‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ’; കുരീപ്പുഴ ശ്രീകുമാറിന്റെ പ്രണയസാഫല്യത്തിനു നിമിത്തമായ പൂവച്ചൽ ഗാനം

poovachal-khader-kureeppuzha-sreekumar
SHARE

‘നാഥാ, നീ വരും കാലൊച്ച കേൾക്കുവാൻ

 

കാതോർത്തു ഞാനിരുന്നു

 

താവക വീഥിയിൽ എൻമിഴിപ്പക്ഷികൾ

 

തൂവൽ വിരിച്ചു നിന്നു...’

ആ നാഥന്റെ വരവിനും കാലൊച്ചയ്ക്കും വേണ്ടി ഒരിക്കലെങ്കിലും കാതുകൊടുക്കാത്ത ഏത് പെൺമനമാണുള്ളത്? പെണ്ണിന്റെ മനസ്സറിയുന്ന മലയാളത്തിലെ ചുരുക്കം ചില പാട്ടുകളിൽ ഒന്ന് എന്ന ലേബൽ തന്നെയാണ് ഇപ്പോഴും ഈ ഗാനത്തിനുള്ളത്. കാത്തിരിപ്പിന്റെ വിരസതയ്ക്ക് ഇത്രമേൽ സൗന്ദര്യം പകർന്ന മറ്റൊരു ഗാനം മലയാളത്തിലുണ്ടോ എന്നു പോലും സംശയമാണ്. ‘ചാമരം’ എന്ന ചിത്രത്തിലൂടെയാണ് പാട്ട് മലയാള ഹൃദയങ്ങളിലേക്ക് അരിച്ചിറങ്ങിയത്. തൊണ്ണൂറുകളിലെ കാമുകീ–കാമുകഹൃദയങ്ങളിൽ ഈ പാട്ടിന്റെ സുഗന്ധകണികളുടെ ശേഷിപ്പുകൾ  ഇപ്പോഴും പറ്റിപ്പിടിച്ചിരിപ്പുണ്ട്. അല്ലെങ്കിലും ചില പാട്ടുകള്‍ അങ്ങനെയാണ്. നാം പോലുമറിയാതെ വന്നങ്ങ് മനസ്സിൽ കുടിയിരിക്കും. തൊണ്ണൂറുകളിൽ മാത്രമല്ല ഈ ‘ന്യൂ ജെനറേഷനി’ലും നാഥന്റെ കാലൊച്ച കേൾക്കാൻ കാത്തിരുന്നിട്ടുള്ള, അല്ലെങ്കിൽ ഇപ്പോഴും ആ കാത്തിരിപ്പു തുടരുന്ന എത്രയോ പ്രണയമനസ്സുകളുണ്ടാകും? അവരുടെയൊക്കെ ഏകാന്തതയുടെ വിരസയാമങ്ങളിൽ കൂട്ടായെത്തി കൂടെ നിന്ന് സ്വപ്നം കാണിച്ചതില്‍ ഈ പൂവച്ചൽ ഗാനം വലിയ പങ്കുവിച്ചിട്ടുണ്ട്. തമ്മിൽ കാണാതെ അക്ഷരങ്ങളിലൂടെ മാത്രം പ്രണയിച്ച പ്രിയ കവി കുരീപ്പുഴ ശ്രീകുമാറിന്റെയും പ്രാണപ്രിയ സുഷമയുടെയും ജീവിതത്തിൽ നാഥന്റെ വരവും കാലൊച്ചയും അത്രമേൽ നിർണായകമായ ഒരു നിമിഷവുമുണ്ട്.

ജീവിതത്തിലെ ഒരു നിർണായക സന്ദർഭത്തിൽ, ആകാംക്ഷകൾക്കെല്ലാം ഉത്തരമായി ഒരു പാട്ട് കടന്നുവന്നാലോ? സിനിമയിലും കഥകളിലും മാത്രം കണ്ടിട്ടുള്ള ഈ കാൽപ്പനികത നിത്യജീവിതത്തിൽ സംഭവിക്കില്ലെന്നു കരുതരുത്. ചിലപ്പോൾ കഥകളേക്കാൾ കാൽപ്പനികമായിപ്പോകും ജീവിതം. അതിന്റെ നാടകീയതകൾ എല്ലാ ഭാവനയ്ക്കും അതീതവുമാവും.

1980കളുടെ തുടക്കം. കവി കുരീപ്പുഴ ശ്രീകുമാർ ‘ആത്മഹത്യാമുനമ്പ്’ എന്ന കവിത പ്രസിദ്ധീകരിച്ചയുടനെ കവിതയെ പ്രശംസിച്ച് സുഷമ എന്നൊരു പെൺകുട്ടിയുടെ കത്ത് ലഭിച്ചു. കവി മറുപടി എഴുതി. കത്തുകളിലൂടെ ആ ബന്ധം വളർന്നു. കവിതകളായിരുന്നു കത്തുകളിലെ പ്രധാന ചർച്ചാവിഷയം. തന്റെ പ്രിയകവികളായ ഷെല്ലിയെയും കീറ്റ്സിനെയും ഉദ്ധരിച്ചു കുനുകുനാ അവൾ കുത്തിക്കുറിച്ചു. അയാൾ തന്റെ പുതിയ കവിതകളും കാവ്യസങ്കൽപ്പവുമൊക്കെ അവളോടും പങ്കുവച്ചു.

മറ്റ് ആശയവിനിമയ മാർഗങ്ങൾ കുറവായ അക്കാലത്ത് കവികൾക്കു കത്തുകൾ ലഭിക്കുന്നതു സ്വാഭാവികമായിരുന്നെങ്കിലും ഈ ‘ആരാധിക’യോട് ശ്രീകുമാറിന് പ്രത്യേക താൽപ്പര്യം തോന്നി. അവളുടെ കത്തുകൾക്കായി കാത്തിരിക്കാനും തുടങ്ങി. ആ കത്തുകളിൽ കവിതയോടു മാത്രമല്ല കവിയോടും പ്രണയമില്ലേ എന്നു സന്ദേഹം. 

ഒന്നും തീർച്ചപ്പെടുത്താൻ വയ്യ. മനസ്സിൽ ആകെയൊരു എരിപൊരി സഞ്ചാരം. മെഹബൂബ് പാടിയപോലെ ‘മനസ്സിനെ പിരിവെട്ടി കറക്കണ പിരാന്ത്.’ 

അന്നു കൊല്ലം ജില്ലയിലെ മാരാരിത്തോട്ടം ഐടിസിയിൽ പഠിപ്പിക്കുകയാണ് സുഷമ. മാരാരിത്തോട്ടത്തു തന്നെ സഹപ്രവർത്തകരായ സ്ത്രീകൾ ചേർന്നു വാടകയ്ക്ക് എടുത്തിരിക്കുന്ന വീട്ടിൽ താമസം. അവിടേക്ക് അന്യർക്കു പ്രവേശനമില്ല എന്ന് കവിയുടെ സുഹൃത്തുക്കൾ വിവരം എത്തിച്ചു. പ്രത്യേകിച്ചു പുരുഷന്മാർക്ക്. എന്തായാലും നേരിൽക്കാണണം. മനസ്സിലിരിപ്പ് അറിയണം. ശ്രീകുമാർ തീരുമാനിച്ചു.

സുഷമ നന്നായി പാടുമെന്നറിയാം. കൂട്ടുകാർ ചേർന്ന് ഒരു ഉപായം കണ്ടെത്തി.

ഒരു ടേപ്പ് റിക്കോർഡർ സംഘടിപ്പിച്ച് ചങ്ങാതിയുമായി നേരെ ആ വീട്ടിലേക്ക് ചെന്നു. ‘അടുത്തുള്ള നാടകസമിതിക്കാരാണ്, സുഷമയെക്കൊണ്ട് നാടകത്തിൽ പാടിക്കണം. അതിന് സൗണ്ട് ടെസ്റ്റ് ചെയ്യാൻ ഒരു പാട്ട് റിക്കോർഡ് ചെയ്യിക്കാൻ വന്നതാണ്.’ ഈ നുണ അംഗീകരിക്കപ്പെട്ടു. വീട്ടിലേക്ക് പ്രവേശനം കിട്ടി. സുഷമയ്ക്ക് മാത്രം ആളെ മനസ്സിലായി. മറ്റൊന്നും സംസാരിക്കാൻ പറ്റുന്നില്ല. കൂട്ടുകാരികളെല്ലാം ചുറ്റിലും ഇരിക്കുകയല്ലേ...

കാര്യങ്ങളൊക്കെ അവതരിപ്പിച്ച ശേഷം ‘നാടകസമിതിക്കാർ’ ടേപ്പ് റിക്കോർഡർ ഓൺ ചെയ്തു. തന്റെ പ്രിയപ്പെട്ടവനെ ജീവിതത്തിൽ ആദ്യമായി ഒരുനോക്കുകാണാൻ അവസരം ലഭിച്ചിരിക്കുന്നു. പക്ഷേ, ഹൃദയവികാരങ്ങൾ അറിയിക്കാൻ പറ്റുന്നില്ല. ബുദ്ധിമതിയായ സുഷമ അവസരത്തിനൊത്ത് ഉയർന്നു. അവൾ പാടി.

‘നാഥാ, നീ വരും കാലൊച്ച കേൾക്കുവാൻ

 

കാതോർത്തു ഞാനിരുന്നു

 

താവക വീഥിയിൽ എൻമിഴിപ്പക്ഷികൾ

 

തൂവൽ വിരിച്ചു നിന്നു...’

ശ്രീകുമാറിന്റെ ആശങ്കകൾക്ക് ഉത്തരമായി. ‘നാടകസമിതിക്കാർ’ സന്തോഷം കൊണ്ടു തുള്ളിച്ചാടുന്ന മനസ്സു പുറത്തുകാണിക്കാതെ വീടുവിട്ടിറങ്ങി. സുഷമയുടെ മിഴിപ്പക്ഷികൾ നാഥൻ നടന്നുനീങ്ങുന്ന വീഥിയിൽ തൂവൽ വിരിച്ചുനിന്നു. വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ, പ്രണയം സഫലമായി.

‘അക്കാലത്തെ ഹിറ്റ് പാട്ടായിരുന്നു അത്. അന്നത്തെ പ്രായമല്ലേ, അദ്ദേഹത്തോടുള്ള ആരാധനയോടുകൂടിത്തന്നെയാണ് ഓരോ തവണയും ഞാൻ ആ പാട്ട് കേട്ടിരുന്നത്. ആദ്യമായി നേരിട്ടു കണ്ടപ്പോൾ എനിക്കു മറ്റൊന്നും പറയാനില്ലായിരുന്നു. പിന്നീട് എത്രയോ തവണ ‍ഞങ്ങൾ ഒന്നിച്ച് ഈ പാട്ടു കേട്ടിരിക്കുന്നു. ഇപ്പോൾ കേൾക്കുമ്പോൾ പോലും മനസ്സുകൊണ്ട് അന്നത്തെ ആ പെൺകുട്ടിയായി ഞാൻ മാറും.’ സുഷമ ശ്രീകുമാർ പറയുന്നു.

‘ആ പാട്ട് എഴുതിയ പൂവച്ചൽ ഖാദറിനോടും സംഗീതം ചെയ്ത എം.ജി. രാധാകൃഷ്ണനോടും എനിക്കുള്ള സ്നേഹം നിർവചിക്കാനാവില്ല. അവരോടും ഞാനീ അനുഭവം പറഞ്ഞിട്ടുണ്ട്. അവരുടെ സൃഷ്ടിക്ക് എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു പ്രാധാന്യം ഉണ്ടെന്നറിഞ്ഞപ്പോൾ വലിയ സന്തോഷം.’ കുരീപ്പുഴ പറയുന്നു.

അധ്യാപികയും വിദ്യാർഥിയും തമ്മിലുള്ള പ്രണയത്തിന്റെ വിപ്ലവകരമായ കഥ പറഞ്ഞ സൂപ്പർ ഹിറ്റായ ‘ചാമരം’(1980) എന്ന സിനിമയിലായിരുന്നു എസ്. ജാനകി പാടിയ ‘നാഥാ നീ വരും...’ എന്ന ഗാനം. ഒരുപാടൊരുപാടു പേരുടെ പ്രിയപ്പെട്ട പ്രണയഗാനം.

പൂവച്ചൽ ഖാദറിന്റെ ഏറ്റവും മികച്ച ഗാനമായി ഇതു പരിഗണിക്കുന്നവർ ഏറെയാണ്. ബാലകൃഷ്ണൻ മാങ്ങാടിന്റെ പുതുമ നിറഞ്ഞ കഥ, ജോൺ പോളിന്റെ ഹൃദയഹാരിയായ സംഭാഷണം, ഭരതന്റെ സംവിധാന ചാരുത, സറീന വഹാബിന്റെയും പ്രതാപ് പോത്തന്റെയും അഭിനയമികവ്..... അങ്ങനെ ഒരുപാടു പ്രത്യേകതകളുണ്ട് ചാമരത്തിന്. ചാമരം എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ...’ എന്ന ഗാനം തന്നെ. കോട്ടയം സിഎംഎസ് കോളജിന്റെ ക്യാംപസും..

അന്നു കുരീപ്പുഴ ശ്രീകുമാറിനോട് തന്റെ മനസ്സിന്റെ വിങ്ങൽ പങ്കുവയ്ക്കാൻ സുഷമ തിരഞ്ഞെടുത്ത ഈ ഗാനം ജീവിതത്തിൽ ഒരു തവണയെങ്കിലും  ആത്മാർഥമായി പാടാത്ത പെൺകുട്ടികൾ കുറവായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA