‘വിവര ദോഷികളുടെ കമന്റ് മഴ, താനൊക്കെ എന്നാടോ നന്നാവുക?’; വിമർശിച്ച് ഹരീഷ് ശിവരാമകൃഷ്ണൻ
Mail This Article
ഗായകരായ ഹരിഹരനെയും ശങ്കർ മഹാദേവനെയും വിമർശിച്ചവർക്കു കുറിക്കു കൊള്ളുന്ന മറുപടി നൽകി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഇരു ഗായകരും വേദിയിൽ സംഗീതമാലപിച്ചതിന്റെ വിഡിയോയ്ക്കു താഴെ അനാവശ്യമായ കമന്റുകളെഴുതിയവർക്കെതിരെയാണ് ഹരീഷ് രംഗത്തു വന്നത്. പ്രതിഭാധനരായ ഗായകരുടെ സംഗീതം ശ്രദ്ധിക്കാതെ അവരുടെ വസ്ത്രധാരണത്തെ ചൂണ്ടി വിമർശിച്ചവർക്കാണ് ഹരീഷ് ശിവരാമകൃഷ്ണന്‍ സമൂഹമാധ്യമ കുറിപ്പിലൂടെ മറുപടി നൽകിയത്.
ഹരീഷിന്റെ കുറിപ്പ് ഇങ്ങനെ:
‘ദശാബ്ദങ്ങൾ സംഗീതം അഭ്യസിച്ചു, മണിക്കൂറുകൾ ഓരോ ദിവസവും സാധകം ചെയ്തു സംഗീതത്തിനു വേണ്ടി ആത്മാർപ്പണം ചെയ്ത മഹാന്മാരായ കലാകാരന്മാരാണ് ഹരിഹരൻ ജിയും ശങ്കർ മഹാദേവൻ ജിയും. ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ സംഗീത ശാഖകളിൽ അനിതര സാധാരണ പ്രാവീണ്യം ഉള്ളവർ. ഇവർ രണ്ടുപേരും ഒരുമിച്ചിരിക്കുന്ന വേദിയിൽ ഹരിഹരൻ ജി പൂർണ ഷഡ്ജം എന്ന രാഗത്തിൽ ലാവണ്യ രാമാ പാടുന്ന ഒരു ക്ലിപ്പ് കണ്ടിരുന്നു. അഭൗമമായ ആലാപനം - സംഗീതം ഇഷ്ടപ്പെടുന്ന ആരും കണ്ണടച്ചു കേട്ടിരുന്നു ലയിച്ചു പോവുന്ന സ്വര മാധുരി…
ആ ക്ലിപ്പിന്റെ താഴെ ഉണ്ട് ശുദ്ധ സംഗീത പ്രേമികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന എ ഗ്രേഡ് വിവര ദോഷികളുടെ കമന്റ് മഴ. ചെരുപ്പ് ഇട്ടു പാടി എന്നോ, കാലിന്മേൽ കാലു കേറ്റി വച്ച് പാടി എന്നോ സംഗീതത്തെ അപമാനിച്ചു എന്നൊക്കെയുള്ള ജല്പനം. താനൊക്കെ എന്നാടോ നന്നാവുക? ആ കലാകാരനിൽ നിന്നു വരുന്ന മനോഹര സംഗീതം കേൾക്കാതെ, ഇട്ടിരിക്കുന്ന വേഷവും ചെരുപ്പും നോക്കി വിദ്വേഷം വിളമ്പുന്ന നിങ്ങളാണ് സംഗീതത്തിനെ പുറകോട്ട് വലിക്കുന്ന പിന്തിരിപ്പന്മാർ. കഷ്ടം’!