ADVERTISEMENT

‘പള്ളിക്കെട്ട് സബരിമലയ്ക്ക്...’ പാടി നിരീശ്വരവാദിയെപ്പോലും ഭക്തിയുടെ ആഹ്ലാദസാഗരത്തിൽ ആറാടിച്ച വീരമണിയുടെ അവസാന നാളുകൾ വേദനാകരമായിരുന്നു. രക്താർബുദം ബാധിച്ച് അത്യന്തം അവശനായിരുന്നു. സോമു ഓർമിക്കുന്നു. ‘ഒരു കച്ചേരികൂടി നടത്തണം എന്ന് അവന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ 1990 സെപ്റ്റംബർ 25ന് മധുര മീനാക്ഷി ക്ഷേത്രം അതിനു വേദിയായി. രോഗം മൂർഛിച്ചിരുന്നെങ്കിലും അവശതകളെല്ലാം മറന്ന് അവൻ പാടി. ഒരുപക്ഷേ, അണയാൻ പോകുന്ന ദീപത്തിന്റെ ആളിക്കത്തൽ പോലെ കൂടുതൽ മനോഹരമായിരുന്നു അത്. ഒരു സ്വരം പോലും ഇടറിയില്ല. കൊതി തീരുംവരെ ആ ക്ഷേത്രാങ്കണത്തിൽ അവൻ‌ പാടി. അവന്റെ മനസ്സ് പറഞ്ഞതു ശരിയായിരുന്നു. അത് അവസാനത്തെ കച്ചേരിയായിരുന്നു. ഒക്ടോബർ 29ന് അനിയൻ പോയി.’

സഹോദരന്റെ വേർപാടിനുശേഷം സംഗീത ലോകത്തുനിന്നു മാറിനിന്ന സോമു പിന്നീട് സജീവമായതു വാണി ജയറാമിന്റെ നിർബന്ധത്താലാണ്. തന്റെ ആൽബങ്ങൾക്കു സോമു തന്നെ സംഗീതം നിർവഹിക്കണം എന്നു വാണി വാശിപിടിച്ചു. ആ പാട്ടുകളുടെ റിക്കോർഡിങ്ങിനിടെ, അനുജന്റെ അഭാവം സൃഷ്ടിച്ച വൈകാരികശൂന്യതയിൽ സോമു ബോധരഹിതനായി നിലത്തുവീഴുകപോലുമുണ്ടായി. 

1,500 ആൽബങ്ങളിലും രണ്ടായിരം ഭക്തിഗാനങ്ങളുടെ ക്രെഡിറ്റിലും പതിഞ്ഞ ‘വീരമണി സോമു’ എന്ന പേര് വീരമണിയുടെ മരണശേഷം ചെയ്ത ആൽബങ്ങളിലും സോമു നിലനിർത്തിപ്പോന്നു.

പള്ളിക്കെട്ടിലൂടെ മലയാളികളുടെ പ്രിയങ്കരനായ വീരമണിയുടെ പ്രിയം എന്തായിരുന്നു? അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള അയ്യപ്പഭക്തിഗാനത്തെപ്പറ്റി അറിയുന്നതു രസകരമാണ്. 1976ൽ എച്ച്എംവി പുറത്തിറക്കിയ ‘ശരണമയ്യപ്പാ’ എന്ന ആൽബത്തിൽ യേശുദാസ് പാടിയ ‘ശബരി ഗിരീശ്വരാ സൗഭാഗ്യദായകാ...’ എന്ന ഗാനമായിരുന്നു അത്. കെ.ജി. സേതുനാഥിന്റെ ലക്ഷണമൊത്ത രചനയ്ക്കു സംഗീതം നൽകിയതു പ്രശസ്ത ഗായകൻ കെ.പി. ഉദയഭാനു. തന്നെക്കാണുമ്പോഴെല്ലാം ഈ പാട്ടിനെപ്പറ്റി വീരമണി വാതോരാതെ സംസാരിക്കുകയും പാട്ടു പാടുകയും ചെയ്യുമായിരുന്നു എന്ന് ഉദയഭാനു അനുസ്മരിച്ചിട്ടുണ്ട്. ഈ നക്ഷത്രങ്ങളൊക്കെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ടം അവരുടെ പ്രതിഭയുടെ വെളിച്ചം ഇനിയും എത്രയോ തലമുറകൾക്ക് ജീവിതമെന്ന കാനനപാതയിലി‍ൽ സാന്ത്വനമായി, ഊർജമായി നിലനിൽക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com