ക്ലാസിലെ വികൃതിപ്പയ്യൻ, സ്കൂളിലെ ലീഡർ; വൈലോപ്പിള്ളി ക്ലാസിൽ നിന്നു പുറത്താക്കിയ ‘കൂണുപോലുള്ള ചെക്കൻ’!
Mail This Article
കവി വൈലോപ്പിള്ളി ശ്രീധരമേനോൻ ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് ഇന്നസന്റ് അവിടെ വിദ്യാർഥിയായിരുന്നു. ഒരു അധ്യാപകൻ അവധിയെടുത്ത ഒഴിവിൽ മലയാളം പീരീഡിൽ കവി ഇന്നസന്റിന്റെ ക്ലാസിൽ പഠിപ്പിക്കാൻ ചെന്നു. അദ്ദേഹത്തിന്റെ തന്നെ കവിതയാണു പഠിപ്പിച്ചത്. പിൻബഞ്ചുകാരനായ ഇന്നസന്റിനുണ്ടോ വൈലോപ്പിള്ളിയെ പേടി. അലമ്പുണ്ടാക്കാൻ ഇന്നസന്റ് ഒരു കള്ളക്കോട്ടുവാ ഇട്ടു. കുട്ടികൾ കൂട്ടച്ചിരിയായി.
വൈലോപ്പിള്ളി ഇന്നസന്റിനെ കയ്യോടെ എഴുന്നേൽപിച്ചു നിർത്തി. മലയാളം മതിയാക്കി സാമൂഹ്യപാഠമായി കവിയുടെ അധ്യാപനം. ഭൂമിയും ഏഷ്യാ ഭൂഖണ്ഡവും കഴിഞ്ഞ് ഇന്ത്യയും കേരളവും തൃശൂരും ഇരിങ്ങാലക്കുടയുമായപ്പോഴാണ് തനിക്കിട്ടുള്ള പണിയാണു വരുന്നതെന്ന് ഇന്നസന്റ് തിരിച്ചറിഞ്ഞത്. കവി പറഞ്ഞു: ‘ഇരിങ്ങാലക്കുടയെന്നൊരു സ്ഥലമുണ്ട്. മാപ്പുനോക്കിയാൽ കാണാനാവാത്തത്ര കൊച്ചു സ്ഥലം. അവിടെ തെക്കേത്തല വറീതെന്ന ഒരാളുടെ മകനുണ്ട്. ദേ ഇത്രേയുള്ളു. കൂണുപോലെ ഒരു ചെക്കൻ. ഇവിടെനിന്നാണു നമ്മൾ പിടിച്ചു കയറേണ്ടത്. ലോകം മുഴുവൻ അറിയപ്പെടേണ്ട ആളാവേണ്ടത്. ഇയാളെ എന്തു ചെയ്യണം?’ കവി ചോദിച്ചു. ‘മാപ്പു കൊടുക്കണം’ എന്നു കുട്ടികൾ പറഞ്ഞപ്പോൾ ഇന്നസന്റിനോട് ഇരിക്കാൻ പറഞ്ഞു.
നാണം കെട്ട് തോറ്റു തൊപ്പിയിട്ട് നല്ല കുട്ടിയായി അടങ്ങിയിരിക്കുമ്പോളാണ് ഇന്നസന്റിനു ശരിക്കും കോട്ടുവാ വന്നത്. അടക്കാൻ പരമാവധി നോക്കിയിട്ടും ഫലിച്ചില്ല. അതോടെ ലോകത്തിലിന്നുവരെ ഒരു ജീവജാലവും പുറപ്പെടുവിച്ചിട്ടില്ലാത്തൊരു വികൃതശബ്ദം പുറത്തുവന്നു. ഫലം, ഇന്നസന്റ് ക്ലാസിൽ നിന്ന് ഔട്ട്. പ്രായത്തിൽ മുതിർന്നതായതിനാൽ സ്കൂൾ ലീഡർ ഇന്നസന്റായിരുന്നു. വൈലോപ്പിള്ളി മാഷ് സ്കൂളിൽ സമരം അനുവദിക്കില്ല. അതിനാൽ ക്രൈസ്റ്റ് കോളജിലെ സമരക്കാരെ രഹസ്യമായി ഇന്നസന്റ് സ്കൂളിലെത്തിക്കും. പിള്ളേർ കുഴപ്പക്കാരാണെന്നു പറഞ്ഞ് മാഷിനെ പേടിപ്പിക്കും. അങ്ങനെ ക്ലാസ് വിടീക്കും.
വൈലോപ്പിള്ളി മാഷ് ഒരിക്കൽ അടിയന്തരമായി തെക്കേത്തല വറീതിനെ സ്കൂളിലേക്കു വിളിപ്പിച്ച് പറഞ്ഞു: ‘വറീതേ ഇന്നലെ സ്കൂളിൽ റിപ്പബ്ലിക് ഡേ ആഘോഷങ്ങൾ ഉണ്ടായിരുന്നു. തന്റെ മോനോട് ഓലപ്പടക്കം മാത്രമേ പൊട്ടിക്കാവൂ എന്നു ഞാൻ കർശനമായി പറഞ്ഞിട്ടും അവൻ രഹസ്യമായി രണ്ടുമൂന്ന് ഗുണ്ടുകൾ പട്ടിച്ചു. അവൻ സ്കൂളിൽ അല്ലാതെയും പല പല ഗുണ്ടുകൾ പൊട്ടിക്കാറുണ്ട്. ജീവിതത്തിൽ ഉടനീളം അവൻ ഗുണ്ടുകൾ പൊട്ടിച്ചോണ്ടിരിക്കും. വറീതേ, തടസ്സമൊന്നും നിക്കണ്ട. അതാ തനിക്കു നല്ലത്.’കവികൾ ക്രാന്തദർശികൾ എന്നു പറയുന്നതു വെറുതെയല്ലെന്നതിന് ഇന്നസന്റിന്റെ ജീവിതം സാക്ഷി.