ADVERTISEMENT

പ്രണയാർദ്ര ഗാനങ്ങൾ സംഗീതപ്രേമികളുടെ ആസ്വാദന തലത്തെ പല തരത്തിൽ സ്വാധീനിക്കാറുണ്ട്. എക്കാലത്തെയും മികച്ച റൊമാന്റിക് ഗാനങ്ങളുടെ പട്ടിക പരിശോധിക്കുക വളരെ ശ്രമകരമാണ്. ചില ഗാനങ്ങൾ ആദ്യ കേൾവിയിൽത്തന്നെ ശ്രോതാവിന്റെ മനസ്സിൽ കയറിക്കൂടും. ചിലത് ആവർത്തിച്ചു കേൾക്കുമ്പോഴായിരിക്കും. സംഗീത പ്രേമികൾക്ക് ആസ്വദിക്കാൻ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട് മലയാള ചലച്ചിത്ര മേഖല. നടനും ഗാനരചയിതാവും തിരക്കഥകൃത്തുമായ അനൂപ് മോനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിലെ ‘എൻ രാമഴയിൽ’ എന്നു തുടങ്ങുന്ന പ്രണയഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

‘എൻ രാമഴയിൽ ഇതൾ നനയും പനിമലരേ

നിൻ ഓർമകളാൽ  മയ്യെഴുതും നഗരമിതിൽ

കാണാമറയത്തു നിന്നും ഏതോ മയൂരങ്ങളാടി

ആരോരുമറിയാതെ നിൻ പൊൻ പിറാവുകൾ

ഇളവെയിലായ് ഇണതിരയുകയോ......’

അനൂപ് മേനോന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തിലെ ഈ ഗാനത്തിന് വരികളൊരുക്കിയതും അനൂപ് മേനോൻ തന്നെയാണ്. രതീഷ് വേഗ ഈണം പകർന്ന ഗാനം ആലപിച്ചത് വിജയ് യേശുദാസ്. അനൂപ് മേനോനും ദിവ്യ എസ്. പിള്ളയുമാണ് ഗാനരംഗത്ത് അഭിനയിക്കുന്നത്. പ്രേക്ഷകശ്രദ്ധ ആകർഷിച്ച ഈ പാട്ട് പിറന്നതെങ്ങനെയെന്ന് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അനൂപ് മേനോൻ വിശദീകരിച്ചിരുന്നു.

അനൂപ് മേനോന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: ‘എൻ രാമഴയിൽ പാട്ട് വന്ന വഴി. കിങ് ഫിഷിന്റെ മൂന്ന് പാട്ടുകൾ റക്കോർഡ് ചെയ്തതിന് ശേഷമാണ് നാലാമത്തെ പാട്ടിന്റെ കമ്പോസിങ്ങിന് ഇരിക്കുന്നത്. അപ്പോ അന്ന് ബാക്കി ഇതിലെ മൂന്ന് പാട്ടുകളുടെയും വരികൾ എഴുതിയത് പുതുമുഖമായ ദീപക് വിജയനാണ്. പക്ഷേ നാലാമത്തെ പാട്ടിലേക്ക് എത്തിയപ്പോൾ ചില കാരണങ്ങൾ കൊണ്ട് അത് എഴുതാനുള്ള സാഹചര്യം അവനുണ്ടായില്ല. ആദ്യമായി അവനൊരു കുഞ്ഞ് പിറന്ന ടൈം ഒക്കെ ആയിരുന്നു അത്. അപ്പോ എനിക്ക് അതെഴുതേണ്ടി വന്നു. അങ്ങനെ അതെഴുതി ഈ പാട്ട് നമ്മളൊരു ഡമ്മി ആക്കി. അതിനൊരു ട്രാക്ക് ഒക്കെ പാടിച്ച് വെച്ചിട്ട് ഇതാര് പാടണം എന്ന ചോദ്യവുമായി. ആദ്യത്തെ മൂന്ന് പാട്ടുകൾ പാടിയത് വിജയ് യേശുദാസ് ആണ്. അതുകൊണ്ട് നമുക്കൊരു ഡിഫ്രന്റ് വോയ്സ് പരീക്ഷിച്ചാലോ എന്നൊരു തോന്നലുണ്ടായി. അതാദ്യം വിളിച്ചു ചോദിച്ചത് വിജയിനോടാണ്. വിജയ് പറഞ്ഞു ‘ചേട്ടാ ട്രൈ ചെയ്യൂ... പുതിയ തലമുറയിലെ ഏതേലും സിങ്ങറിനെ വച്ച് ട്രൈ ചെയ്യൂ...ഒരു ഡിഫ്രന്റ് വോയ്സ് കിട്ടും. ഈ പാട്ട് ഞാൻ കേട്ടതാണ്. എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്. ആരു പാടിയാലും ആ പാട്ടുകാരന് അതൊരു വലിയ മൈൽസ്റ്റോൺ ആയിരിക്കും.’ എന്ന് പറഞ്ഞ് അവൻ വെച്ചു. ‍ഞങ്ങൾ വിജയ് പറഞ്ഞതു പോലെ പുതിയ തലമുറയിലെ ഓരോ സിങ്ങറിനെ കൊണ്ട് പാടിക്കാൻ തുടങ്ങി. ഒരാളു വന്നു, ശരിയാകുന്നില്ല. അടുത്ത് ആളു വന്നു, ശരിയാകുന്നില്ല. എല്ലാവരും നന്നായി പാടുന്നുണ്ട്. പക്ഷേ ഈ പാട്ട് അർഹിക്കുന്ന ആ ഒരു ഫീൽ അത് കിട്ടുന്നില്ല. രാവിലെ തുടങ്ങിയ പാട്ട് ഇങ്ങനെ പല ഗായകരിലൂടെ പരീക്ഷിച്ച് രാത്രി 11 മണിയായി. അവസാനത്തെ ഗായകനും പോയിക്കഴിഞ്ഞപ്പോൾ ഞാൻ വിജയ് യേശുദാസിനെ വിളിക്കുന്നു. ‘നീ എവിടെയുണ്ട്’? ‘ചേട്ടാ ഞാൻ ഹോട്ടലിലാണ്, ഉറങ്ങാൻ തുടങ്ങുന്നു’. 

