ADVERTISEMENT

ബാബു ആന്റണി നായകനായെത്തുന്ന ‘ദ് ഗ്രേറ്റ്‌ എസ്‌കേപ്പ്’ എന്ന ചിത്രത്തിലെ ‘ടേക്ക് യു ഡൗൺ മഹിയ’ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകഹൃദയം കീഴടക്കുകയാണ്. സുനിധി ചൗഹാൻ ആലപിച്ച ഗാനത്തിന് ഈണം പകർന്നത് വിനീത് ശ്രീനിവാസനൊപ്പം ‘ജിമിക്കി കമ്മൽ’ പാടി ശ്രദ്ധ നേടിയ രഞ്ജിത് ഉണ്ണിയാണ്. സംഗീതജ്ഞരായ കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ എന്നിവരുടെ പ്രിയശിഷ്യനായ രഞ്ജിത്ത് കെജിഎഫ്, പൊന്നിയിൻ സെൽവൻ എന്നീ സിനിമകളിലെ ഗാനങ്ങളിലും സ്വരസാന്നിധ്യമായിട്ടുണ്ട്. പുത്തന്‍ പാട്ടുവിശേഷങ്ങളുമായി രഞ്ജിത് ഉണ്ണി മനോരമ ഓൺലൈനിനൊപ്പം. 

 

ദ് ഗ്രേറ്റ് എസ്‌കേപ്പിലേക്ക്

 

പ്രോംപ്റ്റ് എന്റർടൈന്റ്‌മെന്റിന്റെ പ്രൊപ്രൈറ്റർ ജോൺ ഡബ്ലിയു വര്‍ഗീസ് ആണ് എനിക്ക് ദ് ഗ്രേറ്റ് എസ്‌കേപ്പിലേക്ക് അവസരം തന്നത്. അദ്ദേഹത്തിനു യുഎസിൽ ഒരു റേഡിയോ ചാനൽ ഉണ്ട്. അതിനുവേണ്ടി ഞാനൊരു ജിംഗിൾ ചെയ്തിരുന്നു. ജോൺ സർ വിളിക്കുന്ന സമയത്ത് സംഗീതസംവിധാനം കാര്യമായി ചെയ്യണമെന്നു കരുതിയിരിക്കുകയായിരുന്നു. സിനിമയുടെ സംവിധായകൻ സന്ദീപുമായി സംസാരിച്ചു. യുഎസിൽ നടക്കുന്ന സിനിമയാണ്. അവിടെയുള്ള ഉത്തരേന്ത്യക്കാരുടെ ഇടയിൽ നടക്കുന്ന ഒരു ആഘോഷത്തിൽ ഒരു ഐറ്റം സോങ് വേണമെന്നാണ് എന്നോടു പറഞ്ഞത്. എനിക്ക് അധികം പരിചയമില്ലാത്ത വിഭാഗം ആയതുകൊണ്ട് ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ ഉണ്ടാക്കിയ ട്യൂൺ അവർക്ക് ഇഷ്ടപ്പെട്ടു. ഈ പാട്ട് ചെയ്യുമ്പോൾ തന്നെ സുനിധി ചൗഹാൻ ഇത് പാടുന്നതാകും നല്ലതെന്ന് എന്റെ മനസ്സിൽ തോന്നി. നിർമാതാക്കളും അക്കാര്യം സമ്മതിച്ചതോടെ സുനിധി ചൗഹാനെ സമീപിച്ചു. മുംബൈയിൽ വച്ചായിരുന്നു റെക്കോർഡിങ്. പാട്ട് ഒരുപാടിഷ്ടമായെന്നു സുനിധി ചൗഹാൻ പറഞ്ഞത് വലിയ അംഗീകാരമായി തോന്നി. എം.എം.മാനസിയാണ് പാട്ടിന്റെ തമിഴ് പതിപ്പ് പാടിയത്. 

 

സംഗീതസംവിധാനം ആദ്യമല്ല 

 

2016 ൽ ആണ് ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്നത്. ഒരു ആൽബത്തിൽ പാടാൻ വിളിച്ചിട്ട് അതിന്റെ സംവിധായകൻ സംഗീതം ചെയ്തു നോക്കൂ എന്നു പറഞ്ഞു. എനിക്കു പാടാനായിരുന്നു താൽപര്യം, പക്ഷേ അതിനുള്ള അവസരം ലഭിച്ചില്ലെങ്കിൽ പഠിച്ച കലയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന ഖേദം തോന്നരുത് എന്ന് കരുതിയിട്ടാണ് സംഗീതം ചെയ്യാനുള്ള ഓഫർ വന്നപ്പോൾ നിരസിക്കാതിരുന്നത്. അങ്ങനെ എന്റെ സംഗീതത്തിൽ ‘അൻപെൺഡ്രാലെ അമ്മ’ എന്ന ആൽബം പുറത്തിറങ്ങി. 2017 ൽ ആണ് വിനീത് ശ്രീനിവാസനൊപ്പം ‘ജിമിക്കി കമ്മൽ’ പാടുന്നത്. അത് ഒരുപാട് പേര്‍ കേൾക്കുകയും ജനപ്രിയമാവുകയും ചെയ്തു. മകന്റെ ഒന്നാം പിറന്നാളിനൊടനുബന്ധിച്ച് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്ന് ‘സ്വരമധുരം’ എന്ന പേരിൽ പാട്ടൊരുക്കി. കൂടാതെ ഏതാനും ചില ഭക്തിഗാനങ്ങളും ദേശാഭിമാന ഗാനവും ചെയ്തു.

 

പിന്നണിയിലേക്ക് 

 

കുഞ്ചാക്കോ ബോബൻ നായകനായ ‘ഡോക്ടർ ലവ്’ എന്ന ചിത്രത്തിലെ ‘നന്നാവൂല്ലാ’ എന്ന ഗാനം പാടിയാണ് ഞാൻ പിന്നണി ഗാനശാഖയിലേക്കെത്തുന്നത്. പിന്നീട് ഓൺ ദ് വേ, അച്ചായൻസ്, ശിക്കാരി ശംഭു തുടങ്ങിയ സിനിമകളിലും പാടി. കമലഹാസൻ സാറിന്റെ ഉത്തമവില്ലൻ എന്ന സിനിമയിൽ പാടിക്കൊണ്ടായിരുന്നു തമിഴിൽ അരങ്ങേറ്റം കുറിച്ചത്. കെജിഎഫ് ഒന്നാം ഭാഗത്തിന്റെ മലയാളം, തമി,ഴ് ഹിന്ദി എന്നീ മൂന്നു ഭാഷകളിലും ഭാഗമായി.  പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിൽ ഒരു പാട്ടിലും ആലാപനത്തിൽ പങ്കുചേർന്നു.

 

ജിമിക്കി കമ്മൽ തന്ന ഭാഗ്യം

 

ഞാൻ എന്ന ഗായകനെ ആസ്വാദകർക്കു പരിചയപ്പെടുത്തിയത് ‘ജിമിക്കി കമ്മൽ’ പാട്ടാണ്. രഞ്ജിത് ഉണ്ണി എന്നൊരു ഗായകൻ ഉണ്ടെന്ന് സംഗീതലോകത്തും ആളുകൾക്കു മനസ്സിലായത് ആ പാട്ടിലൂടെയാണ്. എവിടെ പോയാലും ജിമിക്കി കമ്മലിലൂടെയാണ് ഞാൻ അറിയപ്പെടുന്നത്. ലോകത്ത് എല്ലായിടത്തും ആ പാട്ട് എത്തിച്ചേർന്നിട്ടുണ്ട്. അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനം പാടാൻ കഴിഞ്ഞതു വലിയ ഭാഗ്യമാണ്.

 

എന്നുമെപ്പോഴും സംഗീതം

 

കലാഭവൻ ആബേൽ അച്ചന്റെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഞാൻ ആദ്യമായി സംഗീതം പഠിക്കാൻ ചേർന്നത്. ആദ്യഗുരു, ഷംസുദീൻ മാസ്റ്റർ. ജോൺസൺ മാസ്റ്ററുടെ ‘ശ്യാമാംബരം’ എന്ന പാട്ടാണ് ഞാൻ ആദ്യമായി പാടി കേൾപ്പിച്ചത്. സംഗീതത്തിൽ ഭാവിയുണ്ട് എന്ന് അദ്ദേഹം അന്നേ പറഞ്ഞിരുന്നു. പിന്നീട് ചെന്നൈയിൽ പോയി. അഡയാർ മ്യൂസിക് കോളജിൽ ഇസൈ കലൈ മണി എന്ന കോഴ്സ് ചെയ്തു. സംഗീതസംവിധായകൻ ആകുമ്പോൾ പല വിഭാഗത്തിലുള്ള ഗാനങ്ങളും ചെയ്യണമല്ലോ. എനിക്ക് ചെയ്യാൻ കൂടുതൽ എളുപ്പം മെലഡി സെമി ക്ലാസ്സിക്കൽ ഒക്കെയാണ്. ഫാസ്റ്റ് നമ്പേഴ്സും ചെയ്യാറുണ്ട്. എല്ലാ തരം പാട്ടുകളും ചെയ്യണമെന്നാണ് ആഗ്രഹം. ഒരു തമിഴ് സിനിമയ്ക്കും സംഗീതം ചെയ്തിട്ടുണ്ട്. ‘പരുന്താകിത് ഊർ കുരുവി’ എന്നാണ് സിനിമയുടെ പേര്. അതിൽ മൂന്ന് പാട്ടുകൾ ചെയ്തു. നിഷാന്ത് റൂസോ ആണ് അതിലെ നായകൻ.

 

കടപ്പാട് ഗുരുക്കന്മാരോട് 

 

എന്റെ ഗുരുക്കന്മാരായ കൃഷ്ണകുമാർ സർ, ബിന്നിച്ചേച്ചി എന്നിവരോട് എന്നും കടപ്പെട്ടിരിക്കുന്നു.എന്നെ സ്വന്തം മകനെപ്പോലെയാണ് അവർ കാണുന്നത്. എന്റെ മാതാപിതാക്കളെക്കാൾ കൂടുതൽ ഞാൻ അവരുടെ അടുത്താണ് സമയം ചിലവഴിച്ചിട്ടുള്ളത്. ബിന്നി കൃഷ്ണകുമാർ ചേച്ചിയുടെ പിറന്നാളിന് ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതി ഞാൻ ഒരു സംസ്‌കൃത കീർത്തനം ചെയ്തിരുന്നു. ശ്വേതാ മോഹനും വേറെ 21 പേരുമടങ്ങുന്ന ഒരു ഗായക സംഘം ആണ് ആ പാട്ട് പാടിയത്. പാട്ടിനോട് കൂടുതൽ ഇഷ്ടം തോന്നാൻ കാരണം തന്നെ നമ്മുടെ ആരാധ്യരായ സംഗീതജ്ഞരാണ്. മുഹമ്മദ് റഫി, കിഷോർ കുമാർ, യേശുദാസ് സർ, എസ്പിബി സർ, ഹരിഹരൻ സർ, ചിത്രച്ചേച്ചി, സുജാത ചേച്ചി, ലത മങ്കേഷ്‌കർ, ആശാ ഭോസ്‌ലെ, ജാനകിയമ്മ, സുശീലാമ്മ തുടങ്ങിയ ഗായകരും ഡോ.എം.ബാലമുരളീകൃഷ്ണ, രാജ സർ, രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ, ബാബുരാജ് മാസ്റ്റർ, വിദ്യാസാഗർ സർ, റഹ്മാൻ സർ തുടങ്ങിയ സംഗീതജ്ഞന്മാരും എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഗുരുക്കന്മാരുടെയും മാതാപിതാക്കളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എല്ലാം സ്നേഹവും അനുഗ്രഹവും ആവോളമുള്ളതുകൊണ്ടാണ് എനിക്ക് ഈ അവസരങ്ങളെല്ലാം കിട്ടുന്നതെന്നാണു വിശ്വാസം.

 

English Summary: Interview with Renjith Unni on The Great Escape movie song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com