ADVERTISEMENT

അകാലത്തിൽ പൊലിഞ്ഞ ഭാര്യ ഉമാ ദേവിയ്ക്കൊപ്പമുള്ള ഓർമച്ചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ മനു രമേശൻ. ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ച വാക്കുകള്‍ ഏറെ നൊമ്പരപ്പെടുത്തുന്നവയാണ്. പ്രശസ്ത ഗായകനും ഗാനരചയിതാവുമായിരുന്ന ഹങ്ക് വില്യംസിന്റെ ‘ബിയോണ്ട് ദ് സൺസെറ്റി’ലെ (സൂര്യാസ്തമയത്തിനപ്പുറം) വരികളാണ് മനു രമേശൻ പോസ്റ്റ് ചെയ്തത്. വേർപാടിന്റെ വേദന നിറയുന്ന വരികളും മനു രമേശൻ പോസ്റ്റ് ചെയ്ത മനോഹര ചിത്രവും ആരാധകഹൃദയങ്ങളെ സ്പർശിച്ചു. 

‘നീ ആദ്യം പോയ് മറയുകയും ഞാൻ ഇവിടെ തന്നെ തുടരുകയുമാണെങ്കിൽ എനിക്കായ് ഒരു കാര്യം ചെയ്യണം. ആ നീണ്ട പാതയിലൂടെ നീ പതിയെ നടക്കണം. വൈകാതെ ഞാന്‍ നിന്നെ പിന്തുടരും. നീ സഞ്ചരിച്ച അതേ പാതയിൽക്കൂടി ഞാനും വരുമ്പോൾ ഓരോ ചുവടുകളും എനിക്ക് അനുഭവിച്ചറിയണം. ഒരു ദിവസം ആ ഏകാന്തമായ പാതയിൽ നിന്ന് ഞാൻ നിന്റെ പേര് ഉറക്കെ വിളിക്കുന്നതു നീ കേൾക്കും’, ചിത്രത്തിനൊപ്പം മനു രമേശൻ കുറിച്ചു. 

മനു രമേശിന്റെ പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം ചർച്ചയായി. നിരവധി പേരാണ് ഉമാ ദേവിയെ അനുസ്മരിച്ചത്. കഴിഞ്ഞ മാർച്ച് 17ന് മസ്തിഷ്കാഘാതത്തെ തുടർന്നായിരുന്നു ഉമാ ദേവി (35) അന്തരിച്ചത്. ശക്തമായ തലവേദനയെത്തുടർന്ന് പുലർച്ചെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. എറണാകുളം പേരണ്ടൂർ ആണ് മനു രമേശും ഉമയും താമസിച്ചിരുന്നത്. ഇരുവർക്കും അഞ്ചു വയസ്സുള്ള മകളുണ്ട്. അധ്യാപികയായിരുന്ന ഉമയ്ക്ക് ഈയടുത്ത കാലത്താണ് ഡോക്ടറേറ്റ് കിട്ടിയത്. പക്ഷേ അംഗീകാരം ഏറ്റു വാങ്ങുന്നതിനു മുന്‍പ് അപ്രതീക്ഷിതമായി ഉമ വിടപറഞ്ഞു. ഉമയുടെ അസാന്നിധ്യത്തിൽ സഹോദരനാണ് അംഗീകാരം സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com