നിങ്ങൾ ദുഃഖത്തിലാണോ? എങ്കിൽ ദുഃഖം നിറഞ്ഞ പാട്ടുകൾ കേൾക്കൂ; വിചിത്ര കണ്ടെത്തലുമായി ശാസ്ത്രലോകം
Mail This Article
പാട്ടുകളെ പല നിലയ്ക്ക് ഹൃദയത്തോടു ചേർത്തു നിർത്തുന്നവരാണു നമ്മൾ. കൂടി ചേരലുകൾ ആഘോഷിക്കാൻ, സന്തോഷിക്കാൻ, പ്രണയിക്കാൻ ഒക്കെ നമുക്കു പാട്ടുകൾ വേണം. നമ്മുടെ വിഷാദങ്ങൾക്ക്, പല വിധ വേദനകൾക്ക് ഒക്കെ മറുമരുന്നാണ് സംഗീതം. ദുഃഖം വരുമ്പോൾ സന്തോഷം നൽകുന്ന പാട്ടുകൾ കേൾക്കാൻ പലരും ഉപദേശിക്കാറുണ്ട്. പക്ഷേ നേരെ മറിച്ചാണ് വേണ്ടതെന്ന വിചിത്രമായ കണ്ടുപിടുത്തത്തിൽ എത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. കടുത്ത വിഷാദത്തിലായിരിക്കുമ്പോൾ വിഷാദം നിറഞ്ഞ പാട്ടുകൾ കേൾക്കണമെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത്.
ട്രാജഡി പരഡോക്സ് എന്നാണ് ഐഐടി മാൻഡിയിൽ നടന്ന ഈ പഠനത്തിന്റെ പേര്. വിഷാദ ഛായയുള്ള പാട്ടുകൾക്കു ഭംഗി കൂടും എന്ന ബോധ്യത്തിന്റെ അടിസ്ഥാനമെന്തെന്നു കണ്ടുപിടിക്കാനായിരുന്നു ശ്രമം. പഠനം വിജയകരമായി പൂർത്തിയാക്കുകയും കൗതുകകരമായ നിഗമനത്തിലേക്ക് എത്തുകയുമായിരുന്നു.
എഫ്എഫ്എംആർ സ്കാൻ, തലച്ചോറിലെ വികാരങ്ങളെക്കുറിച്ചു പഠിക്കുന്ന ഇഇജി എന്നീ സാങ്കേതങ്ങൾ ഉപയോഗിച്ചാണ് പഠനങ്ങൾ നടത്തിയത്. വ്യത്യസ്ത മാനസിക നിലകളിലുള്ള 20 പേരിലായിരുന്നു പരീക്ഷണം. സങ്കടത്തെ തൊടുന്ന രാഗങ്ങളിലെ പാട്ടുകൾ ഉപയോഗിച്ചാണ് പഠനം പൂർത്തിയാക്കിയത്. തലച്ചോറിലെ മൂന്നടരുകളിലും ഇത്തരം പാട്ടുകൾ കോർട്ടിസോൾ ഹോർമോണിന്റെ ഉത്പാദനം കൂട്ടുകയും ഇതുവഴി സങ്കടത്തെ മറികടക്കാൻ സഹായിക്കുകയും ചെയ്യും.
മാൻഡി ഐഐടി ഡയറക്ടർ ലക്ഷ്മിധർ ബെഹറയുടെ നേതൃത്വത്തിലായിരുന്നു ഈ പഠനം. മ്യൂസിക് തെറപ്പി, ട്രെയിനിങ് തുടങ്ങി സംഗീതമുപയോഗിച്ചുള്ള ചികിത്സകൾക്കു വലിയൊരു വഴിത്തിരിവാകും ഈ പഠനം.