ADVERTISEMENT

മോഹിപ്പിക്കും ഈണങ്ങളുമായി മലയാളമനസ്സുകളിൽ കയറിക്കൂടിയ സംഗീതസംവിധായകൻ ജോൺസൺ മാഷിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പ്രശസ്ത പശ്ചാത്തലസംഗീതങ്ങൾ പുനരവതരിപ്പിച്ച് മലയാളം മൂവീ ആന്റ് മ്യൂസിക് ഡാറ്റാബേസ് (എംത്രീഡിബി) സംഗീത കൂട്ടായ്മ. ജോൺസൺ മാഷിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് 'ജോൺസൺ ബിജിഎം ഫിയസ്റ്റ' എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയത്. സ്വന്തം ചിത്രങ്ങൾക്കു പുറമേ മറ്റു സംഗീതസംവിധായകരുടെ ചിത്രങ്ങൾക്കു വേണ്ടിയും പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുള്ള ജോൺസൺ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന പുരസ്കാരം രണ്ടു തവണയും ദേശീയ പുരസ്കാരം 1995ലും നേടി. പാട്ടുകൾ പോലെ ആവർത്തിച്ചു കേൾക്കുന്ന അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീത ശകലങ്ങൾ ചേർത്തുവച്ചായിരുന്നു എംത്രീഡിബിയുടെ സ്നേഹാദരം. 

ഡിജിറ്റൽ സാങ്കേതികവിദ്യക്കു മുൻപുള്ള അനലോഗ് കാലഘട്ടത്തിൽ ജോൺസൺ മാഷ് മലയാള സിനിമയ്ക്കായി ഒരുക്കിയ ശബ്ദവിസ്മയങ്ങളെ ഓർത്തെടുത്തുകൊണ്ടായിരുന്നു എംത്രീഡിബി അംഗമായ നിതിൻ ഗോപാൽ 'ജോൺസൺ ബിജിഎം ഫിയസ്റ്റ' ആരാധകർക്കു മുൻപിൽ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: "ജോൺസൺ മാഷിന്റെ നല്ല കാലത്ത് എല്ലാം അനലോഗ് ആയിരുന്നല്ലോ. അതിപ്പോ ഓഡിയോഗ്രഫി ആയാലും വീഡിയോഗ്രാഫി ആയാലും. അന്നത്തെ കാലത്ത് പിഴവുകൾക്ക് വലിയ വില ഉണ്ടായിരുന്നു. ഡിജിറ്റൽ സംവിധാനത്തിലെ പോലെ ഡിലീറ്റ് ചെയ്യാൻ കഴിയില്ല. റീ ടെയ്ക്കുകൾക്ക് അന്ന് ശബ്ദം റെക്കോർഡ് ചെയ്യുന്ന മാഗ്നറ്റിക് ടേപ്പ് കൂടുതൽ ചിലവാകും. ഇന്നത്തെ പോലെ അത്രേം ട്രാക്കുകൾ ഒന്നും സാധിക്കില്ല. ഒരു പറ്റം ഉപകരണങ്ങൾക്ക് ഒരു ട്രാക്ക് ആണ്. എല്ലാരും ചേർന്നാണ് വായിക്കുന്നത്. പാടുന്ന ആളും കൂടെ ചേരും. ആരെങ്കിലും തെറ്റിച്ചാൽ ഒന്നേന്ന് തുടങ്ങണം. പറഞ്ഞു വന്നത് പാട്ടുകളുടെ ഈണം കണ്ടെത്തുന്നതിനേക്കാൾ അധ്വാനം വേണ്ട പരിപാടി ആണ് പാട്ടുകളുടെ ഓർക്കസ്ട്രേഷനും അതുപോലെ സിനിമകളുടെ പശ്ചാത്തല സംഗീതവും അറേഞ്ച് ചെയ്യുക എന്നത്."

"പശ്ചാത്തല സംഗീതം നൽകാൻ ഒരു ദിവസത്തെ റെക്കോർഡിങ്ങിന് സ്റ്റുഡിയോയും കണ്ടക്ടർ, ഉപകരണം വായിക്കുന്ന സംഗീതജ്ഞർ, എന്നിവരുടെ കോൾ ഷീറ്റും ബുക്ക് ചെയ്ത് അന്നേ ദിവസം സംഗീത സംവിധായകരും പിന്നണിക്കാരും സ്റ്റുഡിയോയിൽ ഹാജരാകുന്നു. പ്രിവ്യു സ്ക്രീനിൽ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ തെളിയുന്നു. ഭരതന്റെ അല്ലെങ്കിൽ പത്മരാജന്റെ കൈയ്യൊപ്പ് പതിഞ്ഞ ദൃശ്യങ്ങൾ. അഭ്രപാളിയിൽ ഭാവ പ്രകടനങ്ങൾ കൊണ്ട് നിറഞ്ഞാടുന്ന മോഹൻലാലോ മമ്മൂട്ടിയോ ഉർവശിയോ ശോഭനയോ ഒക്കെ. എന്താണ് സ്ക്രീനിൽ നടക്കുന്നത് എന്നും എത്ര സമയം ആണ് ഓരോ സീക്ക്വൻസും എന്നും ശ്രദ്ധയോടെ വീക്ഷിക്കുന്ന ജോൺസൺ മാഷ്. ദൃശ്യത്തിന്റെ മൂഡിനെ മനസ്സിലേക്ക് ആവാഹിച്ച് ജോൺസൺ മാഷ് ക്ഷണനേരം കൊണ്ട് ഒരു നൊട്ടേഷൻ.., ഒരു പ്ലാൻ.., ഒരു മൂളൽ.. എങ്ങനെ എന്തെങ്കിലും ആവാം.. അവ എഴുതി തയ്യാറാക്കി കണ്ടക്ടർക്ക് കൈമാറുന്നു. കണ്ടക്ടർ അത് കൃത്യമായി ഓരോ ഉപകരണങ്ങൾ വായിക്കുന്ന ആൾക്ക് കൈമാറുന്നു. വായിക്കുന്നു. ഒന്നോ രണ്ടോ ടേക്കിൽ ഓ കെ ആക്കുന്നു. ഇതാണ് അന്നത്തെ റെക്കോർഡിങ് എന്നാണ് പലരും പറഞ്ഞു നമ്മൾ അറിഞ്ഞത്. ഇങ്ങനെ ക്ഷണനേരം കൊണ്ട് ജോൺസൺ മാഷ് സൃഷ്ടിച്ച സംഗീതശകലങ്ങൾ ആണ് സേതുമാധവന്റെ അച്ചൂട്ടിയുടെ, ജയകൃഷ്ണന്റെ, നാഗവല്ലിയുടെ, സോളമന്റെ, ഗന്ധർവന്റെ ഒക്കെ വികാരങ്ങൾ ആയി നമ്മുടെ ഉള്ളിലേക്ക് തറച്ച് കയറിയത്, കരയിപ്പിച്ചത്, ചിരിപ്പിച്ചത്! Sheer musical brilliance എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും!! മിനിമൽ ഉപകരണങ്ങൾ കൊണ്ട് ആണ് അദ്ദേഹം ഈ അദ്ഭുതങ്ങൾ ഓരോന്നും തീർത്തത്. അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും ഉചിതമായ ആദരം ആണ് ഈ ബിജിഎം ഫിയസ്റ്റ."

മോഹൻലാൽ അടക്കമുള്ള സിനിമാലോകത്തെ പ്രമുഖർ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com