ADVERTISEMENT

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനകാലം ഓര്‍ത്തെടുത്ത് എ.എ.റഹിം എംപി. കണ്ണൂർ മയ്യില്‍ നടന്ന അരങ്ങുത്സവ വേദിയിൽവച്ച് സുഹൃത്തും ഗായകനുമായ ഇഷാന്‍ ദേവിനെ കണ്ടുമുട്ടിയതോടെയാണ് അദ്ദേഹം കലാലയകാലത്തിന്റെ ഓർമകളിലേക്കു മടങ്ങിപ്പോയത്. ക്ലാസ്സ്മുറിയില്‍ ഇടവേളകളില്‍ നടന്ന പാട്ട് സഭകളെ ഓർത്തെടുത്ത റഹിം, അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിനെ വേദനയോടെ സ്മരിക്കുന്നു. റഹിം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇതിനകം ചർച്ചയായിരിക്കുകയാണ്. 

 

റഹിമിന്റെ കുറിപ്പ് ഇങ്ങനെ:

 

ഓർമകൾ....

 

ഓർമകളിലെ യൂണിവേഴ്സിറ്റി കോളജ്. ഞങ്ങളുടെ ക്ലാസ്സ് മുറിയിൽ ഇടവേളകളിൽ നടന്ന 'പാട്ട് സഭകൾ'... ക്ലാസ്സിൽ തന്നെ നല്ല പാട്ടുകാരും കവിത ചൊല്ലുന്നവരുമൊക്കെയുണ്ടായിരുന്നു. ചിലപ്പോൾ മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ നിന്നും നല്ല പാട്ടുകാരെത്തും. പാട്ടും കവിതകളും വിപ്ലവ ഗാനങ്ങളുമൊക്കെയായി എത്രയോമനോഹരമായ നിമിഷങ്ങൾ. ആ സൗഹൃദക്കൂട്ടിലേക്കൊരു ദിവസം ഒരു ജൂനിയർ പയ്യൻ വന്നു. ആദ്യ ദിവസം തന്നെ അവൻ ഹീറോ ആയി. പിന്നെ സ്ഥിരം ഞങ്ങളുടെ അരികിലെ പാട്ടുകാരനായി.

 

ഞങ്ങളുടെ ക്ലാസ്സ്മുറിയിൽ മാത്രമല്ല, യൂണിവേഴ്സിറ്റി കോളജിന്റെ ഇടനാഴികളിലെ മധുരമായ സൗഹൃദ സദസ്സുകളിലെല്ലാം അവന്റെ  ശബ്ദം ഒഴുകി. യൂണിവേഴ്സിറ്റി കോളജിലെ വേദികളിൽ നിന്നും തുടങ്ങിയ അവൻ ഇന്ന് തെന്നിന്ത്യയിലെ പ്രിയപ്പെട്ട പാട്ടുകാരിൽ ഒരാളായി വളർന്നു. ഇഷാൻ ദേവ്. ഇഷാൻ മാത്രമല്ല, ഞങ്ങളുടെ ക്ലാസ്സിൽ സംസ്‌കാരയുടെ ക്യാംപെയ്ന്‍ നടക്കുമ്പോഴാണ് വയലിനിൽ വിസ്മയം തീർക്കുന്ന ഒരു മഹാ പ്രതിഭയെ ഞാൻ ആദ്യമായി കണ്ടത്, അവനെ കേട്ടത്, ആസ്വദിച്ചത്. ബാലഭാസ്കർ. ബാലുവിന്റെ വയലിൻ അന്ന് ഞങ്ങൾക്കെല്ലാം ഒരു ലഹരിയായിരുന്നു.

 

പിന്നെ ജാസി ഗിഫ്റ്റ്. യൂണിവേഴ്സിറ്റി കോളജിന്റെ ആ കാലഘട്ടത്തിന്റെ സംഭാവനയായിരുന്നു ജാസി. ലജ്ജാവതിയിലൂടെ ജാസി മലയാളികളുടെ മനസ്സു കീഴടക്കി. മലയാള ചലച്ചിത്ര ഗാനശാഖയിലെ വിപ്ലവമായിരുന്നു ജാസിയുടെ ആ പാട്ട്. പിന്നെ എത്രയോ പാട്ടുകൾ... തെന്നിന്ത്യയിലെ ശ്രദ്ധേയമായ സംഗീതജ്ഞരിൽ ഒരാളായി മാറിയ ജാസി ഗിഫ്റ്റ്. ജാസിയും ബാലുവും ജയനും ഒക്കെയുള്ള ഒരുജ്ജ്വല ടീം. പിന്നെ ഇഷാൻ. സർവകലാശാല കലോത്സവങ്ങളിൽ മ്യൂസിക്കൽ ഇവന്റുകളിൽ ഈ ടീമിനെ വെല്ലാൻ ഒരു ക്യാംപസും അന്നുണ്ടായിരുന്നില്ല.

 

ഇവിടെ പങ്കുവയ്ക്കുന്ന ഫോട്ടോയിൽ ഇഷാനും എനിക്കുമൊപ്പം ഉള്ളത് ജയനാണ്. കീ ബോർഡിൽ വിസ്മയം വിരിയിക്കുന്നവൻ. അന്ന് ജാസിയുടെ ശിഷ്യനായി ജയൻ ക്യാംപസിന്റെ ശ്രദ്ധയിൽ നിറഞ്ഞു. ഇന്ന് തന്റെ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ജയൻ ഇഷാൻ ദേവിനൊപ്പം പെർഫോം ചെയ്യാൻ കണ്ണൂരിലെത്തിയതായിരുന്നു. ചില നിമിഷങ്ങളിൽ നമ്മൾ ഓർമകളുടെ വന്യതയിലേക്കു തെന്നിവീഴും. അതുപോലൊരു വൈകുന്നേരമായിരുന്നു ഇന്നെനിക്ക്. ചരിത്രം ഇരമ്പുന്ന ക്യാംപസിന്റെ ഇടനാഴികളിൽ ഇടിമുഴക്കം പോലെ മുദ്രാവാക്യങ്ങൾ, സിലബസിനുപുറത്ത് കനമുള്ള രാഷ്ട്രീയം നിറഞ്ഞ പ്രസംഗങ്ങൾ കേട്ട ക്ലാസ്സ്മുറികൾ, സംഗീതവും രാഷ്ട്രീയവും സാഹിത്യവും അഭിനയവും നിറഞ്ഞ സെന്റിനറിഹാൾ. പ്രണയവും ചിരികളും നിറം പകർന്ന മരച്ചുവടുകളിലെ മനോഹരമായ സൗഹൃദങ്ങളിൽ വന്യമായ സൗന്ദര്യം പകർന്ന പാട്ടുകൾ. നിറമുള്ള ഇന്നലെകൾ. കണ്ണൂർ മയ്യിലെ അരങ്ങുത്സവ വേദിയിൽ ഇഷാനും ജയനും ഒപ്പം നിന്നപ്പോൾ യൂണിവേഴ്സിറ്റി കോളജിലേക്കാണ് മനസ്സു പോയത്. മധുരമുള്ള ഓർമകളിലേക്ക്.

 

സംഗീതത്തിലും സിനിമയിലും സാഹിത്യത്തിലും മാധ്യമ രംഗത്തുമെല്ലാം പിൽക്കാലത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകൾ അന്ന് ഞങ്ങളുടെ സമകാലീനരായി യൂണിവേഴ്സിറ്റി കോളജിൽ ഉണ്ടായിരുന്നു. എല്ലാവരെ കുറിച്ചും എഴുതുന്നില്ല. ചുരുങ്ങിയ വാക്കുകളിൽ ആ പേരുകൾ തീരില്ല. കണ്ണൂർ മയ്യില്‍ നടക്കുന്ന അരങ്ങുത്സവ വേദിയിൽ  ഇന്ന് പങ്കെടുത്തു, സംസാരിച്ചു. നാടാകെ എത്തിയ സാംസ്കാരികോത്സവത്തിനാണ് മയ്യില്‍ സാക്ഷ്യം വഹിക്കുന്നത്. ഇന്ന് സമാപനമായിരുന്നു. സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വകുപ്പും മയ്യിൽ ജനസംസ്കൃയും ചേർന്നായിരുന്നു അരങ്ങുത്സവം സംഘടിപ്പിച്ചത്. ഇത്തരം സാംസ്കാരികോത്സവങ്ങൾ നമ്മുടെ നാടിന്റെ സാമൂഹിക മുന്നേറ്റത്തിന് കരുത്ത് പകരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com