ADVERTISEMENT

‘പുലരിപ്പൂ പോലെ ചിരിച്ച്’ മലയാളമനസ്സുകളിൽ കയറിക്കൂടിയ ഒരു പെൺസ്വരം. മലബാർ ചേലൊത്ത വർത്തമാനം കൊണ്ടും സ്വരഭംഗിയിലെ പുതുമ കൊണ്ടും കേട്ടിരിക്കാൻ ഇഷ്ടം തോന്നിപ്പിക്കുന്ന ഒരു പാട്ടുകാരി, അതാണ് പലർക്കും സിത്താര കൃഷ്ണകുമാർ. ടെലിവിഷൻ പരിപാടികളിലൂടെയും സംഗീത ആൽബങ്ങളിലൂടെയും പിന്നണിഗാനങ്ങളിലൂടെയുമെല്ലാം അതിവേഗം പ്രേക്ഷകരുടെ പ്രിയങ്കരിയായി സിതാര മാറി. ഹേറ്റേഴ്സ് ഇല്ലാത്ത ഗായിക എന്നു പലരും പറയുമ്പോഴും തന്നോട് ഇഷ്ടക്കേടുള്ള നിരവധിപേരുണ്ടെന്നു പറയുന്നു സിതാര. നിലപാടുകൾ പറഞ്ഞതിന്റെ പേരിൽ പലരും വിമർശിച്ചപ്പോഴും വാക്കുകളെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ ആശയങ്ങളോടു മാത്രമാണെന്നും വ്യക്തിപരമല്ലെന്നും ചെറുപുഞ്ചിരിയോടെ സിതാര പറഞ്ഞുവയ്ക്കുന്നു. മനോരമ ഓൺലൈൻ അഭിമുഖ പരമ്പര ‘പാട്ടുപുസ്തകത്തിൽ’ സിത്താര കൃഷ്ണകുമാർ മനസ്സുതുറന്നത് ഇങ്ങനെ:

∙ തിരക്കുള്ള ഗായികയിലേക്കുള്ള വളർച്ച അതിവേഗം ആയിരുന്നോ? 

അതൊക്കെ ഭാഗ്യവശാൽ സംഭവിച്ചതാണ്. എന്റെ യാതൊരു തീരുമാനവും അതിലില്ല. ആളുകൾക്കു പലവിധത്തിലുള്ള ഇഷ്ടമല്ലേ? അതിൽ ആരുടെയൊക്കെയോ ഇഷ്ടത്തിന്റെ ഭാഗമായി മാറി എന്നതിൽ വലിയ സന്തോഷമുണ്ട്. എല്ലാം ഒരു ഭാഗ്യമായാണു കാണുന്നത്. ആളുകളുെട ഇഷ്ടത്തിനു കോട്ടം തട്ടാത്ത വിധത്തില്‍, അവരുടെ പ്രതീക്ഷയ്ക്കൊത്തവിധം പാട്ടു പാടി, പരിശീലിച്ച് മുന്നോട്ടു പോകണം എന്നു മാത്രമാണ് ആഗ്രഹം. 

∙ മുൻപ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്നു. ഇപ്പോൾ മത്സരവേദികളിൽ വിധികർത്താവായും എത്തുന്നു. ഇത് എല്ലാ ഗായകരും അനുഭവിക്കുന്ന കാര്യമല്ലല്ലോ? 

ആരുടെയും വിധി നിർണയിക്കാൻ നമുക്ക് പറ്റില്ലല്ലോ. ‌ഒരു വ്യക്തിക്ക് മറ്റൊരാളുടെ കൈപിടിച്ചു നടത്താൻ കഴിയും, വഴികൾ കാണിച്ചകൊടുക്കാൻ കഴിയും, നമുക്ക് പറ്റിയ തെറ്റുകൾ അവർക്കു കാണിച്ചുകൊടുക്കാൻ പറ്റും. ചില തെറ്റുകളാണല്ലോ മറ്റുള്ളവർക്കു പാഠങ്ങളാകുന്നത്. ഞാൻ മത്സരാർഥിയായിരിക്കെ എന്റെ മുതിർന്നവർ‌ തിരുത്തി തന്ന കുറേയേറെ കാര്യങ്ങളുണ്ട്. അത് ഇപ്പോഴത്തെ കുട്ടികൾക്കു പറഞ്ഞുകൊടുക്കുക മാത്രമാണു ചെയ്യുന്നത്. ഞാൻ റിയാലിറ്റി ഷോ വേദിയിലൂടെ കടന്നുവന്നതുകൊണ്ട് ഇപ്പോഴത്തെ കുട്ടികളും ഏതൊക്കെ മാനസികാവസ്ഥകളിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്കു മനസ്സിലാക്കാൻ പറ്റുന്നുണ്ട്. അപ്പോൾ അവരോട് ഒരു സഹോദരിയെപ്പോലെയോ സുഹൃത്തിനെപ്പോലെയോ ഒക്കെ പെരുമാറാൻ ശ്രമിക്കും. അതാണ് അവർക്കു വേണ്ടതും. പിന്നെ ആ കുട്ടികളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. അവർ പല അറിവുകളും പകർന്നു നൽകുന്നു. അതിലൊക്കെ ഒരുപാടൊരുപാട് സന്തോഷം. 

