്പിക്കാൻ കഴിയുന്ന, പ്രേക്ഷക പ്രതികരണം അപ്പോൾ തന്നെ കിട്ടുന്ന ഒരു പ്ലാറ്റ്ഫോം ആണ് സ്റ്റേജ്. അതുകൊണ്ടു തന്നെ സ്റ്റേജ് ഷോ ചെയ്യുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. കോവിഡ് കാരണം മുടങ്ങിക്കിടന്ന സ്റ്റേജ് ഷോകൾ മടങ്ങി വന്നു. ഇപ്പോൾ വീണ്ടും സ്റ്റേജിൽ പാടാൻ സാധിക്കുന്നതു വലിയ സന്തോഷം തരുന്ന കാര്യമാണ്.
കുടുംബവിശേഷം?
അമ്മ ലതിക മോഹൻ സംഗീത അധ്യാപികയാണ്. അമ്മ ഇതുവരെ കുടുംബജീവിതത്തിൽ വളരെ തിരക്കിലായിരുന്നു. ഇപ്പോഴാണ് എനിക്കൊപ്പം പ്രോഗ്രാമിനു വരുന്നതും പാടുന്നതുമൊക്കെ. അമ്മ എപ്പോഴും പാട്ട് പരിശീലിക്കുകയും ക്ലാസുകൾ എടുക്കുകയും ചെയ്യുമായിരുന്നു. അനുജത്തിക്ക് സിനിമയും സംഗീതവുമായി ബന്ധമില്ല. അവൾ അവളുടേതായ കരിയർ കണ്ടെത്തി. അവൾ സംഗീതാസ്വാദകയും വിമർശകയുമൊക്കെയാണ്. പക്ഷേ സംഗീതലോകത്തേക്കു വന്നിട്ടില്ല.