ADVERTISEMENT

പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളിലെത്തിയ ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിരിപ്പൂരം തീർത്ത് ഹിറ്റിലേക്കു കുതിക്കുന്ന ചിത്രത്തിനു വേണ്ടി നടൻ അജു വർഗീസ് ആലപിച്ച 'കൃഷ്ണ' എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. സംഗീതസംവിധായകൻ അങ്കിത് മേനോൻ ആണ് ചിത്രത്തിനു വേണ്ടി ഈണമൊരുക്കിയത്. അജു പാടി അഭിനയിക്കുന്ന രംഗത്തിൽ ശബ്ദവും അജുവിന്റേതായാൽ അത് വ്യത്യസ്തതയാകുമല്ലോ എന്ന ചിന്തയാണ് അജുവിനെക്കൊണ്ടു പാടിക്കാൻ തീരുമാനിച്ചതിനു പിന്നിലെന്ന് ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസ് പറയുന്നു. ട്രാക്ക് പാടിയ അങ്കിത് മേനോന്റെ ശബ്ദത്തിനോട് അജുവിന്റെ ശബ്ദത്തിന് സാമ്യമുള്ളതുകൊണ്ട് അജു പാടിയാൽ നന്നായിരിക്കുമെന്ന് തോന്നി. ഇക്കാര്യം അജുവിനോടു പറഞ്ഞപ്പോൾ പൂർണ സമ്മതം അറിയിച്ചെന്നും വിപിൻ ദാസ് മനോരമ ഓൺലൈനിനോട് പറഞ്ഞു.  

ഷൂട്ട് കഴിഞ്ഞ് റെക്കോർഡിങ് 

ഗുരുവായൂർ അമ്പലനടയിലെ 'കെ ഫോർ കൃഷ്ണ' എന്ന ഗാനം അജു വർഗീസ് പാടി അഭിനയിച്ചിരിക്കുകയാണ്. അജു അത് ചെയ്തപ്പോൾ തന്നെ ഞങ്ങളുടെ ഇടയിൽ ഹിറ്റ് ആയിരുന്നു. എല്ലാവർക്കും ആ പാട്ടു രംഗം ഒരുപാട് ഇഷ്ടമായി. വിഷ്വൽ എടുത്തുകഴിഞ്ഞാണ് അജു തന്നെ ആ പാട്ടു പാടട്ടെ എന്നു തീരുമാനിച്ചത്. പാട്ടിനു ട്രാക്ക് പാടിയത് അങ്കിത് മേനോൻ തന്നെയാണ്. അങ്കിതിന്റെ ശബ്ദത്തിൽ ആ പാട്ട് കേട്ട് എല്ലാവർക്കും ഇഷ്ടമായിരുന്നു. അതു തന്നെ ഉപയോഗിച്ചാലോ എന്ന് ഞങ്ങൾ ആലോചിക്കുകയും ചെയ്തു. അജു വെറുതെ ആ പാട്ട് പാടിയപ്പോൾ അങ്കിതിന്റെ ശബ്ദത്തോടു സാമ്യം തോന്നി. അങ്ങനെയാണ് ഈ പാട്ട് അജുവിനെക്കൊണ്ടു തന്നെ പാടിച്ചാലോ എന്നു തോന്നിയത്. അജുവിനോട് അക്കാര്യം പറഞ്ഞപ്പോൾ അജുവിനും സമ്മതമായി. 

അജുവിന്റെ ശബ്ദം ഹിറ്റ്

അജു പതിയെ പാട്ടു പഠിച്ചെടുത്തു പാടി. കുറച്ചു സമയമെടുത്തെങ്കിലും അജു അതു മികച്ച രീതിയിൽ തന്നെ പാടിത്തീർത്തു. 'കിളി പോയി' എന്ന സിനിമയിലൊക്കെ അജു ചെറിയ രീതിയിൽ പാടിയിട്ടുണ്ട്. എങ്കിലും ഇതുപോലെ മുഴുവൻ പാട്ട് പിന്നണി പാടുന്നത് ആദ്യമായിട്ടാണ്. അജു പാടിക്കഴിഞ്ഞപ്പോൾ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. ആ സീനിന്റെ മൂഡ് സൃഷ്ടിച്ചെടുക്കാൻ അജുവിനു സാധിച്ചു. ഇപ്പോൾ ആ രംഗം എല്ലാവരും എടുത്തു പറയുന്നുണ്ട്. 'അജു പാടിയത് നന്നായിട്ടുണ്ട്', 'വളരെ വെറൈറ്റി ആയി' എന്നൊക്കെയുള്ള അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. 

 

കെ ഫോർ കല്യാണവും ഹിറ്റ്

‘കെ ഫോർ കൃഷ്ണ’ എന്ന പാട്ടിന് വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. മിലൻ ജോയ്, അരവിന്ദ് നായർ, അമൽ.സി.അജിത്, ഉണ്ണി ഇളയരാജ എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തിലെ ‘കെ ഫോർ കല്യാണം’ എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. ഒരു വിവാഹത്തിനിടെയുള്ള രസകരമായ സംഭവങ്ങളാണ് സിനിമയിൽ പറയുന്നത്. ഒരിടവേളയ്ക്കു ശേഷം മുഴുനീള കോമഡി വേഷത്തിൽ എത്തിയ പൃഥ്വിരാജിന്റെ പ്രകടനത്തെ പ്രേക്ഷകർ ഏറ്റെടുത്തു. ഒപ്പം സിനിമയും. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ.മേത്ത, സി.വി.സാരഥി എന്നിവർ ചേർന്നാണു ചിത്രത്തിന്റെ നിർമാണം.  

English Summary:

Vipin Das opens up about K For Krishna song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com