sithara2
സിതാര കൃഷ്ണകുമാർ (ഇൻസ്റ്റഗ്രാം)

∙ ശബ്ദം കൊണ്ടു മാത്രമല്ല, ആളുകളോടുള്ള സംവാദന രീതികൊണ്ടു കൂടിയാണ് സിതാര ജനപ്രിയ ആയത്. ആളുകളെ ആകർഷിക്കാൻ സംസാരരീതിയും ഒരുപരിധി വരെ ശ്രദ്ധിക്കേണ്ടതുണ്ടോ?

ശ്രദ്ധിക്കപ്പെടാൻ വേണ്ടി ഇതുവരെ ഞാൻ ഒന്നും ചെയ്തിട്ടില്ല. മുൻപത്തെ പോലെയല്ലല്ലോ ഇപ്പോൾ നമ്മളാരും. സംസാരത്തിലും ചിന്തകളിലുമൊക്കെ മാറ്റങ്ങൾ വന്നു. പ്രായം കൂടുന്നതിന്റെയും അനുഭവങ്ങൾ ഉണ്ടാകുന്നതിന്റെയുമൊക്കെ ബാക്കിയായിട്ടായിരിക്കും അങ്ങനെ സംഭവിക്കുന്നത്. പക്ഷേ മുൻപ് പറ‍ഞ്ഞിട്ടുള്ളതൊക്കെ സത്യസന്ധമായിരുന്നു. ഇപ്പോൾ പറയുന്നതും അങ്ങനെ തന്നെ. ഇത് എന്റെ സ്വഭാവികമായ വർത്തമാനശൈലി തന്നെയാണ്. ശ്രദ്ധ കിട്ടാൻ വേണ്ടി പുതിയതായി രൂപീകരിച്ച ഭാഷയല്ല. പിന്നെ പ്രാദേശികമായി കിട്ടിയിരിക്കുന്ന സംസാരശൈലി ഉണ്ടാകുമല്ലോ. അത് പലപ്പോഴും വർത്തമാനത്തിൽ പ്രതിഫലിക്കും.

∙ ഹേറ്റേഴ്സ് ഇല്ലാത്ത ഗായികയാണ് സിതാരയെന്നു പറഞ്ഞാൽ?

അങ്ങനെയൊന്നുമില്ല. മറ്റുള്ളവരുടെ ഇഷ്ടവും ഇഷ്ടക്കേടും അൽപനേരത്തേക്കു മാത്രമല്ലേ? ഇതൊക്കെ അവർ രൂപീകരിക്കുന്നത് ടെലിവിഷനിലും സമൂഹമാധ്യമപ്ലാറ്റ്ഫോമിലുമൊക്കെ കാണുന്നതിലൂടെയാണ്. അവരുടെ അഭിപ്രായത്തോടോ, രാഷ്ട്രീയത്തോടോ ഒക്കെ വിയോജിക്കും വിധത്തിൽ എന്തെങ്കിലും കേട്ടാൽ അവർ വിമർശിക്കും. അപ്പോൾ സ്വഭാവികമായി ഹേറ്റേഴ്സ് ഉണ്ടാകും. അതൊന്നും മനസ്സിലേക്ക് എടുക്കാതിരിക്കുക. പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്നില്ലെന്നു മാത്രം ഉറപ്പാക്കുക. അവരല്ലേ എപ്പോഴും നമ്മുടെ കൂടെയുള്ളത്. മറ്റുള്ളതെല്ലാം നൈമിഷികമാണ്.

∙ പാട്ടിനു പലപ്പോഴും ശബ്ദങ്ങളിലൂടെ സിതാര ചില സംഭാവനകൾ കൊടുക്കാറുണ്ട്. അതൊക്കെ സംഗീതസംവിധായകർ ആവശ്യപ്പെടുന്ന പ്രകാരം ചെയ്യുന്നതാണോ? അതോ സ്വന്തം ഇഷ്ടപ്രകാരമോ?

സിനിമാ സംഗീതത്തിന്റെ കാര്യത്തിൽ സംഗീതസംവിധായകർ തന്നെയാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. പാട്ട് ചിട്ടപ്പെടുത്തി കഴിയുമ്പോൾ ഏത് ഗായകരുടെ ശബ്ദമാണോ അതിനു യോജിക്കുന്നുവെന്ന് അവർക്കു തോന്നുന്നത് ആ ഗായകരെ പാടാൻ വിളിക്കും. സിറ്റുവേഷൻ എന്താണെന്നു കൃത്യമായി പറഞ്ഞു തരും. അത് കേട്ട്, പഠിച്ച് പാടുകയാണ് ഗായകർ ചെയ്യുന്നത്. എന്നെ ഓരോ പാട്ട് പാടാൻ വിളിക്കുമ്പോഴും ഞാൻ ആലോചിക്കാറുണ്ട്, ഇത് എനിക്കു പറ്റുന്നതാണോ എന്ന്. ഏതാനം ചില പാട്ടുകൾ പാടാൻ പറ്റില്ലെന്നു തോന്നിയപ്പോൾ അക്കാര്യം സംഗീതസംവിധായകരോടു പറഞ്ഞിട്ടുമുണ്ട്. പക്ഷേ അപ്പോഴൊക്കെ അവർ എന്നെ പറഞ്ഞു മനസ്സിലാക്കി ആത്മവിശ്വാസം പകർന്ന് പാടിപ്പിച്ചു. പിന്നീട് ആളുകൾ ഏറ്റെടുക്കുന്ന ഗാനങ്ങളായി അത് മാറുകയും ചെയ്തു. 

sithara3
സിതാര കൃഷ്ണകുമാർ (ഇൻസ്റ്റഗ്രാം)

∙ ഒരുകാലം വരെ പാട്ടും നൃത്തവും ഒരുപോലെയാണ് കൊണ്ടുനടന്നിരുന്നത്. പക്ഷേ ഇടയ്ക്കുവച്ച് നൃത്തത്തെ മാറ്റി നിർത്തി. സിതാരയെ സംബന്ധിച്ച് പാട്ടാണോ പരമപ്രധാനം? 

പാട്ട് പോലെ ഇനി നൃത്തം ചെയ്യാൻ എനിക്കു പറ്റില്ല. മുൻപൊക്കെ ഒരുദിവസം 6 മണിക്കൂർ നൃത്തം പരിശീലിക്കുമായിരുന്നു. ഇപ്പോൾ പക്ഷേ അങ്ങനെ കഴിയാറില്ല. ഇനി കഠിനമായി അധ്വാനിച്ചാൽ മാത്രമേ എനിക്കൊരു വേദിയിൽ നൃത്തം അവതരിപ്പിക്കാനൊക്കെ സാധിക്കൂ. ഇപ്പോൾ പാട്ടിനു വേണ്ടിയാണ് ഞാൻ സമയം ചെലവഴിക്കുന്നത്. എന്റെ ജോലിയും അതാണല്ലോ. എന്റെ ആഗ്രഹം കൊണ്ടും അച്ഛന്റെയും അമ്മയുടെയും ആഗ്രഹം കൊണ്ടും പിന്നെ ഞാൻ നൃത്തം ചെയ്തിരുന്നുവെന്ന് മോൾക്ക് കാണിച്ചുകൊടുക്കാനുമൊക്കെ വേണ്ടിയാണ് ഇപ്പോൾ ഇടയ്ക്കു ചുവടുവയ്ക്കുന്നത്. അല്ലാതെ പെർഫോം ചെയ്യാനൊന്നും പറ്റില്ല. 

∙ ഇടയ്ക്കൊന്ന് അഭിനയത്തിലേക്കും ചുവടുമാറ്റിയിരുന്നു. സിനിമയിലും സംഗീതത്തിലുമായി ഒരുപാട് പ്രതീക്ഷകൾ വയ്ക്കാറുണ്ടോ? 

എനിക്കു കിട്ടുന്ന അവസരങ്ങൾ മാത്രമേ ഞാൻ ഉപയോഗിച്ചിട്ടുള്ളു. ആരോടും അവസരങ്ങൾ ചോദിച്ചിട്ടില്ല. അങ്ങനെ ചോദിക്കുന്നതു തെറ്റായതുകൊണ്ടല്ല. എനിക്കു പാടാനുള്ള പാട്ടുകൾ എന്നിലേക്കു തന്നെ വരുമെന്നാണു വിശ്വാസം. അത് വന്നില്ലെങ്കിൽ മറ്റൊരു ഗായികയ്ക്ക് ഉള്ളതാണെന്നു മാത്രം ചിന്തിക്കും. ഞാൻ എന്റേതായ രീതിയിൽ പാട്ടുകൾ പരിശീലിക്കുന്നുണ്ട്, കച്ചേരികൾ അവതരിപ്പിക്കുന്നുണ്ട്. അങ്ങനെ ഞാൻ പാടിയ പാട്ടുകളിലൂടെ എന്റെ ശബ്ദമൊക്കെ ആളുകൾക്ക് പരിചിതമായിട്ടുണ്ടെന്നു തോന്നുന്നു. അങ്ങനെയുള്ളപ്പോൾ എനിക്കുള്ള അവസരങ്ങൾ എന്നിലേക്കു തന്നെ എത്തുമെന്നാണു പ്രതീക്ഷ. 

∙ ഗായിക എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വ്യക്തി കൂടിയാണ് സിതാര. പല വിഷയങ്ങളിലും നിലപാട് അറിയിച്ചിട്ടുണ്ട്. ചിലർ അതിനെ രാഷ്ട്രീയവൽക്കരിക്കാൻ പരോക്ഷ ശ്രമങ്ങൾ നടത്താറുമുണ്ട്. സിതാരയുടെ കല രാഷ്ട്രീയം  ആണോ? 

‌ഭക്ഷണത്തിന്റെ രാഷ്ട്രീയം, വസ്ത്രത്തിന്റെ രാഷ്ട്രീയം എന്നിങ്ങനെ എല്ലാത്തിനും രാഷ്ട്രീയമുണ്ടെന്നു നമ്മൾ പറയുമല്ലോ. മലയാളികൾക്കു കൃത്യമായ രാഷ്ട്രീയബോധം ഉണ്ട്. ആരോടു ചോദിച്ചാലും അവരുടെ ഉള്ളിൽ അത്തരം അഭിപ്രായങ്ങൾ കൃത്യമായിട്ടുണ്ടാകും. എന്റെ നിലപാടുകളെയൊക്കെ കമ്യൂണിക്കേറ്റ് ചെയ്യാനുള്ള ഒരു മാധ്യമം എന്ന നിലയിൽ കലയെ ഉപയോഗിക്കുന്നു എന്നു വേണമെങ്കിൽ പറയാം. രാഷ്ട്രീയം എന്നു പറയുമ്പോൾ തന്നെ പലരും പാർട്ടി പൊളിറ്റിക്സ്, കക്ഷിരാഷ്ട്രീയം എന്നൊക്കെ തെറ്റിദ്ധരിക്കും. പക്ഷേ അതല്ലല്ലോ നമ്മൾ പറയുന്ന രാഷ്ട്രീയം. അതിനപ്പുറം, മനുഷ്യരെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും സഹജീവികളെക്കുറിച്ചുമൊക്കെയുള്ള ധാരണ ഉണ്ടാക്കിയെടുക്കുക എന്നതാണു പ്രധാനം. 

sithara
സിതാര കൃഷ്ണകുമാർ (ഇൻസ്റ്റഗ്രാം)

∙ ആലാപനത്തിൽ മാത്രമല്ല, സംഗീതസംവിധാനത്തിലും സിതാര ഹരിശ്രീ കുറിച്ചിട്ടുണ്ട്. മലയാള സിനിമാസംഗീതശാഖയിൽ സ്ത്രീ സംഗീതസംവിധായകർ വിരളമാണ്. സ്ത്രീകൾക്കു മികവ് തെളിയിക്കാൻ പറ്റാത്ത വിധത്തിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടോ സിനിമയിൽ? 

തടസ്സങ്ങളൊന്നും ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ല. പണ്ടുമുതൽ തന്നെ എല്ലാ മേഖലയിലും വനിതാ ജോലിക്കാരുടെ എണ്ണം കുറവായിരുന്നല്ലോ. ഇപ്പോൾ പിന്നെ അത് കുറേയൊക്കെ മാറി വരുന്നുണ്ട്. സിനിമയിൽ ആണെങ്കിൽ ടെക്നിക്കൽ സൈഡിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഇപ്പോഴാണ് വർധനവ് ഉണ്ടായിരിക്കുന്നത്. സംഗീതത്തിന്റെ കാര്യം പറഞ്ഞാൽ, ഇത്ര സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ പറ്റുന്ന ഒന്നല്ല. ചിലപ്പോൾ പാതിരാത്രി വരെയൊക്കെ സ്റ്റുഡിയോയിൽ ചെലവഴിക്കേണ്ടി വരും. അങ്ങനെയുള്ള ജോലി ചെയ്യാൻ സ്ത്രീകൾ മുന്നോട്ടുവന്നതോടെ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഞാൻ മുംബൈയിലും ഹൈദരാബാദിലുമൊക്കെ പോകുമ്പോൾ‍ അവിടെ വളരെ മിടുക്കരായ വനിതാ മ്യൂസിക് പ്രൊഡ്യൂസർമാരെ കാണാറുണ്ട്. അതൊക്കെ വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഞാൻ നോക്കി നിൽക്കുന്നത്. അതൊക്കെ വലിയൊരു മാറ്റമല്ലേ? 

English Summary:

Paattupusthakam interview with singer Sithara Krishnakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com