‘യേശുദാസുമായുള്ള അസ്വാരസ്യങ്ങളല്ല സിനിമയില്‍ അവസരം ഇല്ലാതാക്കിയത്, പാട്ട് ചെയ്യാൻ ആരും വിളിച്ചില്ല’: തുറന്നു പറഞ്ഞ് ജെറി അമൽദേവ്

jerry-amaldev-new
SHARE

സിനിമയില്‍ അവസരം ഇല്ലാതാക്കിയത് യേശുദാസുമായുള്ള അസ്വാരസ്യങ്ങളല്ലെന്നു തുറന്നുപറഞ്ഞ് സംഗീതസംവിധായകൻ ജെറി അമല്‍ദേവ്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സിനിമയുടെ നാല്‍പതാം വാര്‍ഷികാഘോഷ വേളയിലാണ് വെളിപ്പെടുത്തല്‍. ജെറി അമല്‍ദേവിന്റെ സംഗീതമൊരുങ്ങിയ വഴികള്‍ പ്രതിപാദിക്കുന്ന പുസ്തകത്തിൽ ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ പരാമര്‍ശിക്കുന്നുമുണ്ട്. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങില്‍ പുസ്തകപ്രകാശനവും നടന്നു. പി.വി.ആൽബി ആണ് ഗ്രന്ഥകർത്താവ്. 

ഒരു അഭിമുഖത്തിനിടെ യേശുദാസിനെക്കുറിച്ചു നടത്തിയ പരാമർശമാണ് തെറ്റിദ്ധാരണയ്ക്കു വഴിവച്ചത്. യേശുദാസുമായുണ്ടായ അസ്വാരസ്യമാണ് ജെറി അമൽദേവിന് സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കിയത് എന്നായിരുന്നു തുടർ ചർച്ചകൾ. എന്നാൽ ആ പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്നാണ് ജെറി അമൽദേവിന്റെ തുറന്നുപറച്ചിൽ. 

‘ആരും എന്നെ വിളിച്ചില്ല, അതുകൊണ്ടാണ് സിനിമയിൽ നിന്നും പുറത്തായത്. ഞാൻ എവിടെയും ഒളിച്ചിരുന്നിട്ടില്ല, വീട്ടിൽ തന്നെയുണ്ടായിരുന്നു. ഇംഗ്ലണ്ടിൽ പോയി എന്നൊക്കെ പറയുന്നത് കള്ളമാണ്. യേശുദാസുമായുള്ള അസ്വാരസ്യങ്ങൾ അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ല. 1979 മുതൽ ഇന്നു വരെ ഞാൻ ഒരുക്കിയ പാട്ടുകളൊക്കെയും പാടിയിരിക്കുന്നത് യേശുദാസ് തന്നെയാണ്’, ജെറി അമൽദേവ് പറഞ്ഞു.

ഈണം കൊടുത്ത പാട്ടുകളിലൊക്കെയും കയ്യൊപ്പു ചാർത്തിയ സംഗീതസംവിധായകനാണു ജെറി അമൽദേവ്. ഇടവേളകളില്ലാതെ ഹിറ്റുകൾ സമ്മാനിച്ച സംഗീതസംവിധായകനെ പക്ഷേ ദീര്‍ഘകാലം സിനിമയിൽ കാണാനായില്ല. രണ്ട് പതിറ്റാണ്ടുകളാണ് ജെറി അമൽദേവിന്റെ സംഗീതമില്ലാതെ മലയാള ചലച്ചിത്ര രംഗം കടന്നു പോയത്. 20 വർഷങ്ങൾക്കു ശേഷം വീണ്ടും പനിനീർ പൂക്കൾക്ക് ഈണമിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രണ്ടാംവരവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS