‘അഭിനയം എനിക്കു പറ്റുന്ന പണിയല്ല, ഇത് സീരിയസ് ആയി എടുക്കില്ലെന്ന് മക്കൾക്കറിയാം’; നടനായതിന്റെ കഥ പറഞ്ഞ് ബിജിബാൽ
Mail This Article
ഈണം പകർന്ന ഗാനങ്ങളിലും പശ്ചാത്തല സംഗീതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും പുതിയതും പഴയതുമായ തലമുറകളുടെ ഇഷ്ടം സമ്പാദിക്കുകയും ചെയ്ത സംഗീതസംവിധായകനാണ് ബിജിബാല്‍. ലാളിത്യം നിറഞ്ഞതും മലയാള ഭാഷയെ ഉള്‍ക്കൊള്ളുന്നതുമായ സംഗീത ശൈലിയിലൂടെ ആസ്വാദകരുടെ ഇഷ്ടം നേടിയ ബിജിബാൽ, ഡോ.ബിജു സംവിധാനം ചെയ്ത് ടോവിനോ നായകനായ ‘അദൃശ്യജാലകങ്ങൾ’ എന്ന ചിത്രത്തിൽ ഒരു സംഗീതജ്ഞന്റെ വേഷത്തിലൂടെ അഭിനയത്തിലേക്കും കടക്കുകയാണ്. സുഹൃത്തായ ഡോ.ബിജു അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിൽ സഹകരിക്കണം എന്ന് പറഞ്ഞപ്പോൾ ചെയ്തു എന്നല്ലാതെ അഭിനയം ഒരു തുടർകഥയാക്കാൻ താത്പര്യമില്ലെന്ന് ബിജിബാൽ പറയുന്നു. അഭിനയജീവിതത്തിലെ വിശേഷങ്ങൾ പറഞ്ഞ് ബിജിബാൽ മനോരമ ഓൺലൈനിനൊപ്പം.
അദൃശ്യ ജാലകങ്ങളിലേക്കെത്തിയത്?
ഡോ.ബിജുവിന്റെ സിനിമയ്ക്കു വേണ്ടി മുൻപ് ഞാൻ സംഗീതം ചെയ്തിട്ടുണ്ട്. അദ്ദേഹം എന്റെ സുഹൃത്താണ്. താടിയുള്ള എന്റെ ആകാരവും സംഗീതോപകരണം കൈകാര്യം ചെയ്യാൻ കഴിയും എന്ന തോന്നലുമാകാം ഡോ.ബിജുവിന് അദൃശ്യജാലകങ്ങളിലെ സംഗീതജ്ഞനെന്ന കഥാപാത്രത്തിലേക്ക് എന്നെ കാസ്റ്റ് ചെയ്യാൻ തോന്നിയത്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ചാരുലത’ എന്ന സംഗീത ആൽബത്തിൽ ഞാൻ മുൻപ് അഭിനയിച്ചിട്ടുണ്ട്. അത് കണ്ടിട്ടാണ് ഡോ.ബിജുവിന് ഞാൻ അഭിനയിക്കും എന്നു മനസ്സിലായത്. ഇത്തരമൊരു സിനിമയുടെ ഭാഗമായതിൽ സന്തോഷമുണ്ട്.
മോശം വരുത്തിയില്ല എന്ന് തോന്നി
സംഗീതജ്ഞന്റെ റോൾ ആണെന്നു പറഞ്ഞപ്പോൾ ഡോ.ബിജുവിന്റെ സിനിമയായതിനാൽ ചെയ്യാമെന്നു കരുതുകയായിരുന്നു. എനിക്ക് അറിയാത്ത പണി ആയതിനാൽ പരിമിതികൾ ഉണ്ടായിരിക്കുമെന്നു ഞാൻ പറഞ്ഞു. ഡയലോഗ് മുൻപേ തന്നെ അയച്ചുതന്നിരുന്നു. അത് പഠിച്ച് സിങ്ക് സൗണ്ട് ആയിട്ടാണ് ചെയ്തത്. കുറച്ച് കാവ്യാത്മകമായ ഡയലോഗ് ആയിരുന്നു. ചിലർ അങ്ങനെയാണല്ലോ സംസാരിക്കുക. അങ്ങനെ ഒരാളെ മനസ്സിൽ സങ്കൽപ്പിച്ചു. വലിയ പകർന്നാട്ടത്തിന്റെ ആവശ്യമൊന്നും വന്നിട്ടില്ല. ഒരുപാട് ടേക്ക് ഒന്നും വേണ്ടി വന്നില്ല. നല്ല സൗഹൃദപരമായ അന്തരീക്ഷമായിരുന്നു. ഒപ്പം അഭിനയിക്കുന്ന ടൊവിനോ ആണെങ്കിലും താരപരിവേഷമൊന്നും പ്രകടിപ്പിക്കാതെ സൗഹൃദത്തോടെ പെരുമാറുന്നയാളാണ്. സിനിമ കണ്ടപ്പോൾ ചെയ്തത് മോശമായില്ല എന്ന് തോന്നി.
