ഹൃദയത്തോടു ചേർന്നു നിൽക്കുന്ന ജോൺസൺ ഈണം; കവർ ഗാനവുമായി രാജലക്ഷ്മി
Mail This Article
ഓണപ്പാട്ട് പാടി മനം നിറച്ച് ഗായിക രാജലക്ഷ്മി. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ഗാനമായ ‘പൂ വേണം പൂപ്പട വേണം’ എന്ന പാട്ടിനു കവർ ഗാനവുമായാണ് ഗായിക പ്രേക്ഷകർക്കരികിലെത്തിയത്. ഓണപ്പുടവയണിഞ്ഞ് ഹൃദ്യമായി പാടുന്ന രാജലക്ഷ്മിയുടെ വിഡിയോ ഇതിനകം ആരാധകർ ചർച്ചയാക്കിക്കഴിഞ്ഞു. റെജിയാണ് പാട്ടിനുവേണ്ടി കീബോർഡിൽ ഈണമൊരുക്കിയത്. ജെയിംസ് അനോസ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു.
ഭരതന്റെ സംവിധാനത്തിൽ 1987ൽ പുറത്തിറങ്ങിയ ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഒഎൻവി കുറുപ്പിന്റെ വരികൾക്ക് ജോൺസൺ മാഷിന്റെ സംഗീതം. കെ.ജെ.യേശുദാസും ലതികയും ചേർന്നാണു ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചത്. മലയാളിക്ക് അന്നുമിന്നും ഈ പാട്ടിനോട് പ്രത്യേക ഇഷ്ടം തന്നെ. ഹിറ്റ് ഗാനത്തിനു കവർ ഒരുക്കിയതിനെക്കുറിച്ചു രാജലക്ഷ്മി പറയുന്നതിങ്ങനെ:
‘ഈ പാട്ട് ഗൃഹാതുര സ്മരണകളുണർത്തുന്നതും എപ്പോഴും മലയാളികളുടെ മനസ്സിനോടു ചേർന്നു നിൽക്കുന്നതുമാണ്. ഞാൻ പല തവണ ഈ ഗാനം വേദികളിൽ പാടിയിട്ടുണ്ട്. ഓണപ്പാട്ട് എന്നതിലുപരി ആ വരികളുടെ ഭംഗിയും ഈണവുമാണ് എന്നെ ആകർഷിച്ചത്. ഭരതൻ സർ, ഒഎൻവി സർ, ജോൺസൺ മാഷ്, യേശുദാസ് സർ, ലതിക ചേച്ചി തുടങ്ങിയ പ്രഗത്ഭരായവർ കൈകോർത്തപ്പോഴാണ് ഇത്തരത്തിലൊരു മനോഹര ഗാനം പിറന്നത്. ഒറിജിനല്‍ പാട്ടിന്റെ ഭംഗി അതേപടി നിലനിർത്തിക്കൊണ്ട് കവർ ഒരുക്കാനാണ് ശ്രമിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് പാടി റെക്കോർഡ് ചെയ്ത്, ഷൂട്ടിങ് പൂർത്തിയാക്കി വിഡിയോ പുറത്തിറക്കുകയായിരുന്നു. മികച്ച അഭിപ്രായം ലഭിക്കുന്നതിൽ ഒരുപാട് സന്തോഷം’.