ADVERTISEMENT

ശബരിമല സന്നിധാനം. രാത്രിയുടെ ആദ്യയാമം. യേശുദാസിന്റെ ശബ്ദം.

‘ഹരിവരാസനം വിശ്വമോഹനം

ഹരിദധീശ്വരം ആരാധ്യപാദുകം

അരിവിമർദനം നിത്യനർത്തനം

ഹരിഹരാത്മജം ദേവമാശ്രയേ...’

അയ്യപ്പൻ ഉറങ്ങാൻ പോവുകയാണ്.

ശബരിമലയിലെ ജനനിബിഡവും ഭക്തിസാന്ദ്രവുമായ രാത്രിയെ ഈ ഗാനം എത്രമാത്രം വിശുദ്ധീകരിക്കുന്നു എന്ന് അനുഭവിച്ചറിയുക തന്നെ വേണം.

ഭക്തകോടികൾക്ക് ആത്മസായൂജ്യമായ ഈ ഗാനം എഴുതിയതാരാണ്? സ്വാമി അയ്യപ്പനിലെ മറ്റു ഗാനങ്ങൾ എഴുതിയതു വയലാർ ആയതുകൊണ്ട് ഇതിന്റെ പിതൃത്വവും വയലാറിന് ഏൽപ്പിച്ചുകൊടുക്കുന്നവരുണ്ട്. എന്നാൽ, സിനിമയിൽ ദേവരാജന്റെ സംഗീതത്തിൽ യേശുദാസ് ഇതു പാടുന്നതിനു മുൻപും ശബരിമലയിൽ അയ്യപ്പനെ ഉറക്കാൻ ഈ ഗാനം ആലപിച്ചിരുന്നു.

രാമനാഥപുരം കുമ്പക്കുടി കുളത്തൂർ അയ്യരാണ് സംസ്‌കൃതത്തിൽ അയ്യപ്പനെ വർണിച്ചു ഹരിവരാസനം രചിച്ചതെന്നു പരക്കെ വിശ്വസിച്ചിരുന്നു. 352 അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന 108 വാക്കുകൾ ചേർന്ന് 32 വരികൾ എട്ടു ശ്ലോകങ്ങളായി നിറയുന്ന അയ്യപ്പഭക്തി. ‘സ്വാമി അയ്യപ്പനി’ൽ ക്രെഡിറ്റ് നൽകിയിരിക്കുന്നതും മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും കുമ്പക്കുടി അയ്യരുടെ പേരാണ്.

അയ്യരാണ് ഹരിവരാസനം രചിച്ചത് എന്നു കരുതിയിരിക്കുമ്പോഴാണ് 1963 നവംബറിൽ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക്ക് ഡിപ്പോയിൽ നിന്നു പുറത്തിറക്കിയ ‘ഹരിവരാസനം വിശ്വമോഹനം’ എന്ന കീർത്തനസമാഹാരം ഗവേഷകരുടെ ശ്രദ്ധയിൽ പെടുന്നത്. ഇതിന്റെ 78ാം പേജിൽ ‘ഹരിഹരാത്മജാഷ്‌ടകം’ എന്ന തലക്കെട്ടിൽ ‘ഹരിവരാസനം...’ കീർത്തനം അച്ചടിച്ചിട്ടുണ്ട്. ഇതിൽ ‘സമ്പാദകൻ’ എന്നാണ് കുമ്പക്കുടി കുളത്തൂർ അയ്യരുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. സമ്പാദകൻ ഒരിക്കലും രചയിതാവാകില്ലല്ലോ.

സമ്പാദകനെ കാലപ്പഴക്കത്തിൽ രചയിതാവായി തെറ്റിദ്ധരിച്ചതാണെന്നു വ്യക്തം.

പിന്നെ ആരാണ് ഹരിവരാസനം എഴുതിയത്? ഈ ചോദ്യം ചെന്നെത്തുന്നത് ജാനകിയമ്മയിലാണ്. പുറക്കാട് കോന്നകത്ത് ജാനകിയമ്മയുടെ മക്കളായ ഭാരതിയമ്മയും ബാലാമണിയമ്മയുമാണു ‘ഹരിവരാസനം അമ്മ എഴുതിയതാണ്’ എന്ന് ലോകത്തെ അറിയിച്ചത്.

ശബരിമലയിലെ വലിയ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്‌ണ അയ്യരുടെ മകളും പ്രശസ്ത പത്രപ്രവർത്തകനായിരുന്ന എം. ശിവറാമിന്റെ സഹോദരിയുമായിരുന്നു ഭാരതിയമ്മ.

1893ൽ ജാനകിയമ്മ ജനിച്ചു. പിതാവിൽനിന്നു സംസ്‌കൃതത്തിന്റെ ബാലപാഠങ്ങളും ഒറ്റമൂലി വൈദ്യവും അമ്മ പഠിച്ചതായി മകൾ ബാലാമണിയമ്മ പറയുന്നു. പിതാവിൽനിന്ന് അറിഞ്ഞ അയ്യപ്പമാഹാത്മ്യത്തെപ്പറ്റി കീർത്തനങ്ങൾ കുത്തിക്കുറിച്ചു തുടങ്ങി. കുട്ടനാട്ടെ കൃഷിക്കാരനായ ശങ്കരപ്പണിക്കരുമായുള്ള വിവാഹശേഷവും വായനയും എഴുത്തും തുടർന്നു. (കൃഷി നശിച്ച് കടം കയറിയതോടെ പുറക്കാട്ടെ വസ്‌തുവകകൾ വിറ്റ് 1935 ൽ ശാസ്‌താംകോട്ടയിലേക്ക് ആ കുടുംബം ചേക്കേറി.)