അഭിനയം തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല
ഒരു സിനിമ ചെയ്തെന്നു കരുതി ഇനി അങ്ങോട്ട് അഭിനയിക്കും എന്നൊന്നും പറയാൻ കഴിയില്ല. എന്റെ ജോലി മറ്റൊന്നാണല്ലോ. കുറച്ചു ദിവസം അഡ്ജസ്റ്റ് ചെയ്താണ് ഈ സിനിമ ചെയ്തത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ആയിരുന്നു ഷൂട്ടിങ്. ആറേഴ് ദിവസം സിനിമയ്ക്കു വേണ്ടി മാറ്റി വയ്ക്കേണ്ടി വന്നു. അപ്പോഴും എന്റെ ജോലി പെൻഡിങ് ആണല്ലോ എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. അങ്ങനെ ഫുൾടൈം അഭിനയത്തിന് വേണ്ടി മാറ്റിവയ്ക്കാൻ എനിക്കു സമയമില്ല.
പ്രതികരണങ്ങൾ
എല്ലാവരും തിയറ്ററിൽ പോയി കാണുന്ന തരം സിനിമയല്ല ‘അദൃശ്യജാലകങ്ങൾ’. കുറെപ്പേരൊക്കെ കണ്ടു. അറിയാവുന്ന സുഹൃത്തുക്കളൊക്കെ നല്ല അഭിപ്രായം പറഞ്ഞു. പിന്നെ പ്രേക്ഷകർ എന്നെ ശ്രദ്ധിച്ചെന്നു വരില്ല. കാരണം അവർ പ്രതീക്ഷിക്കാത്ത ഒരിടത്താണ് ഞാൻ നിൽക്കുന്നത്. ഞാനാണ് അതെന്നു പെട്ടെന്ന് മനസ്സിലായിക്കാണില്ല. കണ്ടിട്ടുള്ള ആരോ ആണല്ലോ എന്നേ കരുതൂ. ഞാൻ ചായക്കടയിലൊക്കെ നിൽക്കുമ്പോൾ ചിലരൊക്കെ എന്നെ സംശയത്തോടെ നോക്കുമെങ്കിലും ഓ ഇയാൾ ഇവിടെ വരാൻ സാധ്യതയില്ല, മറ്റാരോ ആണെന്ന ധാരണയിൽ പെരുമാറുന്നതു കണ്ടിട്ടുണ്ട്. ഞാൻ അഭിനയിക്കുമെന്നു പ്രതീക്ഷയില്ലാത്തതിനാൽ ഞാൻ ആണെന്ന് ആളുകൾക്ക് മനസ്സിലായിക്കാണില്ല. ടീസർ കണ്ടപ്പോൾ ചിലപ്പോൾ പ്രമോഷനു വേണ്ടി ചെയ്തതാകും എന്നാണ് പലരും കരുതിയത്.
സംഗീതസംവിധായകനായത് ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ്
റിക്കി കെജ് ഷൂട്ടിങ്ങിനിടെ വന്നിരുന്നു. ഒരു ബാൻഡ് പെർഫോമൻസിൽ ഗിറ്റാർ പ്ലേയർ ആയിട്ടാണ് ഞാൻ അഭിനയിച്ചത്. അദ്ദേഹത്തിന്റ മേൽനോട്ടത്തിലാണ് അത് നടന്നത്. പാട്ട് നേരത്തേ കേട്ടിരുന്നു. ഞാൻ ഗിറ്റാർ പ്ലെയർ അല്ല, പിന്നെ കൈകാര്യം ചെയ്യാൻ അറിയാം എന്നു മാത്രം. സാധാരണ ഒരാൾ ചെയ്യുന്നതിനേക്കാൾ മ്യൂസിഷ്യൻ ആയതുകൊണ്ട് ആ സീനിൽ ചിലപ്പോൾ നന്നായിട്ടുണ്ടാകാം. ഒരുപാട് ടേക്ക് ഒന്നും വേണ്ടി വന്നില്ല.
മക്കളുടെ പ്രതികരണം
കുട്ടികൾ ചിത്രം കണ്ടിട്ടില്ല. ടീസർ ഒക്കെ കണ്ടിരുന്നു. നന്നായിട്ടുണ്ടല്ലോ എന്ന് പറഞ്ഞു. അഭിനയിക്കുന്നു എന്ന് അവരോട് പറഞ്ഞിരുന്നു. ഞാൻ ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെന്ന് അവർക്ക് അറിയാം. ഇതുപോലെ സൗഹൃദപരമായ അഭിനയമൊക്കെ ഞാൻ ചെയ്യുന്നുണ്ട് എന്നല്ലാതെ ഒരു പ്രഫഷൻ ആയിട്ട് ഞാൻ അഭിനയത്തെ എടുക്കില്ല എന്ന് അവർക്ക് അറിയാം.
പുതിയ പ്രോജക്ടുകൾ
കമൽ സർ സംവിധാനം ചെയ്യുന്ന ‘വിവേകനന്ദൻ വൈറലാണ്’ എന്ന സിനിമയാണ് ഇപ്പോൾ ചെയ്തു തീർത്തത്. ജയരാജ് സാറിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി അഭിനയിക്കുന്ന പെരുങ്കളിയാട്ടം എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുന്നു. ഒരു തെലുങ്ക് ചിത്രത്തിന്റെയും പണിപ്പുരയിലാണിപ്പോൾ.