‘ഏതോ ജന്മകൽപനയിൽ....’; ഹൃദയവീഥികളിലലയുന്ന വിരഹിയായൊരു കാറ്റ്

Poovachalkhader1
SHARE

പാട്ടെഴുത്തു വഴിയിലെ സാത്വിക ഭാവം, കാൽപനികതയുടെ ശാലീനതയുമായി ആസ്വാദക ഹൃദയങ്ങളെ ചിത്തിരത്തോണിയിൽ അക്കരെയേറ്റുന്ന വരികൾക്കുടമ, അലിഞ്ഞുചേരുന്ന ആത്മാംശം വരികളിലൊളിപ്പിച്ച് മലയാളമനസ്സുകളിൽ ആർദ്രമായുദിച്ച ആതിരത്താരകം... അരനൂറ്റാണ്ടോടടുക്കുന്ന ആ കാവ്യസപര്യയുടെ പേരാണ് പൂവച്ചൽ ഖാദർ! ഹൃദയത്തോടു ചേർത്തുവയ്ക്കാൻ പോന്ന എണ്ണമറ്റ ഗാനങ്ങളാണ് ആർദ്രതയിറ്റുന്ന ആ തൂലികയിലൂടെ മലയാളത്തിനു സമ്മാനമായി കിട്ടിയിരിക്കുന്നത്. സൗന്ദര്യവും ലാളിത്യവും ഇഴയിടുന്ന വരികളുമായി, കാലത്തേയും ഒപ്പം കൂട്ടി പകരക്കാരനില്ലാത്ത ആ പ്രതിഭ നടന്നു കയറിയത് എത്രയോ ഹൃദയങ്ങളിലേക്കാണ്.

തമ്പി പറഞ്ഞു: എന്റെ ‘ആകാശം’ എത്രയകലെ, ബാബുക്കയുടെ ‘ആകാശം’ ഒരുപാട് അടുത്തും!

പലവുരു വസന്തം വിടർന്നിരുന്ന ഇന്നലെകളിലെന്നോ മനസ്സിൽ ഇടം പിടിച്ച ഒരു പാട്ടുണ്ട്. നിമിഷങ്ങളിഴഞ്ഞുനീങ്ങുന്ന പല ഏകാന്ത നേരങ്ങളിലും ഒരു ഓർമപ്പെടുത്തലിന്റെ താളം പോലെ ഇന്നും പതിവു തെറ്റിക്കാതെ കൂട്ടിനു വരുന്ന ഒന്ന്: ‘ഏതോ ജന്മകൽപനയിൽ, ഏതോ ജന്മവീഥികളിൽ...’. പൂവച്ചൽ ഖാദർ എന്ന പേര് മനസ്സിൽ ചേർന്നു നിൽക്കുന്നതിനു പിന്നിലും ഈ ഗാനം തന്നെയാണ്.

1982ൽ പുറത്തിറങ്ങിയ, പക്വതയാർന്ന ഒരു പ്രണയത്തിന്റെ കഥ പറയുന്ന ഭരതൻ ചിത്രമായിരുന്നു ‘പാളങ്ങൾ’. വലിയ ആളനക്കങ്ങളോ ദൃശ്യ ബഹളങ്ങളോ ഒന്നുമില്ലാത്ത ഒരു സാധാരണ കഥയെങ്കിലും നെടുമുടി - സെറീന വഹാബ് ജോഡികളുടെ ഇമ്പമൂറുന്ന പ്രണയം പാളങ്ങൾക്ക് ആസ്വാദക ഹൃദയങ്ങളിൽ നൽകിയ സ്വീകാര്യത ചെറുതായിരുന്നില്ല. നിഷ്കളങ്കതയുടെ തിളക്കം പേറുന്ന രാമുവിന്റെ പ്രണയവും ദുഃഖക്കയത്തിൽനിന്ന് ഉയർന്ന ഉഷയുടെ പ്രണയവും നിശ്ശബ്ദം പാളങ്ങളിലൊന്നാവുമ്പോൾ പിറന്നു വീഴുന്ന ഗാനമാണ് ‘ഏതോ ജന്മ കൽപനയിൽ..’

പറയാതിരിയ്ക്കാനാവില്ല.. പ്രണയക്കാഴ്ചകൾക്കൊപ്പം പ്രതീക്ഷകളെയും ഗർഭം ധരിച്ച ചേതോഹര വരികൾ! പൂവച്ചൽ എന്ന പാട്ടെഴുത്തു പ്രതിഭയ്ക്ക് മലയാളത്തിന്റെ ഹൃദയാഴങ്ങളിലേക്കു വേരോട്ടം നൽകിയതിൽ മുഖ്യ പങ്കുവഹിച്ച ഗാനങ്ങളിലൊന്നും ഇതു തന്നെയാണ്.

വാണി ജയറാമിന്റെ മധുര സ്വരത്തിൽ ഗാനമിങ്ങനെ ഒഴുകി വരുമ്പോൾ പ്രണയത്തിന്റെ മാസ്മരികത ഏഴഴകുമായല്ലേ ഹൃദയ കോണുകളിൽ എവിടെയൊക്കെയോ ചെന്നു തൊടുന്നത്.

സംഗീത സംവിധാന രംഗത്തെ, ഗിത്താർ തന്ത്രികളിലുണരുന്ന ശ്രുതിയഴകായ ജോൺസൺ മാസ്റ്ററാണ് ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത്. ഹംസധ്വനി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനത്തിൽ ഒരു സൂത്രവിദ്യയിലെന്നപോലെ അവിടവിടെ ഉണ്ണി മേനോന്റെ ഹമ്മിങ് കൂടിയായപ്പോൾ ജോൺസൺ ടച്ചിന് പറഞ്ഞറിയിക്കാനാവാത്ത ഒരു ചാരുതയും.

‘പാളങ്ങൾ’ ഒരുക്കുമ്പോൾ ഭരതൻ തന്റെ പതിവു പോലെ ഒറിജിനാലിറ്റിയെ പ്രതിഫലിപ്പിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലായിരുന്നു. സിനിമയിൽ ആദ്യന്തം ട്രെയിനിന്റെ ശബ്ദവും ചൂളംവിളിയും വേണമെന്നുള്ള നിർബന്ധത്തിലാണ് ഷൊർണൂരിലെ റെയിൽവേ കോളനിയിൽ ലൊക്കേഷനൊരുക്കിയത്. ചില സീനുകൾക്കായി കൽക്കരി ട്രെയിൻ തന്നെ വേണമെന്നു ശഠിച്ചതുകൊണ്ട് മദ്രാസിൽനിന്ന് അവ വരുത്തേണ്ടതായും വന്നിരുന്നു! അപ്പോൾ പാട്ടുകളുടെ പെർഫെക്‌ഷന്റെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവുമോ?

കഥാസന്ദർഭത്തിന് ആർദ്രത കിനിയുന്ന വരികൾ തന്നെ വേണമെന്നുള്ളതുകൊണ്ടുകൂടി, പാട്ടെഴുതാനുള്ള നിയോഗം അങ്ങനെ പൂവച്ചലിലേക്കെത്തുകയായിരുന്നു. ഇതിനോടകം നിരവധി ഹിറ്റുകൾ സമ്മാനിച്ചു കഴിഞ്ഞ കവി തന്നിൽ വിശ്വാസമർപ്പിച്ച ഒരാളുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കിയില്ല, ഹിറ്റുകളുടെ ശ്രേണിയിലേക്ക് ഒന്നുകൂടി ചേർക്കപ്പെട്ടു!

‘വീണ്ടും നമ്മളൊന്നായ്..’– ഒരിക്കൽ കാലത്തിന്റെ കുസൃതിയിൽപ്പെട്ട് പാളങ്ങളിലൊടുങ്ങിയ ഉഷയുടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളയ്ക്കുകയാണ്. പ്രതീക്ഷകളുടെ പാളത്തിൽ ഒരിയ്ക്കൽക്കൂടി പ്രണയത്തിന്റെ ചക്രമുരുളുന്നു... രവിയുടെ വിയോഗം ഏൽപ്പിച്ച മുറിവ് ഉഷയിൽ ഉണങ്ങിവരേണ്ടതിന്റെ അനിവാര്യതയിലേക്ക് കഥ നീങ്ങുമ്പോൾ പാട്ടിന്റെ വരികളും അതേറ്റു പിടിച്ചു. കഥാസന്ദർഭമാണ് പാട്ടിന്റെ ആത്മാവ് എന്നുറച്ച് വിശ്വസിക്കുന്ന എഴുത്തുവഴിയിലെ പ്രതിഭ ‘വീണ്ടും നമ്മളൊന്നായ്’ എന്നു കുറിക്കുമ്പോൾ നഷ്ടപ്പെട്ടതൊക്കെയും തിരിച്ചു കിട്ടിയത് ഉഷയ്ക്കു മാത്രമായിരുന്നോ? ജീവിതമെന്ന കാൽപനിക വഴിത്താരയിൽ നഷ്ടപ്പെടലുകൾ പകരുന്ന നിർവികാരതയ്ക്ക് അല്പായുസ്സേ ഉണ്ടാകൂ. രാമൻകുട്ടി തന്റെ നഷ്ടസ്വപ്നങ്ങളുടെ പുനർജന്മമാണെന്ന് ഉഷയ്ക്ക് തോന്നുന്നതോടെ വരികളും അർഥപൂർണമാവും.

