'അച്ഛൻ ഏറെ വേദന സഹിച്ചു; നിസഹായയായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ'; കണ്ണു നിറയ്ക്കുന്ന ഒർമകളുമായി ചിത്ര

k-s-chithra-family
SHARE

parentsമാതാപിതാക്കളെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഗായിക കെ. എസ്.ചിത്ര. മനോരമ ന്യൂസിന്റെ കേരള ക്യാൻ ലൈവത്തണിൽ എത്തിയപ്പോഴാണ് മാതാപിതാക്കളെ അർബുദം കവർന്നെടുത്ത ദു:ഖകരമായ അവസ്ഥയെക്കുറിച്ച് ചിത്ര മനസ്സ് തുറന്നത്. ചിത്രയുടെ അച്ഛൻ കൃഷ്ണൻ നായരും അമ്മ ശാന്തകുമാരിയും അർബുദ രോഗത്തെത്തുടർന്നാണ് മരിച്ചത്. ഇരുവരുടെയും വിയോഗം കുടുംബത്തിൽഏല്‌പ്പിച്ച വിടവ് ഒരിക്കലും നികത്താനാകില്ല എന്ന് ചിത്ര വികാരനിർഭരയായി പറഞ്ഞു. 

‘എനിക്ക് എന്റെ മാതാപിതാക്കളെ നഷ്ടമായത് അർബുദത്തെത്തുടർന്നാണ്. അച്ഛൻ വളരെയധികം വേദനകള്‍ അനുഭവിച്ചതിനു ശേഷമാണ് മരിച്ചത്. അപ്പോഴൊക്കെ വളരെ നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ ഞങ്ങൾക്കു സാധിച്ചുള്ളു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു അത്. 

അച്ഛൻ അനുഭവിച്ച അവസ്ഥ മനസ്സിൽ എന്നും വിങ്ങുന്ന ഓർമയായി അവശേഷിക്കുന്നതുകൊണ്ടു തന്നെ അമ്മയിൽ അർബുദത്തിന്റെ ലക്ഷണം കണ്ടപ്പോൾ തന്നെ ഞങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടനടി ശസ്ത്രക്രിയയ്ക്കു വിധേയയാക്കുകയും ചെയ്തു. ശസ്ത്രക്രിയ പൂർത്തിയായി പിറ്റേ ദിവസം ഹൃദയാഘാതത്തെത്തുടർന്നാണ് അമ്മ മരിച്ചത്. അമ്മയിലെ രോഗാവസ്ഥയെ വളരെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സകളൊക്കെ നൽകിയിട്ടും ഞങ്ങൾക്ക് അമ്മയെ രക്ഷിക്കാനായില്ല.  

മാതാപിതാക്കളെ നഷ്ടപ്പെടുക എന്നത് ഒരിക്കലും സഹിക്കാൻ കഴിയാത്ത കാര്യമാണ്. ഒരു കുടുംബത്തെ ചേർത്തു നിർത്തുന്നതു തന്നെ അവരാണ്. അച്ഛന്റെയും അമ്മയുടെയും മരണശേഷം ഞങ്ങൾ മൂന്നു മക്കളും പരസ്പരം ചേർന്നു നിൽക്കാനും ബന്ധങ്ങളിൽ അകൽച്ച വരാതെ സൂക്ഷിക്കാനും പരമാവധി ശ്രമിക്കുന്നുണ്ട്. മാതാപിതാക്കൾ ഇല്ലാത്തത് വലിയ ഒരു വിടവ് തന്നെയാണ്. അവർക്കൊപ്പമുണ്ടായിരുന്ന കാലം  ഒരിക്കലും മറക്കാൻ സാധിക്കില്ല. എന്നും മനസ്സിൽ തെളിയുന്ന ഓർമകളാണ് അവയെല്ലാം’.– ചിത്ര പറഞ്ഞു നിർത്തി.

English Summary: K S Chithra open up about parents

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA