ADVERTISEMENT

ഖദീജ റഹ്‌മാന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ അടുത്തിടെ വരെ ഓര്‍മ വന്നിരുന്നത് വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു. വിവാദങ്ങളും അതിന്റെ തുടര്‍ച്ചകളുമായി കുറേ നാള്‍ ആ പേര് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞുനിന്നിരുന്നു. അന്ന്, ഇതിഹാസ തുല്യനായ സംഗീതജ്ഞന്‍ എ.ആര്‍.റഹ്‌മാന്റെ മകള്‍, അദ്ദേഹത്തിന്റെ ഫൗണ്ടേഷന്റെ ഡയറക്ടര്‍, പാടാന്‍ കഴിവുള്ള പെണ്‍കുട്ടി എന്ന നിലയിലായിരുന്നു എവിടെയും അവരെ അഭിസംബോധന ചെയ്തിരുന്നത്. പിതാവിന് ഓസ്‌കര്‍ നേടിക്കൊടുത്ത ചിത്രം, സ്ലം ഡോഗ് മില്യണയറിന്റെ പത്താ വാര്‍ഷികത്തില്‍ അദ്ദേഹത്തോടൊരു ചോദ്യം ചോദിക്കാന്‍ ബുര്‍ഖയണിഞ്ഞു വേദിയിലെത്തിയതിന്റെ പേരിലാണ് അത്രയും വിമര്‍ശനങ്ങള്‍ ഖദീജയ്ക്കു നേരേ ഉണ്ടായത്.

 

മകളെ അമിത വിശ്വാസിയായി വളര്‍ത്തിയെന്നും യാഥാസ്ഥികനാണെന്നുമുള്ള പഴികള്‍ എ.ആര്‍.റഹ്‌മാനും കേള്‍ക്കേണ്ടി വന്നു. പക്ഷേ അങ്ങേയറ്റം പക്വതയോടെ, വ്യക്തതയോടെ, പതര്‍ച്ചകളില്ലാതെയാണ് ഖദീജ വിവാദങ്ങളെ നേരിട്ടത്. തന്റെ ഭാഗം സുവ്യക്തമായി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചുകൊണ്ട്, തന്റെ വസ്ത്രധാരണം തന്റെ മാത്രം സ്വാതന്ത്ര്യമാണെന്നും, അത് തന്നെ ദൈവത്തോടു കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്നുവെന്നും സമൂഹത്തിലിറങ്ങാന്‍ തനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുവെന്നും അവര്‍ പ്രഖ്യാപിച്ചു. ഖദീജയുടെ നിലപാടുകള്‍ വ്യക്തമാക്കിയ അന്നുമുതലിന്നോളം അവരുടെ വാക്കുകള്‍ മാത്രമല്ല പാട്ടുകളും നമ്മളെല്ലാവരും കേള്‍ക്കുവാന്‍ തുടങ്ങി. എ.ആര്‍ റഹ്‌മാന്‍ എന്ന ഐക്കണിന്റെ മകള്‍ എന്നതിനപ്പുറം സ്വയം അടയാളപ്പെടുത്തുന്ന ഖദീജയുടെ നിലപാടുകളും പാട്ടുകളും ഒരുപോലെ ശ്രദ്ധനേടുകയാണ്.

 

വിവാഹമോചനത്തിനു മുന്‍പേ ഡേറ്റിങ്; ഒടുവിൽ കാമുകിയെയും ഉപേക്ഷിച്ച് ഹണി സിങ്

 

ചെന്നൈയിലെ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് ഖദീജ ആദ്യ ഗാനം പാടുന്നത്. യന്തിരനിലെ ‘പുതിയ പുതിയ മനിത’ എന്ന ഗാനം മൂന്നു വ്യത്യസ്ത ഭാഷകളില്‍ പതിനാലുകാരിയായ ഖദീജ പാടി. പിറ്റേന്ന് സ്‌കൂളില്‍ പോകണമെന്നും പരീക്ഷയാണെന്നും പറഞ്ഞൊഴിയാന്‍ നോക്കിയ ഖദീജ അമ്മ സൈറ ബാനുവിന്റെ നിര്‍ബന്ധത്തിനാണ് സ്റ്റുഡിയോയിലെത്തിയത്. പിന്നണി ഗായികയായുള്ള തുടക്കം അവിടെയായിരുന്നു. അമ്മയായിരുന്നു ഖദീജയ്ക്ക് പാടാന്‍ കഴിവുണ്ടെന്ന് ആദ്യം മനസ്സിലാക്കിയത്. അതേ അമ്മയുടെ പ്രാർഥനയാണ് തന്നെ വീണ്ടും സംഗീതത്തിന്റെ വഴിയിലേക്കു നടത്തിച്ചതെന്ന് ഖദീജ പറഞ്ഞിട്ടുമുണ്ട്. പഠനത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ഖദീജയുടെ മുന്നില്‍ പാട്ട് എന്നൊരു ചിന്തയില്ലായിരുന്നു എട്ടു വര്‍ഷത്തോളം. ഏതാണ് തന്റെ വഴിയെന്ന് സ്വയം തിരിച്ചറിയാനെടുത്ത ആ സമയത്തിനൊടുവിലാണ് ‘ഫരിശ്തോ’ എന്ന ഗാനമെത്തുന്നത്. 

