അപ്രതീക്ഷിതമായി വന്ന അവസരം, ഹൃദയങ്ങളെ പാട്ടിലാക്കി റാനിയ ഹനീഫ്; വഴിതെളിച്ചത് അഫ്സൽ യൂസഫ്

afzal-raniya
SHARE

സംഗീതസംവിധായകൻ അഫ്സൽ യൂസഫ് ഈണം പകർന്ന ‘പോയ് വരാം, പ്രതീക്ഷയും തരാതെ പോയി നീ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. വടകര സ്വദേശിനിയായ റാനിയ ഹനീഫ് ആണ് ഈ ഗാനം ആലപിച്ചത്. ചെറുപ്പം മുതൽ സംഗീതത്തെ കൂടെക്കൂട്ടിയ റാനിയ എന്നും കലോത്സവങ്ങളിൽ താരമായിരുന്നു. വലിയ സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച റാനിയയുടെ മാതാപിതാക്കളും മുത്തച്ഛനുമെല്ലാം ഗായകരാണ്. ഇൻസ്റ്റഗ്രാമിൽ സജീവമായ റാനിയയുടെ പാട്ടുകൾ കേട്ടാണ് അഫ്സൽ യൂസഫ് ‘പോയ് വരാം’ എന്ന ഗാനം ആലപിക്കാൻ ഈ യുവഗായികയെ തിരഞ്ഞെടുക്കുന്നത്. പുത്തൻ പാട്ട് വിശേഷങ്ങളുമായി റാനിയ മനോരമ ഓൺലൈനിനൊപ്പം. 

‌അപ്രതീക്ഷിതമായി വന്ന ഭാഗ്യം 

ഇൻസ്റ്റഗ്രാമിൽ ഞാൻ സജീവമാണ്. അതുവഴിയാണ് അഫ്സൽ യുസഫ് സർ എന്റെ പാട്ട് കേൾക്കുന്നതും പിന്നീട് ഫോൺ വിളിച്ച് ‘പോയ് വരാം’ എന്ന ഈ പാട്ട് പാടാൻ അവസരം നൽകിയതും. അഫ്സൽ സർ ഈണമിട്ട പാട്ടിനു വരികളെഴുതിയത് കവിപ്രസാദ്‌ ഗോപിനാഥ്‌ ആണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പാട്ടാണ് ‘പോയ് വരാം’. അഫ്സൽ സാറിന്റെ പാട്ട് പാടിയത് പുതിയ അനുഭവമായിരുന്നു. ആദ്യമായി എന്റെ പാട്ട് യൂട്യൂബിൽ റിലീസ് ചെയ്തതിലും മികച്ച പ്രതികരണങ്ങൾ കിട്ടിയതിലും വലിയ സന്തോഷമുണ്ട്.   

ആദ്യ ഗുരു ഉമ്മ

വടകരയാണ് എന്റെ സ്വദേശം. ഓർമവച്ചകാലം മുതൽ ഞാൻ പാട്ടുപാടാറുണ്ട്. ബാപ്പയും ഉമ്മയും നന്നായി പാടും. ഉമ്മയാണ് എന്റെ ആദ്യ ഗുരു. ചെറുപ്പം മുതൽ പാട്ടുകൾ പഠിപ്പിച്ചു തന്നത് ഉമ്മയാണ്. എന്റെ ഉപ്പുപ്പാ ഗസൽ ഗായകൻ ആയിരുന്നു. അമ്മാവന്മാരും മികച്ച ഗായകർ തന്നെ. കുടുംബത്തിൽ ഒരുപാട് ഗായകരുണ്ട്. 

പഠനത്തിനു മുൻ‌തൂക്കം 

നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചു. പിന്നീട് പഠനത്തിൽ ശ്രദ്ധ ചെലുത്താൻ വേണ്ടി സംഗീതപഠനം നിർത്തി.  പഠനത്തിനാണ് എപ്പോഴും മുൻ‌തൂക്കം നൽകുന്നത്. ഇംഗ്ലിഷ് ലിറ്ററേച്ചറിൽ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞു. ഇപ്പോൾ ബിഎഡിന് പഠിക്കുകയാണ്. 

കലോത്സവങ്ങളിൽ സജീവം 

സ്കൂൾ കാലഘട്ടം മുതൽ കലോത്സവങ്ങളിൽ പങ്കെടുക്കുമായിരുന്നു. ചെറിയ ക്ലാസ് മുതൽ ജില്ലാ സംസ്ഥാന കലോത്സവങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.  കോളജിൽ പഠിക്കുമ്പോഴും കലോത്സവങ്ങളിൽ പങ്കെടുക്കുമായിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഗസലിലും പാശ്ചാത്യ സംഗീതത്തിലും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS