ADVERTISEMENT

വിചിത്രമായ പേരുകൊണ്ട് റിലീസിന് മുൻപ് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് വിനയ് ഫോർട്ട് നായകനായെത്തിയ ‘സോമന്റെ കൃതാവ്’. കുട്ടനാട്ടിലെ സാധാരണക്കാരുടെ കഥ പറഞ്ഞെത്തിയ ചിത്രം നവാഗതനായ രോഹിത് നാരായണൻ ആണ് സംവിധാനം ചെയ്തത്. കുട്ടനാടിന്റെയും നെടുമുടിയുടെയും ഗ്രാമീണഭംഗി നിറഞ്ഞ ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും പ്രേക്ഷകരുടെ പ്രശംസ നേടിക്കഴിഞ്ഞു. 'പവിഴ മഴയേ', 'ശ്വാസമേ' തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ സ്രഷ്ടാവായ പി.എസ്.ജയഹരി ആണ് സോമന്റെ കൃതാവിനു വേണ്ടി സംഗീതമൊരുക്കിയത്. വിനീത് ശ്രീനിവാസനും കെ.എസ്.ഹരിശങ്കറും പാടിയ ചിത്രത്തിലെ പാട്ടുകൾ താൻ ചെയ്തിട്ടുള്ള പാട്ടുകളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നുവെന്ന് ജയഹരി പറയുന്നു. സോമന്റെ കൃതാവിലെ പാട്ടുവിശേഷങ്ങളുമായി ജയഹരി മനോരമ ഓൺലൈനിനൊപ്പം.

സോമന്റെ കൃതാവും ഞാനും 

സോമന്റെ കൃതാവിലേക്ക് എന്നെ വിളിച്ചത് സിനിമയുടെ നിർമാതാവ് രാജു സർ (രാജു മല്യത്ത്) ആണ്. അദ്ദേഹം സിനിമയുടെ സംവിധായകൻ രോഹിതിന്റെ നമ്പർ തന്നിട്ട് ഒരു സിനിമ ചെയ്യുന്നുണ്ട് രോഹിത്തിനെ വിളിക്കൂ എന്ന് പറഞ്ഞു. രോഹിത് കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. നമ്മൾ സാധാരണ ചെയ്തുകൊണ്ടിരിക്കുന്നതിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒരു നാടൻ സ്റ്റൈലിലുള്ള സംഗീതം ചെയ്യാൻ കഴിയുന്ന സിനിമയായി എനിക്കു തോന്നി. അങ്ങനെയാണ് ഈ സിനിമ ഏറ്റെടുത്തത്.  

കുട്ടനാടൻ ഗ്രാമ്യഭംഗിയുള്ള പാട്ടുകൾ 

ഈ സിനിമയിൽ രണ്ടു പാട്ടുകളാണുള്ളത്. പ്രണയവും കുട്ടനാടൻ നെടുമുടി ഭാഗത്തെ ഗ്രാമീണതയുടെ സൗന്ദര്യവുമുള്ള പാട്ടുകൾ വേണമെന്ന് രോഹിത് ആവശ്യപ്പെട്ടു. ആദ്യം ചെയ്ത 'തെയ്‌താരോ' എന്ന പാട്ട് കുറച്ചു ബുദ്ധിമുട്ടായി തോന്നി. അതിനുവേണ്ടി ആദ്യം എഴുതിയ വരികൾ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല.  അദ്ദേഹം നല്ലൊരു എഴുത്തുകാരനാണ് പക്ഷേ ഈ സിനിമയ്ക്ക് ആ വരികൾ ശരിയാകില്ല എന്നു തോന്നി. രണ്ടാമത്തെ പാട്ടായ 'പാരിടം' എഴുതിയ സുജേഷ് ഹരി പിന്നീട് ആദ്യത്തെ പാട്ടിനു വേണ്ടി എഴുതിയ വരികൾ ഞങ്ങൾക്കെല്ലാം ഒരുപാട് ഇഷ്ടമായി. ‘പാരിടം’ എന്ന പാട്ട് ചെയ്യാൻ വലിയ ബുദ്ധിമുട്ട് തോന്നിയില്ല.

വിനീത് വന്നു, പാട്ട് റെഡി 

ടൈറ്റിൽ സോങ്ങിന്റെ അടുത്ത കടമ്പ അത് ആര് പാടും എന്നതായിരുന്നു. എന്റേത് ഉൾപ്പടെ ഏകദേശം അഞ്ച് ശബ്ദങ്ങൾ ഞങ്ങൾ പരീക്ഷിച്ചു. പക്ഷേ ഇഷ്ടപ്പെട്ടില്ല. ഒരു ഗായകനു വേണ്ടി ഞങ്ങൾ ഏതാണ്ട് ഒരുമാസം കാത്തിരുന്നു, അദ്ദേഹം ഒന്ന് ഫ്രീ ആകാൻ. പക്ഷേ കാത്തിരുന്നിട്ടും അദ്ദേഹത്തെ കിട്ടിയില്ല.  വിനീത് ശ്രീനിവാസൻ ഞങ്ങളുടെ ആദ്യത്തെ ലിസ്റ്റിൽ ഉണ്ടായിരുന്ന ആളാണ്. അങ്ങനെ അദ്ദേഹത്തെക്കൊണ്ടു തന്നെ പാടിപ്പിക്കാമെന്നു തീരുമാനിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരാഴ്ച കൊണ്ട് പാട്ട് റെഡി! ചെന്നൈയിൽ വച്ചാണ് റെക്കോർഡ് ചെയ്തത്. പാടിക്കഴിഞ്ഞപ്പോൾ ഞങ്ങൾ എല്ലാം ഹാപ്പി ആയി. കൃത്യമായ ഫീലും സുഖവുമൊക്കെ ഉണ്ടായിരുന്നു പാട്ടിന്.

ഹരിയും ഞാനും ചേർന്ന പുതിയ പരീക്ഷണം 

പാരിടം എന്ന പാട്ടിൽ ഹരിശങ്കറിന്റെ ശബ്ദം ഉപയോഗിച്ചത് മനപ്പൂർവമാണ്. ഹരിയെക്കൊണ്ട് പാടിക്കാം എന്നത് എന്റെ നിർദേശമായിരുന്നു. ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുള്ള പവിഴമഴയെ, ശ്വാസമേ, തമിഴിൽ ചെയ്ത സെല്ലമ്മ എന്ന പാട്ടുമൊക്കെ കുറച്ചു പെപ്പി നമ്പേഴ്സ് ആണ്. ട്രാൻസ് മൂഡിലുള്ള പാട്ടുകളാണ് അവ.  പാരിടം എന്നത് എത്‌നിക് സ്റ്റൈലിൽ ഉള്ളതും. ഒരുപാട് ഹൈ പിച്ച് ഒന്നുമില്ല. മെലോഡിയസ് ആയ ആ പാട്ടിൽ ഹരിയുടെ ശബ്ദം ഒരു വ്യത്യസ്തത ഉണ്ടാക്കും എന്നെനിക്കു തോന്നി. അതുകൊണ്ടാണ് ഹരിശങ്കറിനെക്കൊണ്ടു തന്നെ അത് പാടിച്ചത്. 

പ്രതികരണങ്ങൾക്കു നന്ദി 

സിനിമയിലെ പാട്ടുകൾ കേട്ടിട്ട് വിനയ് ഫോർട്ട് മികച്ച അഭിപ്രായമാണ് പറഞ്ഞത്. സിനിമ ഇറങ്ങിക്കഴിഞ്ഞ് കണ്ടപ്പോൾ സിനിമയുടെ പല സീനുകളും മനസ്സിൽ കൊള്ളുന്നതു പശ്ചാത്തല സംഗീതത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. അതൊക്കെ ഒരുപാട് സന്തോഷം തരുന്ന പ്രോത്സാഹനങ്ങളാണ്. പാട്ടിനെക്കുറിച്ചും ചിത്രത്തെക്കുറിച്ചും ഒരുപാട് നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. സിനിമയുടെ റിവ്യൂവിൽ എല്ലാം പാട്ടുകളെയും പശ്ചാത്തല സംഗീതത്തെയും കുറിച്ച് എടുത്തുപറഞ്ഞിട്ടുണ്ട്. ‘സോമന്റെ കൃതാവ്’ പഴയ സത്യൻ അന്തിക്കാട് സിനിമകളെ അനുസ്മരിപ്പിക്കുന്നുണ്ടെന്നു പറഞ്ഞുകേട്ടതിൽ ഒരുപാട് സന്തോഷമുണ്ട്. സിനിമ ഇഷ്ടപ്പെടുന്നതിനൊപ്പം പാട്ടുകളെയും ഹൃദയത്തിലേക്കു സ്വീകരിച്ചതിനു പ്രേക്ഷകർക്കു നന്ദി. 

English Summary:

Interview with music director P S Jayhari on Somante Krithavu movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com