 

ഒരു പെണ്‍കുട്ടി വിവിധ സംസ്‌കാരങ്ങളിലൂടെ ആത്മീയതയിലേക്കുള്ള ഏകാന്തയാത്ര പാടിയ ഗാനം ഹിന്ദിയിലും തമിഴിലും ഉര്‍ദുവിലുമെത്തി. ഗ്രാമി നേടിയ സംഗീതജ്ഞന്‍ റിക്കി കെജിന്റെ ഈണത്തില്‍ പാടിയ ഇല്‍ത്തെജയും ഐറിഷ് റോക്ക് ബാന്‍ഡായ യു2 വിനൊപ്പം പാടിയ അഹിംസയും രാജ്യാന്തര ശ്രദ്ധ നേടി. പിന്നീട് എ.ആര്‍.റഹ്‌മാന്റെ ഈണത്തിലെത്തിയ ഇരവിന്‍ നിഴല്‍ എന്ന ചിത്രത്തില്‍ കണ്ണെതിരെ, മിലി എന്ന ചിത്രത്തിലെ തും ഭി രാഹി എന്നീ ഗാനങ്ങളുടെ ഫീമെയില്‍ വേര്‍ഷനും പാടി. പീന്നിടിപ്പോള്‍ പൊന്നിയന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തില്‍ ചിന്നഞ്ചിര് നിലവെ എന്ന പാട്ടും. ഇതിനിടയിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ഗാനം ഖദീജ പാടിയത്. പ്രശസ്തമായ കോക് സ്റ്റുഡിയോയുടെ തമിഴ് പ്ലാറ്റ്ഫോം ലോഞ്ചിലെ ആദ്യ ഗാനത്തില്‍ അറിവിനൊപ്പം ഖദീജ പാടിയ ‘സഗവാസി’ എന്ന  ഗാനം ഇന്ത്യന്‍ സമാന്തര സംഗീത രംഗത്ത് വലിയ ചലനങ്ങളുണ്ടാക്കി; പ്രതീക്ഷയും. രണ്ടു കോടിയിലധികം പ്രാവശ്യമാണ് ഈ ഗാനം യുട്യൂബ് വഴി ആളുകള്‍ കേട്ടത്. എല്ലാ ഗാനങ്ങളും ശ്രദ്ധ നേടിയപ്പോഴും ‘ഫരിശ്തോ’ എല്ലാത്തിനും മീതെ കൂടുതല്‍ ഭംഗിയോടെ നില്‍ക്കുന്നുവെന്നതു വേറെ കാര്യം. 

 

ഒരുപാട് ഗാനങ്ങള്‍ പാടുക എന്നതിനേക്കാള്‍, അര്‍ഥപൂര്‍ണമായ വരികളുള്ള, നല്ല പ്രോജക്ടുകളുടെ ഭാഗമാകാനാണ് ഖദീജയ്ക്കു താല്‍പര്യം. പാട്ടില്‍ മാത്രമല്ല, കരിയറിനെയും ജീവിതത്തെയും സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് ഖദീജയ്ക്ക്. അതു തുറന്നുപറയാനും അവര്‍ മടികാണിച്ചിട്ടില്ല. വിവാദങ്ങളോടും പ്രതിസന്ധികളോടും ഒറ്റയ്ക്കു പടവെട്ടിയ മകളെ കുറിച്ച് അഭിമാനമാണെന്ന് പിതാവ് എ.ആര്‍.റഹ്‌മാന്‍ തുറന്നു പറഞ്ഞത് അതുകൊണ്ടാണ്. സ്വന്തം വിശ്വാസവും ഇഷ്ടങ്ങളും ചേര്‍ത്തുപിടിച്ച് യുക്തിപൂര്‍വം, ധൈര്യപൂര്‍വം സംസാരിക്കുന്ന ഖദീജ പെണ്‍ലോകത്തിന് നല്ലൊരു നാളേയ്ക്കുള്ള തെളിച്ചം പകരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com