ADVERTISEMENT

കലാഭവൻ മണി എന്ന അതുല്യ പ്രതിഭ നമ്മെ വിട്ടു പിരിഞ്ഞിട്ടു മൂന്നുവർഷങ്ങൾ പിന്നിടുന്നു. സിനിമാതാരം എന്നതിലുപരി സാധരണക്കാരുടെ മനസ്സിൽ മണി എന്ന മനുഷ്യ സ്നേഹിക്ക് ഒരു സ്ഥാനമുണ്ട്. സഹായമഭ്യർഥിച്ച് എത്തുന്നവരെ ഒരിക്കലും കൈവിടാത്ത വ്യക്തിയായിരുന്നു. മണിയുടെ വിയോഗത്തിന് ശേഷം നിരവധി പേർക്കാണ് ആ സ്നേഹത്തണൽ നഷ്ടമായത്. അതിലൊരാളാണ് ഹനാൻ. കൊച്ചിയിൽ തമ്മനത്ത് യൂണിഫോമിൽ മീൻവിറ്റതിലൂടെയാണ് ഹനാനെ ജനങ്ങൾ കൂടുതൽ അറിയുന്നത്. നിരവധി പരിപാടികളിൽ ഹനാനെ കൊണ്ട് കലാഭവൻ മണി പാട്ടുകൾ പാടിച്ചിട്ടുണ്ട്. വിട്ടുപിരിഞ്ഞ് വർഷങ്ങൾക്കു ശേഷം കലാഭവൻ മണിക്കായൊരു സമ്മാനം ഒരുക്കുകയാണ് ഈ പെണ്‍കുട്ടി. 

കലാഭവൻ മണിയെ കുറിച്ചും ആ പാട്ടിനെ കുറിച്ചും ഹനാന്റെ വാക്കുകൾ ഇങ്ങനെ: മണിച്ചേട്ടന്റെ ചിത കത്തി എരിയുന്നതു കണ്ടാണ് ഞാൻ ആ ഗാനം എഴുതിയത്. ആ പാട്ട് മണിച്ചേട്ടൻ മരിച്ച വർഷം തന്നെ ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ, അതു ചെയ്യാനുള്ള സാമ്പത്തിക സാഹചര്യങ്ങൾ അപ്പോൾ എനിക്കില്ലായിരുന്നു. ആ പാട്ടെഴുതുമ്പോൾ മണിച്ചേട്ടൻ എനിക്കു പാടിത്തരുന്നതു പോലെയാണ് തോന്നിയത്. മണിച്ചേട്ടന്റെ ശബ്ദത്തിൽ തന്നെ ഗാനം കേൾക്കണമെന്ന് എനിക്കു വലിയ ആഗ്രഹമായിരുന്നു. അതുകൃത്യമായി രഞ്ജു ചേട്ടൻ പാടി നൽകി. പിന്നെ, അതിലെ ചില ഡയലോഗുകൾ. മണിച്ചേട്ടൻ കുഞ്ഞാവെ, കുഞ്ഞാവെ എന്നാണ് എന്നെ വിളിച്ചിരുന്നത്. കുഞ്ഞാവെ മാമുണ്ടോ എന്നൊക്കെ ഇടയ്ക്കു ചോദിക്കും. രഞ്ജുച്ചേട്ടൻ സ്റ്റുഡിയോയിൽ പാടുമ്പോൾ ശരിക്കും മണിച്ചേട്ടൻ ഇറങ്ങി വന്നു പാടുന്നതു പോലെയുണ്ടായിരുന്നു.’

കലാഭവൻ മണിയുടെ രണ്ടാമത്തെ അനുസ്മരണ പരിപാടിയിൽ ഈ ഗാനം പാടിയിരുന്നതായും ഹനാൻ പറഞ്ഞു. അന്ന് ഐ.എം വിജയനാണ് പാടാൻ സഹായിച്ചത്. ഇതു മണിച്ചെട്ടന്റെ മോളെ പോലെയുള്ള കുട്ടിയാണെന്നു വിജയൻ ചേട്ടന്‍ പറഞ്ഞിട്ടാണ് അന്ന് ആദ്യമായി ഈ ഗാനം ആലപിച്ചതെന്നും ഹനാൻ അറിയിച്ചു.

‘മണിച്ചേട്ടന്റെ കുഞ്ഞാറ്റ’ എന്നു പേരിട്ടിരിക്കുന്ന ആൽബത്തിന്റെ വരികളും സംഗീതവും ഹനാന്റെതു തന്നെയാണ്. രഞ്ജുവും ഹനാനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത് ഹനാന് പാട്ടുപാടികൊടുക്കുന്ന, കളിപ്പിക്കുന്ന കുഞ്ഞേട്ടൻ കൂടിയായിരുന്നു കലാഭവൻ മണി. മണിയുടെ രൂപസാദൃശ്യമുള്ള ആളെത്തുന്ന ആല്‍ബം വികാരാര്‍ദ്ര നിമിഷങ്ങള്‍ കൂട്ടിയിണത്തിയാണ് ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com