ADVERTISEMENT

സ്വകാര്യജീവിതത്തിലെ ദുഃഖങ്ങൾ പങ്കുവച്ച് ഗായിക ഉഷ ഉതുപ്പ്. മഴവിൽ മനോരമയിൽ നടൻ ജഗദീഷ് അവതാരകനായെത്തുന്ന ‘പണം തരും പടം’ വേദിയിൽ അതിഥിയായി എത്തയതായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ദീദി. കോവിഡ‍് വ്യാപിച്ചതോടെ ദീർഘകാലമായി വീട്ടിൽ അടച്ചിരിക്കുകയായിരുന്നുവെന്നും നീണ്ട രണ്ടര വർഷത്തിനു ശേഷമാണ് യാത്ര ചെയ്യുന്നതെന്നും അത് പണം തരും പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണെന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഉഷ ഉതുപ്പ് വേദിയിൽ പറഞ്ഞു. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തേയും കോവിഡ് ദോഷകരമായി ബാധിച്ചെന്നും ദീദി കൂട്ടിച്ചേർത്തു. 

 

‘കഴിഞ്ഞ രണ്ടര വർഷമായി ഞാൻ എവിടേയ്ക്കും പോയിട്ടില്ല. കോവിഡ് വന്നതോടെ ജീവിതം കൊൽക്കത്തയിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. എനിക്ക് എന്റെ കുടുംബാംഗങ്ങളെപ്പോലും കാണാൻ കഴിഞ്ഞില്ല. ഇക്കാലമത്രയും മകൾ അഞ്ജലിയെയും മരുമകനെയും പേരക്കുട്ടികളെയും പിരിഞ്ഞിരിക്കേണ്ടി വന്നു. എന്റെ ഭർത്താവ് ദീർഘകാലമായി കേരളത്തിൽ ആയിരുന്നു. അടുത്തിടെയാണ് അദ്ദേഹം കൊൽക്കത്തയിലേയ്ക്ക് തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ അമ്മ കോട്ടയത്തെ കുടുംബവീട്ടിൽ ഉണ്ട്. അമ്മയെ കാണണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. കേരളത്തിലേയ്ക്കുള്ള ഈ വരവിലൂടെ എനിക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അവസരം കൂടി കിട്ടുകയാണ്. അതിൽ ഒരുപാട് സന്തോഷം. 

 

എന്റെ മകൻ സണ്ണി എനിക്കൊപ്പം കൊൽക്കത്തയിൽ തന്നെയാണ് താമസം. അവന്‍ വൃക്കസംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽ ആണ്. വൃക്ക മാറ്റിവയ്ക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഇപ്പോൾ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ജീവിതദുഃഖങ്ങളും കോവിഡ് ഏൽപ്പിച്ച വിഷമതകളും മറികടക്കാൻ എന്നെ സഹായിക്കുന്നത് സംഗീതമാണ്. സംഗീതം മാത്രമാണ് ഏക ആശ്വാസം’, ഉഷ ഉതുപ്പ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com