ADVERTISEMENT

ജയരാജിന്റെ സംവിധാനത്തിൽ 2004ൽ പുറത്തിറങ്ങിയ ‘ഫോർ ദ് പീപ്പിൾ’ എന്ന ചിത്രത്തിലെ ഓരോ ഗാനവും മലയാളക്കരയ്ക്ക് പുതു തരംഗമായിരുന്നു. അതുവരെ സിനിമയിൽ കേട്ടിട്ടില്ലാത്ത പുതുമയാർന്ന ഗാനങ്ങൾ ഓരോ മലയാളിയും ആവേശത്തോടെ ഏറ്റുപാടി. ആ സിനിമയിലൂടെ മലയാളികൾക്കു ലഭിച്ച സംഗീതസംവിധായകനും ഗായകനുമാണ് ജാസി ഗിഫ്റ്റ്. വ്യത്യസ്തമായ ആലാപനശൈലിയും സംഗീതശൈലിയും കൊണ്ട് ചുരുങ്ങിയ സമയത്തിനകം ജാസി ഗിഫ്റ്റ് ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുകയും ചെയ്തു. ചിത്രത്തിലെ ലജ്ജാവതിയും അന്നക്കിളിയുമൊക്കെ മലയാളി ആവർത്തിച്ചു കേട്ടുകൊണ്ടേയിരുന്നു. എന്നാൽ അന്നക്കിളി  എന്ന ഗാനത്തിനു ചില പിന്നണിക്കഥകളും പറയാനുണ്ട്. ഗായകൻ ദേവാനന്ദുമായി പാട്ടിനു വലിയ ബന്ധമാണുള്ളത്. ‘ഫോർ ദ് പീപ്പിളി’നു വേണ്ടി ദേവാനന്ദ് ആയിരുന്നു ഗാനം ആദ്യം ആലപിച്ചത്. എന്നാൽ അതിനു മുൻപ് ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയ ‘ലജ്ജാവതിയേ’ എന്ന ഗാനം ഹിറ്റായതോടെ അന്നക്കിളിയും ജാസി തന്നെ ആലപിച്ചാൽ മതിയെന്ന് അണിയറക്കാർ തീരുമാനിക്കുകയായിരുന്നു. പാട്ടിന്റെ പിന്നണിക്കഥകൾ ദേവാനന്ദ് വിശദീകരിക്കുന്നത് ഇങ്ങനെ. 

‘കൊച്ചിയിൽ വച്ചായിരുന്നു പാട്ടിന്റെ  റെക്കോർഡിങ്. കേരളത്തിൽ അപ്രതീക്ഷിത ബന്ദ് പ്രഖ്യാപിച്ചതറിയാതെയാണ് ഞാൻ ചെന്നൈയിൽ നിന്നും കൊച്ചിയിൽ വന്നിറങ്ങിയത്. റെയിൽവേ സ്‌റ്റേഷനിൽ കണ്ട പരിചയക്കാരനായ ഓട്ടോ സുഹൃത്ത് വഴി സ്റ്റുഡിയോയിൽ എത്തി. ജാസി ഗിഫ്റ്റിനു മുൻപിൽ പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ ഏറെ വെല്ലുവിളികൾ ഉണ്ടായിരുന്നു. ജാസി വ്യത്യസ്തമായ ഒരു ശൈലിയിൽ പാടുന്ന ആളാണ്. അങ്ങനെ പാടി വച്ചിരിക്കുന്ന പാട്ട് എന്റെ ശൈലിയിൽ വരുമ്പോൾ ഒരുപാട് വ്യത്യാസമായിരിക്കും. പ്രത്യേകിച്ച് അതിന്റെ ഭാവം, ഉച്ചാരണം, സ്വരം എല്ലാം മാറുമല്ലോ. അതുകൊണ്ടു തന്നെ ഞാനെങ്ങനെയാണ് പാടേണ്ടതെന്ന സംശയം ജാസിയോട് ചോദിക്കുകയും ചെയ്തു. എന്നാൽ എന്റെ ശൈലിയിൽ തന്നെ പാടിയാൽ മതിയെന്ന് പറഞ്ഞ് ജാസി ആത്മവിശ്വാസം തന്നു. പ്രത്യേകിച്ച് ഞാൻ അന്നുവരെ പാടിയ പാട്ടുകളിൽ നിന്നും ഈ ഗാനം വളരെ വ്യത്യസ്തമായിരുന്നു. ഞാൻ കൂടുതലും മെലോഡിയസ് പാട്ടുകളാണ് ആലപിച്ചിരിക്കുന്നത്. സി.ഐ.ഡി മൂസയിൽ മാത്രമായിരുന്നു അന്നൊരു ഫാസ്റ്റ് നമ്പർ പാടിയത്. അതുകൊണ്ടു തന്നെ പ്രതീക്ഷയും വളരെ കൂടുതലായിരുന്നു. 

പാട്ടിന്റെ റെക്കോർഡിങ് കഴിഞ്ഞു ഞാൻ ചെന്നൈയിൽ തിരിച്ചെത്തി. സിനിമയിൽ അഭിനയിച്ച നടൻ ഭരതുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. പാട്ടിന്റെ ചിത്രീകരണത്തിനു ശേഷം പാട്ട് നല്ലതാണെന്നും സൂപ്പർ ഹിറ്റാവുമെന്നുമൊക്കെ പറഞ്ഞ് ഭരത് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. അതിനു ശേഷമാണ് ജാസി എന്നെ  വിളിക്കുന്നത്. 'അന്നക്കിളി' എന്ന ഗാനത്തിന് ജാസിയുടെ വേർഷൻ കൂടി വേണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം ഒന്നു കൂടി പാടുകയാണെന്നു പറയാൻ വേണ്ടിയായിരുന്നു ആ വിളി. പല സംഗീതസംവിധായകരും പ്രമുഖ ഗായകരുടെ പാട്ടുകൾ അക്കാലഘട്ടത്തിൽ അവരുടെ ശൈലിയിൽ പാടുന്ന രീതിയുണ്ടായിരുന്നു. റെക്കോർഡ് ചെയ്തു കുറച്ചു നാളുകൾക്കു ശേഷം ലജ്ജാവതിയെന്ന ഗാനം റീലിസ് ചെയ്തു. അത് സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. അന്നക്കിളി എന്ന ഗാനം ജാസി പാടിയെങ്കിലും അതിനേക്കാൾ ഹിറ്റായതും പേരു കിട്ടിയതും ലജ്ജാവതിക്കു തന്നെയായിരുന്നു. 

ജാസിയുടെ ശൈലിയിലുളള ഗാനത്തെക്കുറിച്ച് എന്താണു പരാമർശിക്കേണ്ടത് എന്നറിയില്ല. അതുവരെ ദാസേട്ടൻ, ജയേട്ടൻ, ബാലു സാർ, ഉണ്ണിയേട്ടൻ, വേണുവേട്ടൻ, ശ്രീകുമാർ ശൈലി എന്നാണ് നമ്മൾ പറഞ്ഞിരുന്നത്. എന്നാൽ ഇവരിൽ നിന്നൊക്കെ ജാസി ഗിഫ്റ്റിന്റെ ശൈലി വ്യത്യസ്തമായിരുന്നു. പാട്ടിൽ എന്തു വ്യത്യസ്തത കൊണ്ടുവന്നാലും അത് സ്വീകരിക്കുമെന്നത് മലയാളികളുടെ പ്രത്യേകതയാണ്. മലയാളികളായിട്ടുളള സംഗീത ആസ്വാദകരെല്ലാം ഇരു കൈയും നീട്ടി ലജ്ജാവതി എന്ന ഗാനം സ്വീകരിച്ചു. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ഒരു വ്യക്തി, ബുദ്ധിപരമായും വാണിജ്യപരമായും ചിന്തിച്ചപ്പോൾ ജാസിയുടെ ലജ്ജാവതിയെ പോലെ അന്നക്കിളിയും ഹിറ്റാവുമെന്ന തോന്നൽ വന്നതു കൊണ്ടാകാം യഥാർത്ഥത്തിൽ എന്റെ ശബ്ദത്തിൽ ഷൂട്ട് ചെയ്തിരുന്ന  ഗാനം പിന്നീടു മാറ്റിയത്. 

ആ പാട്ടിനു പിന്നീട് ജാസിയുടെ ശബ്ദം എടുക്കുകയായിരുന്നു. റിലീസിനു കുറച്ച് ദിവസം മുൻപ് ജാസിയുടെ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തി. ലജ്ജാവതിയും അന്നക്കിളിയും അല്ലാതെ മറ്റൊരു ഗാനം കൂടി ആ സിനിമയിൽ ജാസി പാടിയിരുന്നു. ഒരുഗാനം ഹിറ്റായതു കൊണ്ട് മാത്രമായിരുന്നു ആ തീരുമാനം. സിനിമയുടെ രീതിയിൽ പറഞ്ഞാൽ എപ്പോഴും ഹിറ്റായ ഒരു പാട്ട് വന്നാൽ ആ ഗായകനെ തേടി ഒരുപാട് അവസരം വരുമെന്ന് കേട്ടിട്ടുണ്ട്. ലജ്ജാവതിയെ പോലെ മറ്റ് എല്ലാ പാട്ടുകളും ഹിറ്റാവുമെന്നതു കൊണ്ട് എന്റെ ശബ്ദം മാറ്റി സിനിമയിൽ ജാസിയുടെ ശബ്ദം ഉപയോഗിച്ചു. എന്റെ പാട്ട് സിഡിയിൽ മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ പാട്ട് സിനിമയിൽ ഉണ്ടോ എന്നുള്ളതല്ല, ആരുടെ ശബ്ദം ആണ് സിനിമയിൽ ഏറ്റവും യോജിക്കുക എന്നുള്ളതിനെക്കുറിച്ചാണ് ഞാനും അന്ന് ആലോചിച്ചത്’, ദേവാനന്ദ് പറഞ്ഞു നിർത്തി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com