‘കേൾക്കുന്നു നിൻ

ഹൃദയത്തിൻ അതേ നാദം എന്നിൽ...’ 

മനസ്സുകളുടെ ഒന്നാകലിനെ എത്ര ഭംഗിയായാണ് ഇവിടെ വരച്ചു ചേർത്തിരിക്കുന്നത്! തണുത്ത മഞ്ഞിൻകണങ്ങളെപ്പോലെ മോഹങ്ങളിങ്ങനെ പെയ്തു വീഴുമ്പോൾ കുളിരോർമകളിൽ നാമ്പിട്ടുണരുകയാണ് പുത്തൻ പ്രതീക്ഷകൾ. ഇനിമേൽ ഇടമില്ലെന്നുറപ്പിച്ച, വിങ്ങലൊടുങ്ങാത്ത മനസ്സിലേക്കാണ് സർവ ശക്തിയും പേറിയുള്ള പ്രണയത്തിന്റെയൊരു തിരിച്ചു വരവ്. പ്രതീക്ഷകളുടെ പാളങ്ങളിൽ ഉറവകൊണ്ട പ്രണയത്തിന് വരികളിൽ സുവർണ ശോഭ പകരാനും കവി പ്രത്യേകം ശ്രദ്ധിച്ചു.

‘തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ

നിർത്താതെ പൊള്ളും  ഓരോ നോക്കും ഇടയുന്നു..’

പ്രണയം അതിന്റെ മൂർത്തഭാവത്തെ പുണർന്ന് ഹൃദയത്തിൽനിന്നു ഹൃദയത്തിലേക്ക് ഒഴുകാൻ തുടങ്ങുന്നതിന്റെ സ്വാഭാവിക ലക്ഷണം. പറയാനുള്ളതൊക്കെയും പറയാനാവാതെ പോകുന്നതിന്റെ വിങ്ങൽ, നേർക്കുനേരേ കണ്ണുകളിടയുമ്പോഴുള്ള പൊള്ളൽ... വെറുതെ വാക്കുകൾ കൊണ്ടുള്ള കസർത്തല്ല, വികാരങ്ങളെ അറിഞ്ഞ് അവയെ പ്രതിഫലിപ്പിക്കലാവണം പാട്ടെഴുത്ത് എന്നു പ്രഖ്യാപിക്കുകയല്ലേ ചരണങ്ങൾ! ഹൃദയത്തിൽ ഉറഞ്ഞുകൂടുന്ന കേവലം ഒരു വില കുറഞ്ഞ വികാരമായി പ്രണയത്തെ കാണാൻ കവിക്കാവില്ല. വിശേഷണങ്ങളുടെ ആലങ്കാരികത ഏറെയുള്ള മധുര വികാരത്തെ ഏറ്റവും കുറഞ്ഞ വാക്കുകൾ കൊണ്ട് കൂടുതൽ തെളിമയോടെ ഫലിപ്പിക്കുവാനും എഴുത്തിന്റെ വഴിയിലെ ആ സൗമ്യഭാഷിക്കായി.

ഏതു രാഗവും ഏതു ഭാഷയും നാവിനനായാസം വഴങ്ങുന്ന ‘ആധുനിക ഇന്ത്യയിലെ മീര’, വാണിയമ്മയുടെ മാജിക്കൽ വോക്കൽ റേഞ്ചിൽ സ്വരദലങ്ങളിങ്ങനെ അടർന്നടർന്നുവീണ് ആത്മാവ് നിറയ്ക്കുമ്പോൾ നമ്മളും ഒഴുകി നീങ്ങുകയാവും... ഏതോ നിഴൽ തീർത്ത ദ്വീപിലേക്ക്...

‘മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു മണിമുകിൽ തേരിലിറങ്ങി..’– അഞ്ചു പതിറ്റാണ്ടോടുക്കുന്ന എഴുത്തിന്റെ വഴിയിൽ ഏറ്റവും പ്രിയപ്പെട്ട ഗാനമേതെന്നു കവിയോടു ചോദിച്ചാൽ പെട്ടെന്നു വരുന്ന ഉത്തരമാണ്. കാരണം മറ്റൊന്നല്ല, പൂവച്ചൽ ഖാദറെന്ന പേര് പാട്ടെഴുത്തു വഴിയിലെ അതികായൻമാർക്കൊപ്പം ചേർത്തുവയ്ക്കാൻ മലയാളത്തെ പ്രേരിപ്പിച്ച ആദ്യ ഗാനം അതായിരുന്നു. എന്നാൽ മറ്റൊരു ഗാനം കൂടി ചോദിച്ചാൽ സംശയമില്ല,  മറുപടി ഉടനുണ്ടാവും - ‘ഏതോ ജന്മകൽപനയിൽ...’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA