ADVERTISEMENT

പൂവച്ചൽ ഖാദറിനൊപ്പമുള്ള ഓർമകൾ പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാർ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ‘ഓർമകൾ’ എന്ന സ്പെഷൽ വിഡിയോയിലൂടെയാണ് എം.ജി.ശ്രീമാർ മനസ്സ് തുറന്നത്. പൂവച്ചൽ ഖാദറിനെ പരിചയപ്പെട്ടതു മുതലുള്ള ഓരോ നിമിഷവും ഗായകൻ ഓർത്തെടുത്തു. പാട്ടെഴുത്തുകാരൻ എന്ന നിലയിലല്ലാതെ പൂവച്ചൽ ഖാദറുമായി വ്യക്തിപരമായി പുലർത്തിയ അടുപ്പത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ വ്യക്തിയായിരുന്നു പൂവച്ചൽ ഖാദറെന്ന് എം.ജി.ശ്രീകുമാർ പറഞ്ഞു. അദ്ദേഹത്തെപ്പോലുള്ള വ്യക്തികൾ ഭൂമിയിൽ വല്ലപ്പോഴും മാത്രമേ ജനിക്കൂ എന്നും അദ്ദേഹമുള്ള കാലത്ത് ജീവിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായാണു കാണുന്നതെന്നും ഗായകൻ വിവരിക്കുന്നു. 

‘കുട്ടിക്കാലം മുതൽ എനിക്കു വളരെ അടുത്ത് അറിയാവുന്ന ആളാണ് പൂവച്ചൽ ഖാദർ. എന്റെ ജ്യേഷ്ഠനുമായി അദ്ദേഹം വളരെ വലിയ അടുപ്പം പുലർത്തിയിരുന്നു. സിനിമയിൽ പാട്ടെഴുതിത്തുടങ്ങുന്നതിനു മുൻപ് ഒരുപാട് പാട്ടുകൾ എഴുതി അദ്ദേഹം എന്റെ എന്റെ ചേട്ടന്റെ അടുത്തു കൊണ്ടുവന്നു കൊടുക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. വളരെ മിതഭാഷിയാണ് അദ്ദേഹം. മറ്റുള്ളവർ ദേഷ്യപ്പെട്ടു സംസാരിച്ചാൽ പോലും ശാന്തനായാണ് മറുപടി പറയുക. 

ഒരിക്കൽ ‘അല്ലാഹു അക്ബർ’ എന്ന സംഗീത ആൽബം ഒരുക്കാൻ നേരം പാട്ടുകളെഴുതാൻ ഞാൻ പൂവച്ചൽ ഖാദർ ചേട്ടനെ വിളിച്ചു. അദ്ദേഹം സന്തോഷപൂർവം വീട്ടിൽ വന്നു. എന്റെ ഭാര്യയാണ് വാതിൽ തുറന്നത്. പെട്ടെന്നു കണ്ടപ്പോൾ ഭാര്യയ്ക്ക് ആളെ മനസ്സിലായില്ല. പാട്ടെഴുതുന്ന ആളാണെന്നു പറഞ്ഞ് അദ്ദേഹം സ്വയം പരിചയപ്പെടുത്തി. സന്തോഷത്തോടെ സ്വീകരിച്ച് അകത്തിരുത്തി, ചായ കുടിക്കുന്നോ എന്നു ചോദിച്ചപ്പോൾ ആവാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മധുരം ഇടാമോ എന്ന ചോദ്യത്തിന് അൽപം ആവാം എന്നും അദ്ദേഹം എന്റെ ഭാര്യയോടു പറഞ്ഞു. പാട്ടെഴുതാനായി പൂവച്ചൽ ഖാദർ ചേട്ടൻ ഒരാഴ്ചയോളം ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ആ ദിവസങ്ങളിലെല്ലാം ഇതേ ചോദ്യങ്ങളും ഉത്തരങ്ങളും ഞാന്‍ കേട്ടുകൊണ്ടേയിരുന്നു. അത് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു. 

‘അല്ലാഹു അക്ബർ’ എന്ന ആൽബം വളരെ ഹിറ്റ് ആയി. അദ്ദേഹത്തിനും അത് ഒരുപാട് ഇഷ്ടമായി. പിന്നീട് തുളസിദാസിന്റെ ‘ഗേൾസ്’ എന്ന ഒരു ചിത്രം പുറത്തിറങ്ങി. അതിൽ ഞാൻ ആയിരുന്നു സംഗീതസംവിധാനം നിർവഹിച്ചത്. ‘ഗേൾസി’നു വേണ്ടി സംഗീതമൊരുക്കുമ്പോൾ പാട്ടെഴുതാനായി ഞാൻ പൂവച്ചൽ ഖാദർ ചേട്ടനെ വിളിച്ചു. അങ്ങനെ എന്റെ സംഗീതസംവിധാന സംരംഭത്തിൽ അദ്ദേഹത്തെക്കൊണ്ടു പാട്ടെഴുതിക്കാനുള്ള ഭാഗ്യവും എനിക്കു കിട്ടി. 

പൂവച്ചൽ ഖാദർ ചേട്ടന്റെ ഈ വിയോഗത്തിൽ ഒരുപാട് ദുഃഖമുണ്ട്. ഇതുപോലുള്ള ആത്മാക്കൾ ഭൂമിയിൽ വല്ലപ്പോഴുമേ ജനിക്കൂ. അങ്ങനെയൊരാൾ ജീവിച്ചിരുന്നപ്പോൾ തന്നെ നമുക്കും ജീവിക്കാൻ സാധിച്ചല്ലോ. അതോർത്ത് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യാം. ഇനി ഇതുപോലൊരു ആത്മാവ് ഭൂമിയിൽ ജനിക്കുന്നതു വരെ നമുക്ക് കാത്തിരിക്കാം. ‘കാറ്റു വിതച്ചവൻ’ എന്ന ചിത്രത്തിലെ പാട്ടെഴുത്തിലൂടെ കടന്നു വന്ന് കൊടുങ്കാറ്റ് വീശി നമ്മെയെല്ലാം ഉലച്ചിട്ടാണ് അദ്ദേഹം ഈ ഭൂമിയില്‍ നിന്നും കടന്നു പോയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com