ആ സ്വരമാധുരിക്കു മുന്നില്‍ ‘പൂക്കൾ... പനിനീർപൂക്കൾ’; വാണി ഫെബ്രുവരിയിൽ തുടങ്ങി, ഫെബ്രുവരിയിൽ മടക്കം
Mail This Article
ഒരു ഫെബ്രുവരിയിലാണു വാണിയെ മലയാളത്തിനു കിട്ടിയത്. മറ്റൊരു ഫെബ്രുവരിയിലാണു ജയറാമിനെ വാണി വരിച്ചത്. അതേ ഫെബ്രുവരിയിൽ ഈ മധുരവാണി ഓർമകളുടെ സ്വരശീലയിൽ മറയുന്നു. എന്തെന്തു യാദൃശ്ചികതകൾ! 1973 ഫെബ്രുവരി 1നാണു മലയാള സിനിമയിലേക്കു വാണി ജയറാം ക്ഷണിക്കപ്പെടുന്നത്. മറ്റൊരു ഗായികയുടെ അസൗകര്യംമൂലം, സംഗീതസംവിധായകൻ സലിൽ ചൗധരി സംവിധായകൻ ശിവനോട് അന്വേഷിച്ചതാണ്. ഹിന്ദിയിലും മറാത്തിയിലും പാടി ശ്രദ്ധിക്കപ്പെടിരുന്ന വാണി ജയറാം എന്ന പേര് ശിവന്റെ മനസ്സിൽ വന്നു. ആ വാണി മലയാളത്തോടു ചേർക്കാൻ ബോംബെയിലേക്കു ഫോൺ കോൾ പോയത് 1973 ഫെബ്രുവരി 1ന്. ആ ക്ഷണത്തിന്റെ തുടർച്ചയായിരുന്നു ‘സ്വപ്നം’ എന്ന സിനിമയിലെ ഒഎൻവി–സലിൽ ചൗധരി ഗാനം: ‘സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധികമാണീ ഭൂമി...’. ശബ്ദംകൊണ്ടു ‘സ്വപ്നം’ കാണാൻ മലയാളികളെ വാണി ശീലിപ്പിച്ചുതുടങ്ങുകയായിരുന്നു.