ADVERTISEMENT

സംഗീതപ്രേമികൾ നെഞ്ചിലേറ്റിയ ഗാനമാണ് എടക്കാട് ബെറ്റാലിയൻ 06 എന്ന സിനിമയിലെ ‘നീ ഹിമമഴയായ് വരൂ... ഹൃദയം അണി വിരലാൽ തൊടൂ...’ എന്ന പാട്ട്. മികച്ച പ്രണയഗാനമായി വിലയിരുത്തപ്പെട്ട ഈ പാട്ട് പാടിയത് നിത്യ മാമ്മൻ എന്ന പുതുമുഖ ഗായിക ആണെന്ന് അറിഞ്ഞതോടെ നിരവധി പേരാണ് ഗായികയെ അഭിനന്ദിച്ച് രംഗത്ത് വന്നത്. 

ശ്രേയ ഘോഷാലിനെക്കൊണ്ടാണ് ആദ്യം ഇൗ ഗാനം പാടിപ്പിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും നിത്യയുടെ പാട്ട് കേട്ടതോടെ സംഗീത സംവിധായകൻ കൈലാസ് മേനോൻ ആ തീരുമാനം മാറ്റുകയായിരുന്നു. നേരത്തെ അന്യഭാഷാഗായകരെ മലയാളത്തിൽ പാടിപ്പിക്കുന്നതിനെ പലരും വിമർശിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു വിമർശനത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് കൈലാസ് മേനോൻ ഇപ്പോൾ. നിത്യയെപ്പോലെ കഴിവുള്ളവർ ഉണ്ടായിട്ടും ബംഗാളികളെ കൊണ്ട് പാടിക്കുന്നത് ശരിയാണോ എന്ന് സമൂഹമാധ്യമത്തിൽ ഉയർന്ന ചോദ്യത്തിന് അദ്ദേഹം കൊടുത്ത മറുപടി ഇപ്രകാരമാണ്. 

കൈലാസ് മേനോന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ: ‘അതിൽ എന്താണ് തെറ്റ്? കലയ്ക്ക് ഭാഷാ അതിർവരമ്പുകളില്ല.. ഒരാളുടെ കഴിവ് നോക്കിയാണ് പാടാൻ വിളിക്കുന്നത്, സ്വദേശമോ മാതൃഭാഷയോ നോക്കിയല്ല..ഏറ്റവും കൂടുതൽ ആവർത്തിച്ചു കേൾക്കുന്നതും ചർച്ച ചെയ്യപ്പെടുന്നതുമായ ഒരു ചോദ്യമാണിത്, മലയാളത്തിൽ ഇത്ര നല്ല ഗായികമാരുള്ളപ്പോൾ എന്തിനാണ് ശ്രേയഘോഷാലിനെ കൊണ്ട് പാടിക്കുന്നത് എന്ന്..എല്ലാ ഭാഷക്കാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ യേശുദാസ്, പി.ജയചന്ദ്രൻ, കെ.എസ്.ചിത്ര, സുജാത, ഉണ്ണിമേനോൻ, ഉണ്ണികൃഷ്ണൻ, വിജയ് യേശുദാസ് ഇവരൊന്നും മറ്റ് ഭാഷകളിൽ പാടില്ലായിരുന്നു. ഒരു പാട്ടിന് ഏറ്റവും ചേരുന്നതും, എത്രത്തോളം ആ പാട്ടിനോട് നീതി പുലർത്താൻ കഴിയുന്ന ഗായകൻ/ഗായികയാണ് എന്നേ സംഗീതസംവിധായകർ നോക്കാറുള്ളൂ. അത് ഒരു പക്ഷെ ശ്രേയ ഘോഷാലാവാം, മറ്റാരുമാവാം.’

ഇക്കാര്യത്തിൽ സംഗീതസംവിധായകനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. കലാകാരന്മാരെയും കലാകാരികളെയും ഭാഷയുടെയും സംസ്ഥാനത്തിന്റെയും അതിരുകൾ വച്ച് വിലയിരുത്തുന്നതിന്റെയത്ര മണ്ടത്തരം വേറെയില്ലെന്നാണ് ഒരാളുടെ കമന്റ്. പാക്ക് ഗായകനെ ഇന്ത്യയിൽ പാടിക്കില്ല എന്നു പറയുന്ന അതേ മനഃസ്ഥിതിയാണ് ബംഗാളിയെ പാടിക്കരുത് എന്ന് പറയുമ്പോഴും സംഭവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമയിൽ ശ്രേയ ഘോഷാൽ പാടുന്നുണ്ടെങ്കിൽ അത് അവരുടെ കഴിവ് കൊണ്ടാണെന്നും ആരാധകർ കുറിച്ചു. കഴിഞ്ഞ വർഷം ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ‘തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായ് താനെ.....’ എന്ന ഗാനവും കൈലാസ് മേനോൻ സംഗീതം നൽകിയതായിരുന്നു. ആ ഗാനം കെ.എസ് ഹരിശങ്കറിനൊപ്പം ശ്രേയ ഘോഷാൽ ആയിരുന്നു ആലപിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com