1923ൽ മുപ്പതാം വയസ്സിലാണ് ജാനകിയമ്മ ഹരിവരാസനം എഴുതിയത്. അന്ന് അവർ ആറാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. പിറന്ന കുഞ്ഞിന് ‘അയ്യപ്പൻ’ എന്നു പേരിടുകയും ചെയ്‌തു. കീർത്തനം എഴുതിയ ശേഷം അത് പിതാവിനെ ഏൽപ്പിക്കുകയും അദ്ദേഹം അതു കാണിക്കയായി ശബരിമലയിൽ നടയ്‌ക്കുവയ്‌ക്കുകയും ചെയ്‌തുവത്രേ. പിന്നീട് പുറക്കാട്ട് ശിവക്ഷേത്രത്തിലുണ്ടായിരുന്ന ഭജനക്കാരിലൊരാൾ ജാനകിയമ്മയിൽനിന്നു കീർത്തനം പകർത്തിയെടുത്ത് പഠിച്ചു.

പുറക്കാട്ട് കോന്നകത്തു വീടിന്റെ തെക്കുവശത്തുള്ള ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ ഭജനസംഘമാണത്രേ ‘ഹരിവരാസനം’ ആദ്യമായി പാടിയത്. . ശാസ്‌താംകോട്ടയിലേക്കു താമസം മാറ്റിയപ്പോഴും അമ്മ ‘ഹരിവരാസനം’ വിട്ടുകളഞ്ഞില്ലെന്നും ശാസ്‌താംകോട്ട ക്ഷേത്രം സന്ദർശിച്ചു മലയ്‌ക്കു പോയിരുന്ന ‘കല്ലടസംഘം’ അത് ഏറ്റെടുത്തെന്നും ജാനകിയമ്മയുടെ ചെറുമക്കളും പറയുന്നു.

‘സ്വാമി അയ്യപ്പൻ’ സിനിമയിലൂടെ ഹരിവരാസനം ജനകീയ അംഗീകാരം നേടുന്നതിനു മൂന്നു വർഷം മുൻപു 1972ൽ ജാനകിയമ്മ നിര്യാതയായി.

ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന് ഉറപ്പിക്കാൻ ഉതകുന്ന വസ്തുതകളൊന്നും ലഭ്യമല്ല. എങ്കിലും മക്കൾ നിരത്തിയിട്ടുള്ള ഒട്ടേറെ സാഹചര്യത്തെളിവുകൾ പരിഗണിക്കുമ്പോൾ ഈ മഹതിയാണ് ഈ മനോഹര കവിത രചിച്ചതെന്ന് കരുതാം. ഇവരുമല്ല മറ്റാരെങ്കിലുമാണു യഥാർഥ രചയിതാവെങ്കിൽ കാലം അതിന് ഉത്തരം നൽകും വരെ കാത്തിരിക്കേണ്ടി വരും.

ഹരിവരാസനം വിശ്വമോഹനം

ഹരിദധീശ്വരം ആരാധ്യപാദുകം

അരിവിമർദനം നിത്യനർത്തനം

ഹരിഹരാത്മജം ദേവമാശ്രയേ.

ശരണകീർത്തനം ഭക്‌തമാനസം

ഭരണലോലുപം നർത്തനാലസം

അരുണഭാസുരം ഭൂതനായകം

ഹരിഹരാത്മജം ദേവമാശ്രയേ.

പ്രണയസത്യകം പ്രാണനായകം

പ്രണതകൽപ്പകം സുപ്രഭാഞ്‌ജിതം

പ്രണവമന്ദിരം കീർത്തനപ്രിയം

ഹരിഹരാത്മജം ദേവമാശ്രയേ.

തുരഗവാഹനം സുന്ദരാനനം

വരഗദായുധം വേദവർണിതം

ഗുരുകൃപാകരം കീർത്തനപ്രിയം

ഹരിഹരാത്മജം ദേവമാശ്രയേ.

ത്രിഭുവനാർച്ചിതം ദേവതാത്മകം

ത്രിനയനം പ്രഭും ദിവ്യദേശികം

ത്രിദശപൂജിതം ചിന്തിതപ്രദം

ഹരിഹരാത്മജം ദേവമാശ്രയേ.

ഭവഭയാവഹം ഭാവുകാവഹം

ഭുവനമോഹനം ഭൂതിഭൂഷണം

ധവളവാഹനം ദിവ്യവാരണം

ഹരിഹരാത്മജം ദേവമാശ്രയേ.

കളമൃദുസ്‌മിതം സുന്ദരാനനം

കളഭകോമളം ഗാത്രമോഹനം

കളഭകേസരീ വാജിവാഹനം

ഹരിഹരാത്മജം ദേവമാശ്രയേ.

ശ്രിതജനപ്രിയം ചിന്തിതപ്രദം

ശ്രുതിവിഭൂഷണം സാധുജീവനം

ശ്രുതിമനോഹരം ഗീതലാലസം

ഹരിഹരാത്മജം ദേവമാശ്രയേ.

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com