ADVERTISEMENT

തരംഗിണി ഇറക്കിയ ‘തുളസീതീർഥം’ (1986) എന്ന ഭക്തിഗാന ആൽബത്തിൽ ‘ദ്വിജാവന്തി’ എന്ന രാഗം സംഗീതസംവിധായകൻ ടി.എസ്.  രാധാകൃഷ്ണൻ ഉപയോഗിച്ചിരിക്കുന്നത് യേശുദാസ് ശ്രദ്ധിച്ചു. അദ്ദേഹം രാധാകൃഷ്ണനോടു പറഞ്ഞു. ഇങ്ങനെ അപൂർവരാഗങ്ങൾ ചെയ്യുന്നതു വളരെ നല്ലതാണ്. ‘രാഗപ്രവാഹം’ എന്ന പുസ്തകം വായിക്കണം. അതിൽ അയ്യായിരത്തോളം രാഗങ്ങൾ പരാമർശിക്കുന്നുണ്ട്. അത് ഉപകരിക്കും.’

‘തുളസീതീർഥ’ത്തിന്റെ അഭൂതപൂർവമായ വിജയത്തിൽ സന്തോഷവാനായ യേശുദാസ് പറഞ്ഞു. ‘തരംഗിണിയുടെ അടുത്തവർഷത്തെ അയ്യപ്പഗാന കസെറ്റ് നിങ്ങൾ ചെയ്യണം.’

ഗാനരചയിതാവ് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയും ടി.എസ്. രാധാകൃഷ്ണനും ഇതിനായി ഒരുക്കങ്ങൾ നടത്തിയെങ്കിലും മറ്റൊരു സംഗീതക്കമ്പനിക്കുവേണ്ടി നേരത്തെ ഏറ്റുപോയ ആൽബം ചെയ്യേണ്ടി വന്നതിനാൽ രാധാകൃഷ്ണനു പിന്മാറേണ്ടി വന്നു. ചൊവ്വല്ലൂരും ഗംഗൈ അമരനും ചേർന്ന് തരംഗിണിയുടെ ആൽബം ഇറക്കി. 

പിറ്റേ വർഷം വീണ്ടും രാധാകൃഷ്ണനു തന്നെ യേശുദാസ് അവസരം നൽകി. രചന– ആർ.കെ. ദാമോദരൻ. ‘തരംഗിണിയുടെ എട്ടാം അയ്യപ്പഗാന ആൽബമായിരുന്നു അത്. 8–8–88ന് അതായത് 1988 ഓഗ്സറ്റ് എട്ടിനായിരുന്നു റിക്കോർഡിങ്. പമ്പാഗണപതി, ഏകമുഖ രുദ്രാക്ഷ, പാപം മറിച്ചിട്ടാൽ പമ്പ, അഗ്നിക്കിരയായ ശബരിമലയുടെ പുനർനിർമാണത്തിനു വന്ന് പിൽക്കാലത്ത് അയ്യപ്പഭക്തനായി തീർന്ന കൊച്ചുതൊമ്മൻ എന്ന ക്രിസ്ത്യാനി കോൺട്രാക്ടറുടെ കഥ പറയുന്ന ‘കൊച്ചുതൊമ്മൻ സ്വാമിയുണ്ട്...’ തുടങ്ങിയ വ്യത്യസ്തമായ ഗാനങ്ങളാണ് ഞങ്ങൾ ഒരുക്കിയത്. വലിയ തോതിൽ അവ സ്വീകരിക്കപ്പെട്ടു.’ രാധാകൃഷ്ണൻ പറയുന്നു.

1993ലും ഇതേ ടീം തന്നയാണ് തരംഗിണിക്കുവേണ്ടി അയ്യപ്പഭക്തിഗാനം ചെയ്തത്. പതിനെട്ടു പടി ചവിട്ടിയാണല്ലോ അയ്യപ്പസന്നിധിയിലേക്ക് എത്തുന്നത്. ശബരിമലയെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതയുള്ള അക്കമാണ് 18. 1998ൽ തരംഗിണിയുടെ പതിനെട്ടാം അയ്യപ്പഭക്തിഗാന കസെറ്റ് അതുകൊണ്ടുതന്നെ വളരെ പ്രധാനമായിരുന്നു. ആ നിയോഗം യേശുദാസ് ആരെയാണ് ഏൽപിക്കുക എന്ന് സംഗീതലോകം കൗതുകപൂർവം ഉറ്റുനോക്കിയിരുന്നു. രാധാകൃഷ്ണനാണ് ആ ഭാഗ്യം ലഭിച്ചത്. ‘പതിനെട്ടാം തിരുപ്പടി’ എന്നായിരുന്നു ആ വിശേഷ പതിപ്പിന്റെ പേര്. രചന– ആർകെ. 2001, 2002 വർഷങ്ങളിലും രാധാകൃഷ്ണൻ– ആർകെ ടീം തന്നെ തരംഗിണിയുടെ അയ്യപ്പഭക്തിഗാനം ചെയ്തു.

‘ദാസേട്ടൻ നിർദേശിച്ച ‘രാഗപ്രവാഹം’പുസ്തകം അക്കാലത്തുതന്നെ ഞാൻ സംഘടിപ്പിച്ചിരുന്നു. അതിൽനിന്ന് ഒരുപാട് അപൂർവരാഗങ്ങളുടെ വിവരം കിട്ടി. ശരംകുത്തിയാലിന്റെ (രാഗം–സമുദ്രപ്രിയ), ഹരിവരാസനം കേട്ടു(സൂര്യ), എന്റെ ഗുരുസ്വാമി (ഹരിതപ്രിയ), തുളസീമണിയണിഞ്ഞു(ജപനിയ) തുടങ്ങിയ ഒട്ടേറെ അയ്യപ്പഭക്തിഗാനങ്ങൾ ഞാൻ ഇത്തരം അപൂർവരാഗങ്ങളിൽ ചെയ്തിട്ടുണ്ട്.’ രാധാകൃഷ്ണൻ പറയുന്നു. 2008ൽ ശാസ്താഗീതങ്ങൾ (രചന– പി. സി. അരവിന്ദൻ), 2012ൽ ഹരിഹരാത്മജം ദേവമാശ്രയേ(പ്രമോദ്) 2013ൽ സ്വാമിപൂജ (എടമന ദാമോദരൻ പോറ്റി) എന്നിവയാണ് ടി.എസ്. രാധാകൃഷ്ണൻ യേശുദാസിനുവേണ്ടി ചെയ്ത മറ്റ് അയ്യപ്പഗാന ആൽബങ്ങൾ.

‘ഭക്തി ഗാനങ്ങളിലാണ് ദാസേട്ടനിലെ ഗായകൻ ഏറ്റവും ഉണർന്നു കാണുന്നത്. ഞാൻ ഈണം നൽകിയ ‘ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ...’ എന്ന ഗാനം ശ്രദ്ധിക്കു. എത്ര ലയിച്ചാണ് അദ്ദേഹം അതു പാടിയിരിക്കുന്നത്. ഞാൻ പ്രതീക്ഷിക്കുന്നതിന്റെ എത്രയോ മടങ്ങാണ് അദ്ദേഹം ആലാപനത്തിലൂടെ തിരിച്ചു തരുന്നത്!’ രാധാകൃഷ്ണൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com