ADVERTISEMENT

പോപ് സംഗീത ചക്രവർത്തി മൈക്കൽ ജാകസനെ നേരിൽ കണ്ട അനുഭവം പങ്കുവച്ച് സംഗീതജ്ഞൻ എ.ആർ.റഹ്മാൻ. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. റഹ്മാൻ ഓസ്കർ പുരസ്കാരം നേടുന്നതിനു മുൻപാണ് സംഭവം. മൈക്കൽ ജാക്സനുമായി കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം ഒരു സുഹൃത്ത് മുഖേന എ.ആർ.റഹ്മാൻ അറിയിച്ചിരുന്നു. മെയിൽ വഴി അപേക്ഷ അയച്ചതിനു ശേഷം ആഴ്ചകൾ കാത്തിരുന്നിട്ടും മറുപടിയൊന്നും വന്നില്ല. 

 

പിന്നീട് ഓസ്കർ നാമനിർദ്ദേശം ലഭിച്ചതോടെ എ.ആർ.റഹ്മാന്‍ തിരക്കിലായിത്തുടങ്ങി. മൈക്കൽ ജാക്സനുമായുള്ള കൂടിക്കാഴ്ച ഒരിക്കലും സാധ്യമാകില്ലെന്നു മനസ്സിലുറപ്പിക്കുകയും ചെയ്തു. എന്നാൽ ഓസ്കർ പുരസ്കാര പ്രഖ്യാനത്തിനു നാലു ദിവസങ്ങൾ മാത്രം ശേഷിക്കവെ റഹ്മാനുമായുള്ള കൂടിക്കാഴ്ചയ്ക്കു സമ്മതമറിയിച്ച് മൈക്കൽ ജാക്സന്റെ മറുപടി വന്നു. പക്ഷേ പുരസ്കാര പ്രഖ്യാപന നിശയിലേയ്ക്കുള്ള പ്രകടനത്തിന്റെ പരിശീലനത്തിലായതിനാൽ റഹ്മാൻ കൂടിക്കാഴ്ചയ്ക്കു വിസമ്മതിച്ചു. മാത്രവുമല്ല, ഓസ്കർ നേടിയാൽ താൻ ജാക്സനെ കാണാൻ എത്താമെന്നും അല്ലാത്തപക്ഷം തനിക്ക് അദ്ദേഹത്തെ കാണേണ്ട എന്നും എ.ആർ.റഹ്മാൻ ഉറപ്പിച്ചു പറഞ്ഞു. 

 

ദിവസങ്ങൾക്കു ശേഷം ഓസ്കർ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഒന്നല്ല, രണ്ട് പുരസ്കാരങ്ങൾ നേടിക്കൊണ്ട് റഹ്മാൻ ലോകത്തെ അദ്ഭുതപ്പെടുത്തി. പുരസ്കാരം നേടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം മൈക്കൽ ജാക്സനെ കാണാനെത്തുകയും ച‌െയ്തു. തനിക്കു മുന്നിലെത്തിയ റഹ്മാനെ ജാക്സൻ സന്തോഷത്തോടെ സ്വീകരിച്ച് അടുത്തിരുത്തി. രണ്ടു മണിക്കൂറോളം നീണ്ട സംഭാഷണങ്ങൾക്കിടെ ഇരുവരും നിരവധി കാര്യങ്ങൾ പങ്കുവച്ചു. റഹ്മാന്റെ സംഗീതം ഏറെ ഇഷ്ടമാണന്നു പറഞ്ഞ മൈക്കൽ ജാക്സൻ‌, അദ്ദേഹത്തിനു മുമ്പിൽ മാന്ത്രികച്ചുവടുകൾ അവതരിപ്പിക്കുകയും ചെയ്തു. ആ നിമിഷം താൻ തരിച്ചു നിന്നു പോയി എന്ന് റഹ്മാൻ ഓർത്തെടുത്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com