ADVERTISEMENT

‘ആയിരം കണ്ണുമായ് 

കാത്തിരുന്നു നിന്നെ ഞാന്‍

എന്നിൽ നിന്നും പറന്നകന്നൊരു

പൈങ്കിളീ മലർ തേൻകിളീ....

പൈങ്കിളീ മലർ തേൻകിളീ.....’

ഈ വരികൾ ഒരു മലയാളിയും മറക്കാനിടയില്ല. ഫാസിൽ സംവിധാനം ചെയ്ത് 1984–ൽ പുറത്തിറങ്ങിയ ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലെ ഈ ഗാനം അത്രമേൽ പാടിപ്പതിഞ്ഞിട്ടുണ്ട് മലയാളിമനസ്സിൽ. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കൊച്ചുമകളെ കണ്ട ഒരു മുത്തശ്ശിയുടെ ഹൃദയവിചാരങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചിത്രത്തിൽ ഈ ഗാനം എത്തിയത്. മോഹൻലാൽ, നാദിയ മൊയ്തു, പത്മിനി, തിലകൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബിച്ചു തിരുമലയുടെ വരികൾക്ക് ജെറി അമൽദേവ് സംഗീതം പകർന്നു. ഈ ഗാനത്തിന്റെ പിറവിക്കു പിന്നിൽ ഒരു കഥയുണ്ട്. ആ കഥ സംഗീതസംവിധായകൻ ജെറി അമൽദേവ് തന്നെയാണ് പങ്കുവച്ചത്. മഴവിൽ മനോരമയിലെ പാടാം നമുക്ക് പാടാം സംഗീതപരിപാടിയുടെ നൂറാം എപ്പിസോഡിൽ അതിഥിയായെത്തിയപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വിവരിച്ചത്. ജെറി അമൽ ദേവിന്റെ വാക്കുകൾ ഇങ്ങനെ:  

‘എനിക്കും ബിച്ചു തിരുമലയ്ക്കും ഫാസിൽ സർ ചിത്രത്തിന്റെ കഥപറഞ്ഞു തന്നു. അതിനു ശേഷം അദ്ദേഹം പറഞ്ഞു, ഈ പാട്ട് സിനിമയ്ക്ക് അനുയോജ്യമായാൽ മാത്രം പോരാ, പിന്നീട് ആളുകൾ ഇത് കേൾക്കുമ്പോൾ അവരിൽ എന്തെങ്കിലും ഓർമകൾ ഉണര്‍ത്താൻ ഉതകുന്ന തരത്തിലായിരിക്കണമെന്ന്. ഞങ്ങൾ രണ്ടുപേരും അതു തലകുലുക്കി സമ്മതിച്ചവെങ്കിലും പിന്നീട് പരസ്പരം നോക്കി എന്തുചെയ്യണമെന്ന് ആലോചിച്ചിരുന്നു. കാരണം പാട്ട് എങ്ങനെ ചെയ്യുമെന്ന് ഞങ്ങളുടെ മനസ്സിൽ യാതൊരു ആശയവും ഉണ്ടായിരുന്നില്ല. ആലപ്പുഴയിലെ ഒരു ഹോട്ടലിലായിരുന്നു ആ സമയത്ത് ഞങ്ങൾ. അപ്പോൾ അവിടെ ഒരു മേശപ്പുറത്ത് ‘ചങ്ങമ്പുഴയുടെ കൃതികൾ’ എന്ന പുസ്തകമിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. അത് അവിടെ എങ്ങനെ വന്നു എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഒരറിവും ഇല്ല. തിരുമല സർ അത് തിരിച്ചും മറിച്ചും നോക്കിയിട്ട് ഇത് ചങ്ങമ്പുഴയുടെ പാട്ടുകളാണെന്നും അതിൽനിന്ന് എന്തെങ്കിലും നൊസ്റ്റാൾജിയ ഘടകങ്ങള്‍ കിട്ടുമോ എന്നു നോക്കാമെന്നും പറഞ്ഞു. അദ്ദേഹം അത് പരിശോധിച്ചപ്പോൾ അതിൽ ‘ശ്യാമളേ.... ശ്യാമളേ.....’ എന്നു തുടങ്ങുന്ന ഒരു ഗാനം കണ്ടു. 

അതിൽ ചങ്ങമ്പുഴയ്ക്കു തോന്നിയതു പോലൊരു നൊസ്റ്റാൾജിയ എനിക്കും അനുഭവപ്പെട്ടു. അങ്ങനെ അതൊന്നു മൂളിനോക്കാമെന്നു പറഞ്ഞ് ബിച്ചു സർ തുടങ്ങിത്തന്നു. അതിന് പിന്നാലെ ഞാൻ പാടി. ‘ശ്യാമളേ......ശ്യാമളേ....’.  ഞാൻ പാടിയത് കേട്ടപ്പോൾ അതിൽ നൊസ്റ്റാൾജിയ ഉള്ളതായി തനിക്ക് തോന്നുന്നു എന്ന് ബിച്ചു സാറ് പറഞ്ഞു. പക്ഷേ നമുക്ക് ശ്യാമളയെ മാറ്റി ചിത്രത്തിന് അനുയോജ്യമായ രീതിയിലാക്കാം എന്ന് അദ്ദേഹം പറഞ്ഞു. അമ്മൂമ്മ കൊച്ചുമകളെ കാത്തിരിക്കുന്ന സന്ദർഭത്തിന് അനുയോജ്യമായ വിധത്തിലേക്ക് ആ പാട്ട് മാറ്റി. അങ്ങനെ ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ’ എന്ന ഗാനം പിറന്നു. 

കഥ പറഞ്ഞതിന് ശേഷം പ്രേക്ഷകർക്കായി ജെറി അമൽദേവ് ആ ഗാനം ആലപിച്ചു. കേട്ടിരുന്ന എല്ലാവരും അദ്ദേഹത്തിനൊപ്പം ചുണ്ടുകൾ ചലിപ്പിച്ചു. മലയാളികൾക്ക് എന്നും ഓർമയിൽ സൂക്ഷിക്കാനും മൂളിനടക്കാനുമായി നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീതസംവിധായകനാണ് ജെറി അമൽദേവ്. ‘മിഴിയോരം നനഞ്ഞൊഴുകും’, ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ ‘വാചാലം എൻ മൗനവും’, ‘മഞ്ചാടിക്കുന്നിൽ’, ‘എല്ലാം ഓർമ്മകൾ’, ‘ഇനിയുമേതു തീരം’, ‘പെണ്ണിന്റെ ചെഞ്ചുണ്ടിൽ’, ‘ദേവദുന്ദുഭീ’, ‘കണ്ണോടു കണ്ണോരം’, ‘കൊഞ്ചും ചിലങ്കേ’ തുടങ്ങിയ അവയിൽ പ്രധാനപ്പെട്ടവയാണ്. 

ആദ്യകാലത്ത് കൊച്ചി ബോസ്കോ കലാസമതിയിൽ ഗായകനായിരുന്നു ജെറി. ന്യൂയോർക്കിലെ ഇത്താക്കയിലെ കോർണെൽ സർവകലാശാലയിൽനിന്ന് സംഗീതത്തിൽ ബിരുദവും സംഗീതസംവിധാനത്തിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം കുറച്ചുകാലം ക്വീൻസ് കോളജിൽ അധ്യാപകനായി. ഇന്ത്യയിൽ തിരിച്ചുവന്ന അദ്ദേഹം, ഉത്തരേന്ത്യയിലെ പ്രശസ്ത ചലച്ചിത്രസംഗീതസംവിധായകനായ നൗഷാദിന്റെ സഹായിയായി അഞ്ചു വർഷം ജോലിചെയ്തു. മദ്രാസിലെ സ്റ്റെല്ലാ മേരീസ് കോളജിലും അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിലും അദ്ദേഹം സംഗീതം പഠിപ്പിച്ചു. സംഗീതസംവിധായകനായ ശേഷം എണ്ണം പറഞ്ഞ കുറേ പാട്ടുകൾ സംഗീതാസ്വാദകർക്കു സമ്മാനിച്ച ജെറി അമൽദേവ് കുറച്ചുകാലം സജീവമല്ലായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം 2016–ല്‍ പുറത്തിറങ്ങിയ ‘ആക്‌ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിലെ ‘പൂക്കൾ പനിനീർപൂക്കൾ’ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം മലയാള ചലച്ചിത്രസംഗീത മേഖലയിലേക്ക് തിരിച്ചെത്തിയത്. 

‘പാടാം നമുക്കു പാടാം’ വേദിയിൽ സംഗീതജീവിതത്തിലെ വിശേഷങ്ങളും ഓർമകളും ജെറി അമൽദേവ് പങ്കുവച്ചപ്പോൾ അദ്ദഹത്തിന് വേണ്ടി പാടാൻ അവസരം ലഭിച്ചതിന്റെ സന്തോഷം കെ.എസ്. ചിത്ര പങ്കുവച്ചു. പരിപാടിയുടെ വിധികർത്താക്കളായ ശരതും കെ.എസ്. ചിത്രയും റിമി ടോമിയും ചേർന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി ഗാനങ്ങൾ ആലപിച്ചു. 100–ാം എപ്പിസോഡിന്റെ ആഘോഷവേളയിലും പങ്കെടുത്ത ശേഷമാണ് ജെറി അമൽദേവ് വേദിവിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com