ADVERTISEMENT

വിദ്യാസാഗർ എന്ന സംഗീതപ്രതിഭയോടുള്ള ആരാധന മൂത്ത് അന്ന് ചെന്നൈയിലേക്കു വണ്ടി കയറിയ ആ പയ്യൻ പിന്നീട് അദ്ദേഹത്തിന്റെ ഇഷ്ടം പിടിച്ചു പറ്റുകയും ഇന്നിപ്പോൾ "റൂഹേ" എന്ന പാട്ടിലൂടെ മലയാളികളുടെ മുഴുവൻ ഇഷ്ടം നേടി നേര് എന്ന വിജയ സിനിമയുടെ വിജയത്തിന് പിന്നിലെ ശില്പികളിലൊരാളായി മാറുകയും ചെയ്തിരിക്കുന്നു. കണ്ണൂർ സ്വദേശി വിഷ്ണു ശ്യാം ആണ് റാം മുതൽ നേര് വരെ ജീത്തു ജോസഫ് എന്ന ഹിറ്റ് സംവിധായകനൊടൊപ്പം യാത്ര ചെയ്തുകൊണ്ടിരിക്കുന്ന സംഗീത സംവിധായകൻ. വിദ്യാസാഗറിന്റെ ശിഷ്യനാകാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹ പൂർത്തീകരണമായിരുന്നുവെന്നാണ് വിഷ്ണു പറയുന്നത്. മലയാളികൾ ഒന്നടങ്കം നെഞ്ചോടു ചേർത്ത മോഹൻലാലിന്റെ നേരിന്റെ സംഗീത സംവിധായകനാകാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു വിഷ്ണു. പാട്ടുവിശേഷങ്ങളുമായി വിഷ്ണു ശ്യാം മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

ജീത്തു ജോസഫിന്റെ സ്വന്തം സംഗീതസംവിധായകൻ 

ജീത്തു സാറിന്റെ റാം എന്ന സിനിമയ്ക്കു വേണ്ടി സംഗീതം ചെയ്യുന്നത് ഞാനാണ്.  റാമിനോടൊപ്പമുള്ള യാത്ര തുടങ്ങിയിട്ട് കുറേനാളായി. താരതമ്യേന പുതിയ ആളായ എനിക്ക് ജീത്തു സാറിന്റെ മോഹൻലാൽ സിനിമയിൽ സംഗീതം ചെയ്യാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണ്. സിനിമയിൽ തുടക്കക്കാരനായ എന്നെ വിശ്വസിച്ച് ഇത്രയും വലിയ പ്രോജക്ട് ആണ് അദ്ദേഹം ഏൽപ്പിച്ചത്. ആദ്യമൊക്കെ അദ്ദേഹത്തിന്റെ അഭിരുചി മനസ്സിലാക്കിയെടുക്കാൻ ശ്രമിച്ചു. സർ എനിക്ക് റാമിന്റെ തിരക്കഥ അയച്ചുതന്നിട്ട് തീംസ് ചെയ്യാൻ പറഞ്ഞു. ആദ്യം ചെയ്തതു ശരിയായില്ല. ഞാൻ അത് മനസ്സിലാക്കിയ രീതി ശരിയായില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീട് അദേഹത്തിന് എന്താണ് വേണ്ടതെന്ന് എനിക്കു മനസ്സിലായി. പിന്നീട് ചെയ്തത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെ അദ്ദേഹം എറണാകുളത്തേക്കു ചെല്ലാൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഗസ്റ്റ്ഹൗസിൽ ആയിരുന്നു താമസം. അന്ന് മുതൽ അദ്ദേഹത്തിന്റെ കുടുംബാംഗത്തെപ്പോലെയാണ് എന്നെ കാണുന്നത്. റാമിന്റെ വർക്കിന്‌ ഇടയിൽ ആണ് ദൃശ്യം 2 വന്നത്. ദൃശ്യത്തിന് അനിൽ ജോൺസൺ ചേട്ടനാണ് സംഗീതമൊരുക്കിയത്. അദ്ദേഹത്തിനു തിരക്കായിരുന്നതുകൊണ്ട് ചിത്രത്തിന്റെ ട്രെയിലറിലെ സംഗീതം ഞാൻ ചെയ്തു. അതിനിടയിൽ ജീത്തു സർ ചെയ്ത കൂമൻ എന്ന സിനിമയ്ക്കു ഞാനാണ് സംഗീതമൊരുക്കിയത്. ഇതുവരെ ചെയ്ത പാറ്റേണിൽ നിന്ന് മാറ്റിപ്പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. റാം ആണ് ആദ്യം ചെയ്തു തുടങ്ങിയതെങ്കിലും കൂമൻ ആണ് ആദ്യം റിലീസ് ചെയ്തത്. നേര് ചെയ്തു തുടങ്ങിയപ്പോഴും ഞാൻ തന്നെ സംഗീതം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. 

നേരിന്റെ ആത്മാവായ തീം സോങ് 

ജീത്തു സർ മറ്റുള്ളവർക്കു മുന്നിൽ നേരിന്റെ തിരക്കഥ വായിച്ചപ്പോൾ എന്നെയും ഒപ്പമിരുത്തി. തിരക്കഥ കേട്ടിട്ട് തിരികെ റൂമിൽ വന്നപ്പോൾ എന്റെ മനസ്സിൽ ഒരു ഐഡിയ തോന്നിയിട്ട് ഞാൻ സാറാ തീം ചെയ്തു. അത് ജീത്തു സാറിനെ കേൾപ്പിച്ചപ്പോൾ അദ്ദേഹത്തിന് ഒരുപാടിഷ്ടമായി. പിന്നീട് സർ പറഞ്ഞു ആ മ്യൂസിക് കേട്ടിട്ട് സ്ക്രിപ്റ്റ് എഴുതിയപ്പോൾ അത് ഒരുപാട് ഗുണം ചെയ്തു, അവസാന ഭാഗമൊക്കെ ആ സംഗീതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് എഴുതിയത് എന്ന്. ചിത്രത്തിന്റെ ആത്മാവ് മുഴുവൻ ആ തീം സോങ്ങിലാണ്. ക്ലൈമാക്സ് സീനിന്റെ സ്കോർ ആണ് ആദ്യം ചെയ്തത്. അതിനു ശേഷം ബാക്കി സ്കോർ ചെയ്യാനും എളുപ്പമായിരുന്നു.    

റൂഹേ എന്ന പാട്ട് പ്രമോഷനു വേണ്ടി ചെയ്തത് 

    

ഞാൻ സാറാ തീം ആണ് ആദ്യം ചെയ്തത്. പിന്നീട് ആ മ്യൂസിക് ബേസ് ചെയ്തിട്ടാണ് റൂഹേ എന്ന പാട്ടിന്റെ കോറസ് കംപോസ് ചെയ്തത്. അതേ മെലഡി തന്നെയാണ് ഉപയോഗിച്ചത്. ചിത്രത്തിൽ പാട്ട് വേണ്ട എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇത് ഒരു പ്രോമോ സോങ് ആയി ചെയ്യാനും നിര്‍ദേശം ലഭിച്ചു. എവിടെ വേണമെങ്കിലും ഉപയോഗിക്കാൻ പറ്റുന്ന പാട്ടാണ് റൂഹേ. ലാൽ സാറും അനശ്വരയും കണ്ടുമുട്ടുന്ന സീനിൽ ആ പാട്ട് പ്ലെയ്സ് ചെയ്തു നോക്കി. ചിത്രം പൂർത്തിയായപ്പോൾ ഈ പാട്ട് ഉപയോഗിച്ചു നോക്കി, സിനിമയിൽ വളരെ നിർണായകമായ ഒരു സീനിൽ ആ പാട്ട് ഉപയോഗിച്ച് നോക്കിയപ്പോൾ വളരെ നന്നായി തോന്നി. അങ്ങനെയാണ് സിനിമയിൽ ആ പാട്ട് ഉൾപ്പെടുത്തിയത്.

കണ്ണ് നനയിച്ച സംഗീതം 

നേരിന്റെ സംഗീതം ചെയ്തുകൊണ്ടുന്നപ്പോൾ ഇടയ്ക്കിടെ കണ്ണ് നിറഞ്ഞു. അത്രത്തോളം മനസ്സിൽ തട്ടിയാണ് ആ ട്യൂൺ ചെയ്തത്. പിന്നീട് എപ്പോൾ കേട്ടാലും കണ്ണ് നിറയും. സാറാ തീം കേൾക്കുമ്പോൾ നെഞ്ചിൽ കല്ല് കയറ്റിവച്ച ഫീൽ ആണ്. അതിലെ ചെല്ലോ ബിറ്റ് കേൾക്കുമ്പോൾ എനിക്ക് തന്നെ സങ്കടം വരും. ഇടയ്ക്കിടെ ഇടവേളയെടുത്താണ് അതിന്റെ വർക്ക് പൂർത്തിയാക്കിയത്. പിന്നീട് അത് കേൾക്കാതിരിക്കാൻ ശ്രമിക്കും. കാരണം കേട്ടുകഴിഞ്ഞാൽ സങ്കടം വരും. എനിക്ക് മാത്രമാണ് അങ്ങനെ തോന്നുന്നത് എന്നാണ് കരുതിയത്. പ്രേക്ഷകർ അത് ഇത്രയധികമായി ഈ സംഗീതം ഏറ്റെടുക്കുമെന്നു കരുതിയില്ല. 

നേരിന്റെ സംഗീതത്തിനു പിന്നിൽ ഇവർ

നേരിന്റെ സംഗീതത്തിന്റെ ക്രെഡിറ്റ് എന്റെ ഒപ്പം വർക്ക് ചെയ്ത മറ്റുള്ളവർക്കു കൂടിയുള്ളതാണ്. വിനായക് ശശികുമാർ ആണ് പാട്ടിനു വരികൾ എഴുതിയത്.  വിനായക് എന്റെ സുഹൃത്താണ്. ഞങ്ങൾ രണ്ടുപേരും വിദ്യാജിയുടെ ഫാൻസ്‌ ആയി ചെന്നൈയിൽ വച്ച് കണ്ടുമുട്ടുകയായിരുന്നു. ഒരുമിച്ച് സിനിമ സ്വപ്നം കണ്ടു തുടങ്ങി. വിനായക് ഒരുപാട് ഹിറ്റ് പാട്ടുകൾ എഴുതിക്കഴിഞ്ഞു. ഞങ്ങൾ ആദ്യമായി ഒരുമിച്ചു ചെയ്ത സിനിമ കൂമൻ ആണ്. നേരിലെ ‘റൂഹേ’ ആലപിച്ചത് കാർത്തിക് ആണ്. എനിക്കും വിനായകിനും കാർത്തിക്കിനോട് ആരാധനയുണ്ട്. റൂഹേ പാട്ടിന്റെ കോറസ് പാടിയത് ഞാനും ജീത്തു സാറിന്റെ മകൾ കാത്തിയും ചേർന്നാണ്. കാത്തിയും ഞാനും കൂടി ഒരു ട്രാക്ക് പാടി നോക്കിയതാണ്. പിന്നീട് വോയ്‌സ് ഒരുമിച്ച് വർക്ക് ആകുമെന്ന് തോന്നിയപ്പോൾ, കോറസ് അതുപോലെ തന്നെ ഉപയോഗിക്കണമെന്ന് കാർത്തിക് പറഞ്ഞു. റൂഹേ എന്ന വരിയാണ് കാർത്തിക്കിന് ഏറെ ഇഷ്ടപ്പെട്ടത്. സിനിമയിൽ മുഴുവൻ കേൾക്കുന്ന വയലിൻ ബിറ്റ് വായിച്ചത് ഷിമോൺ ജാസ്മിൻ റഷീദ് ആണ്. ആ വയലിൻ ബിറ്റ് എല്ലാവരെയും കരയിപ്പിക്കുന്നു. ഞാൻ പിയാനോയിൽ വായിച്ച് നോക്കിയിട്ട് ഷിമോനെ വിളിച്ചു പറയും ഉടൻ തന്നെ അദ്ദേഹം അത് വയലിനിൽ വായിച്ച് അയച്ചുതരും. അങ്ങനെയാണ് പലതും ചെയ്‌തത്‌. എബിൻ സാഗർ ഗിറ്റാർ വായിച്ചു. സ്കൂൾ കാലം മുതൽ എന്നോടൊപ്പം പഠിച്ചതാണ് എബിൻ. എന്റെ പ്രോഗ്രാമർ ഗോപകുമാർ ആണ്.

മോഹൻലാൽ പറഞ്ഞു ‘ഗ്രേറ്റ് ജോബ്’ 

മോഹൻലാൽ സാറിനെ ആദ്യമായി കണ്ടത് റാമിന്റെ ഷൂട്ടിങ് തുടങ്ങിയപ്പോഴാണ്. അന്നാണ് ജീത്തു സർ എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയത്. പിന്നീട് ട്വൽത്ത് മാൻ എന്ന ചിത്രത്തിന്റെ സക്സസ് പാർട്ടിക്കിടെ കണ്ടുമുട്ടി. ഇപ്പോൾ നേരിന്റെ പ്രമോഷനു മുന്നോടിയായി പ്രിവ്യു ഷോ നടന്നപ്പോൾ അത് അദ്ദേഹത്തോടൊപ്പമിരുന്നാണ് കണ്ടത്. അന്ന് ഫൈനൽ മിക്സ് ഒന്നും കഴിഞ്ഞിരുന്നില്ല. എന്നിട്ടും അദ്ദേഹം എന്നോടു വന്നു പറഞ്ഞു, "ഗ്രേറ്റ് ജോബ് വിഷ്ണു" എന്ന്. അദ്ദേഹം അങ്ങനെ പറഞ്ഞത് വലിയ അംഗീകാരമായിരുന്നു.   

വിദ്യാസാഗറിന്റെ ശിഷ്യൻ 

എനിക്ക് വിദ്യാസാഗർ സാറിനോട് പ്രണയമാണ്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അദ്ദേഹത്തോടു ഭ്രാന്തമായ ആരാധനയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അദ്ദേഹത്തിനു കത്തെഴുതുമായിരുന്നു. അഞ്ചാം ക്ലാസ് മുതൽ പാട്ട് പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളോടാണ് എനിക്കേറെയിഷ്ടം. പ്ലസ് ടൂ കഴിഞ്ഞ് ചെന്നൈയിൽ പഠിക്കാൻ പോയി. അന്ന് അവിടെ താമസിക്കാൻ വേണ്ടി മാത്രം ഒരു ഡിഗ്രി എടുത്തു എന്നെ ഉള്ളൂ. അന്നു മുതൽ അദ്ദേഹത്തെ കാണാൻ ശ്രമിച്ചുകൊണ്ടിരുന്നു. 4 വർഷത്തിനു ശേഷമാണ് അദ്ദേഹത്തെ കാണാൻ സാധിച്ചത്. ലാൽ ജോസ് സാറാണ് വിദ്യാസാഗർ സാറിന് എന്നെ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പിന്നാലെ നടന്നതൊക്കെ ഒരു ബുക്ക് എഴുതാനുള്ള അനുഭവമുണ്ട്. ഞാൻ തുടരെ തുടരെ അദ്ദേഹത്തെ കാണാൻ പോയി എന്നിട്ടും അദ്ദേഹം എന്നെ സ്വീകരിച്ചില്ല. ഞാൻ അദ്ദേഹത്തോടു പറഞ്ഞത് എനിക്ക് അവിടെയിരുന്ന് അദ്ദേഹം ചെയ്യുന്നത് കണ്ടാൽ മതി എന്നാണ്.  ഒടുവിൽ ഒരുദിവസം അദ്ദേഹം സമ്മതിച്ചു. പിന്നെ അവിടെ ഗുരുകുല വിദ്യാഭ്യാസം പോലെയായിരുന്നു. രണ്ടുവർഷം അദ്ദേഹം ചെയ്യുന്നതു കണ്ടുപഠിച്ചു. അതിനു ശേഷമാണ് കീബോർഡ് വായിക്കാൻ തുടങ്ങിയത്. വിദ്യാസാഗർ സർ മലയാളത്തിൽ ചെയ്ത ‘സോളമന്റെ തേനീച്ചകൾ’ എന്ന സിനിമയിൽ ഒരു പാട്ടിനു കീബോർഡ് ചെയ്തു. ഏറ്റെടുക്കുന്ന സിനിമകളുടെ കാര്യമൊക്കെ അദ്ദേഹത്തോടു പറയാറുണ്ട്. നോൺസെൻസ് എന്ന സിനിമയ്ക്കു വേണ്ടിയാണ് ഞാൻ ആദ്യമായി ബാക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നത്. ‘വെള്ളൈപൂവേ’ എന്നൊരു ഗാനവും ചെയ്തിരുന്നു. അത് കേട്ടിട്ട് "അവൻ നല്ലാ പണ്ണിയിരിക്കപ്പാ" എന്നുപറഞ്ഞെന്ന് അദ്ദേഹത്തിന്റെ മാനേജർ മുരുഗൻ സർ എന്നോടു പറഞ്ഞൂ. അത്രയുമൊക്കെ മതി എനിക്ക്. സിനിമകൾ കണ്ടിട്ട് പാട്ടിന്റെ അഭിപ്രായം ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ അഭിപ്രായം കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നു തോന്നുന്നു. കാത്തിരുന്നു കിട്ടുന്നതിന് മധുരം കൂടുതലാണല്ലോ. 

നേരിന് കിട്ടുന്ന പ്രതികരണങ്ങൾ 

നേര് സിനിമയ്ക്കു കിട്ടുന്ന പോസിറ്റീവ് പ്രതികരണങ്ങൾ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു. എനിക്ക് ഇൻസ്റ്റഗ്രാമിലും മെസഞ്ചറിലും വാട്സാപ്പിലുമൊക്കെ ഒരുപാട് മെസ്സേജുകൾ വരുന്നു. പരമാവധി എല്ലാവര്‍ക്കും മറുപടി കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. പണ്ടത്തെപ്പോലെ അല്ല ഇപ്പോൾ ഉടനടിയാണ് പ്രതികരണങ്ങൾ ലഭിക്കുന്നത്, അത് നല്ലതായാലും മോശമായാലും. നല്ല ഫീഡ്ബാക് ആയതുകാരണം സമാധാനമുണ്ട്. സംഗീതം മാത്രമല്ല സിനിമ മുഴുവൻ ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. അതിലാണ് സന്തോഷം. സംഗീതം മാത്രം നന്നായിട്ടു കാര്യമില്ലല്ലോ. സിനിമ ഒരു കൂട്ടായ്മയുടെ ഫലമാണ്.‍

പുതിയ പ്രോജക്ടുകൾ  

പുതിയ പ്രോജക്ടുകൾ ഒന്നും ഏറ്റെടുത്തിട്ടില്ല. ഞാൻ ഒരുപാട് സമയമെടുത്താണ് വർക്ക് ചെയ്യുന്നത്. റാം ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.  സംഗീതം എനിക്ക് വെറുമൊരു ജോലിയല്ല, ഒരു വർക്ക് ചെയ്യുമ്പോൾ വൈകാരികമായി കൂടി അതിൽ കണക്ട് ആയിരിക്കും. ആ പ്രോജക്ട് തീർത്തതിനു ശേഷമേ അടുത്തതിലേക്കു പോകാൻ സാധിക്കൂ.

English Summary:

Music director Vishnu Shyam opens up about Neru movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com