ADVERTISEMENT

ആദ്യപ്രണയത്തിന്റെ ഓർമകൾ പങ്കുവച്ച് ഗായിക റിമി ടോമി. മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയായ സൂപ്പർ 4ന്റെ വേദിയിൽ വച്ചാണ് ഗായിക കൗമാര കാലത്തെ പ്രണയത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. റിമിയുടെ സ്വദേശമായ പാലായിലുള്ള ഒരു പയ്യനോടായിരുന്നു ആദ്യമായി പ്രണയം തോന്നിയത്. യഥാർഥത്തിൽ ഗായിക അയാളെ അല്ല, അയാൾ ഗായികയെ ആണ് പ്രണയിച്ചത്. റിമിയുടെ പാട്ടുകളുടെ ആരാധകൻ കൂടിയായിരുന്നു അയാൾ. പ്രണയാനുഭവം റിമി ടോമി വിവരിച്ചതിങ്ങനെ. 

‘ഹൈസ്കൂൾ കാലഘട്ടത്തിലാണ് എന്റെ മനസ്സിൽ‌ ആദ്യമായി പ്രണയം തോന്നിയത്. പാലായിൽ തന്നെയുള്ള ആളാണ്. അയാൾക്ക് എന്നേക്കാൾ അഞ്ചോ ആറോ വയസ്സ് കൂടുതലുണ്ട്. പാട്ടു പാടുന്ന കുട്ടിയായതു കൊണ്ടു തന്നെ ആ നാട്ടിലെ എല്ലാവർക്കും എന്നെ അറിയാം. ആ പയ്യന് എന്നെ ഇഷ്ടമാണെന്ന് എനിക്കു മനസ്സിലായി. സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ അയാൾ എനിക്കെതിരെ വരുമായിരുന്നു. പക്ഷേ അന്നൊക്കെ നേരിട്ടു കണ്ടാൽ പോലും മുഖത്തു നോക്കാൻ പേടിയായിരുന്നു. 

അക്കാലം മുതൽ ഞാൻ പള്ളി ക്വയറിൽ സജീവമായിരുന്നു. ഞാൻ പാടിയ പാട്ടുകളൊക്കെ റെക്കോർഡ് ചെയ്ത് അയാൾ സ്ഥിരം കേൾക്കുമായിരുന്നു. അതുപോലെ തന്നെ ഞാൻ ആ വഴി പോകുമ്പോൾ എന്റെ പാട്ടുകൾ അയാളുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പ്ലേ ചെയ്യിപ്പിക്കുകയും ചെയ്തു.

ഒരിക്കൽ പള്ളിയിലെ എന്തോ കാര്യവുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും രക്തപരിശോധന നടത്തി. പരിശോധനാഫലത്തിൽ എന്റെയും ആ പയ്യന്റെയും ഗ്രൂപ്പുകൾ ഒന്നായിരുന്നു. ആ സന്തോഷത്തിൽ അയാൾ അവിടെയുള്ള എല്ലാവർക്കും മിഠായികളൊക്കെ വാങ്ങിക്കൊടുത്തു. അതൊക്കെയാണ് അന്നത്തെ ഓർമകൾ. കുറച്ചു കൂടി കഴിഞ്ഞപ്പോൾ പഠനാവശ്യവുമായി ബന്ധപ്പെട്ട് അയാൾ ആ നാട്ടിൽ നിന്നു മാറി. പിന്നെ ഞാൻ അയാളെ കണ്ടിട്ടേയില്ല. ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്താണെന്നു മാത്രം അറിയാം. മറ്റു വിവരങ്ങളൊന്നും അറിയില്ല.’– റിമി ടോമി പറഞ്ഞു. 

റിമിയുടെ പ്രണയാനുഭവ വിവരണം സൂപ്പർ 4ന്റെ വേദിയെ ഒന്നാകെ ചിരിപ്പിച്ചു. റിമിയ്ക്ക് ഇങ്ങനെയൊരു പ്രണയകഥ ഉണ്ടായിരുന്നോ എന്നാണ് ആരാധകരുടെ അദ്ഭുതം. അനുഭവം പങ്കുവയ്ക്കലിനു പിന്നാലെ ‘നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ’ എന്ന പ്രണയഗാനവും ഗായിക ആലപിച്ചു. സൂപ്പർ 4ന്റെ വിധികർത്താക്കളിൽ ഒരാളാണ് റിമി ടോമി. പരിപാടിയുടെ മറ്റു വിധികർത്താക്കളായ ‌ജ്യോത്സ്ന, സിത്താര കൃഷ്ണകുമാർ, വിധു പ്രതാപ് എന്നിവരും ആദ്യാനുരാഗത്തിന്റെ കഥകൾ വേദിയിൽ പങ്കുവയ്ക്കുകയുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com