ADVERTISEMENT

കയ്യിൽ മൈക്ക് പിടിച്ച് ഫോണിൽ വരികൾ നോക്കി പൃഥ്വിരാജ് പാട്ടു പാടുന്നതിന്റെ വിഡിയോ ഏതാനും ദിവസങ്ങൾക്കു മുൻപാണ് സമൂഹമാധ്യമലോകത്ത് വ്യാപകമായി പ്രചരിച്ചത്. പിന്നാലെയതാ പൃഥ്വിയുടെ പാട്ട് ഭാര്യ സുപ്രിയയും പങ്കുവച്ചു. ‘പൊൻ‌വീണേ എന്നുള്ളിൻ മൗനം വാങ്ങൂ, ജന്മങ്ങൾ പുൽ‌കും നിൻ നാദം നൽ‌കൂ’ എന്ന ഹിറ്റാണ് താരം ആലപിച്ചത്. തനിക്കേറെ പ്രിയപ്പെട്ട പാട്ടാണിതെന്നും ഇപ്പോഴത് തന്റെ പ്രിയപ്പെട്ടവൻ പാടുന്നു എന്നും സുപ്രിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസി’ന്റെ പൂജയുമായി ബന്ധപ്പെട്ട ഒത്തുകൂടലിനിടെയാണ് പൃഥ്വിരാജ് രസകരമായി പാടിയത്. നിന്നുകൊണ്ട് താളം പിടിച്ചായിരുന്നു പൃഥിരാജിന്റെ പാട്ട്. ‘താളവട്ടം’ എന്ന മോഹൻലാൽ ചിത്രത്തിൽ രഘുകുമാറും രാജാമണിയും ചേർന്നൊരുക്കിയതാണീ ഗാനം. കെ.എസ്.ചിത്രയും എം.ജി.ശ്രീകുമാറും ആണ് പിന്നണിയിൽ സ്വരമായത്. പൂവച്ചൽ ഖാദറിന്റേതാണു പാട്ടിന്റെ വരികൾ. ലൈവ് ഓർക്കസ്ട്രയ്ക്കൊപ്പമുള്ള പൃഥ്വിയുടെ പാട്ട് ചുരുങ്ങിയ സമയത്തിനകമാണ് വൈറലായത്. 

ഇതിനു മുൻപും പൊതു വേദികളിൽ ഉൾപ്പെടെ പൃഥ്വിരാജ് പാട്ട് പാടിയിട്ടുണ്ട്. വനിത ഫിലിം അവാർഡ് വേദിയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ പൃഥ്വി പാട്ട് പാടിയതിന്റെ വിഡിയോ സമൂഹമാധ്യമലോകത്തു പ്രചരിച്ചിരുന്നു. അന്ന് വേദിയിലുണ്ടായിരുന്നു നടി നവ്യ നായരുടെ അഭ്യർഥനപ്രകാരമായിരുന്നു പൃഥ്വിരാജ് പാടിയത്. ഇരു താരങ്ങളും ഒരുമിച്ച ‘നന്ദനം’ സിനിമയുടെ ലൊക്കേഷനിൽ പൃഥ്വി എപ്പോഴും പാട്ട് പാടി നടക്കാറുണ്ടായിരുന്നു എന്ന് നവ്യ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് താരം പാടണം എന്ന ആവശ്യം ആരാധകരില്‍ നിന്നുൾപ്പെടെ ഉയർന്നത്. അന്ന് പൃഥ്വിരാജ് പാടിയത് സമൂഹമാധ്യമലോകം ഏറ്റെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com