‘നിനക്ക് കുഴപ്പമില്ലെങ്കിലൽ ഒന്ന് ഇപ്പോൾത്തന്നെ സ്റ്റുഡിയോയിലേക്ക് വാ..’ അവൻ പത്ത് മിനിറ്റിനകം സ്റ്റുഡിയോയിൽ എത്തുന്നു. പാട്ട് ഒന്നുകൂടി കേൾക്കുന്നു. ഇരുപത് മിനിറ്റ് കൊണ്ടു ഈ പാട്ട് പാടുന്നു. ആദ്യം പാടിയ വേർഷൻ കേട്ടപ്പോൾ രതീഷ് പറയുന്നു ‘ഒന്നൂടെ പാടിയാൽ ഇത് പെർഫെക്ട് ആകും’. അപ്പോൾ അവൻ ഒന്നു കൂടെ കേറുന്നു, ഒരു പത്തു മിനിറ്റ് കൂടി... പാട്ട് കഴിഞ്ഞു. 

കാര്യം ബാക്കി എല്ലാവരും നന്നായി തന്നെയാണ് പാടിയത്. പക്ഷേ വിജയ് പാടിയപ്പോൾ ഈ പാട്ടിന് വന്നൊരു ഇന്റൻസിറ്റി... ഈ പാട്ട് നിങ്ങളിൽ ഇപ്പോഴുണ്ടാക്കുന്ന ഭാവം...സ്നേഹം...പ്രണയം. അതൊന്ന് വേറെ തന്നെയായിരുന്നു. അതുകൊണ്ടു തന്നെയാവാം വിജയ് യേശുദാസ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനാകുന്നത്. ഈ പാട്ടിനെക്കുറിച്ച എടുത്ത് പറയേണ്ട ഒരു കാര്യം, ഇത് കണ്ടവരെല്ലാം ചോദിച്ചത് ആരാണ് ഇതിന്റെ സിനിമാറ്റോഗ്രാഫർ എന്നാണ്. ഒരു പുതിയ പയ്യനാണ് മഹാദേവൻ തമ്പി. അവനൊരുക്കിയ വിഷ്വൽസ് ആണ്. വീണ്ടും പറയട്ടെ ഈ പാട്ട് ഈ സിനിമയിൽ അർഹിക്കുന്ന എല്ലാ പ്രണയ വിരഹ ഭാവങ്ങളോടും കൂടി നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞത് അവന്റെ കൂടി കഴിവാണ്. ഇന്ന് ഈ പാട്ടിന്റെ വിജയാഘോഷവേളയിൽ മറ്റാരേക്കാളും വിജയ് യേശുദാസിനെയും രതീഷ് വേഗയെയും മഹാദേവൻ തമ്പിയെയും ഓർമിക്കുന്നു.... സ്നേഹിക്കുന്നു.... ഒപ്പം ഈ പാട്ട് ഏറ്റെടുത്ത നിങ്ങളെയും’.

തികച്ചും അപ്രതീക്ഷിതമായിട്ടാണ് അനൂപ് മേനോൻ സംവിധായകന്റെ വേഷമണിഞ്ഞത്. വി.കെ. പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായതോടെ ‘കിങ് ഫിഷ്’ അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com