‘മര്യാദയ്ക്കൊന്നു കരയാൻ പോലും സമ്മതിക്കാതെ ചിരിപ്പിച്ചു തന്നെ നിങ്ങൾ മായുന്നു; യാത്രയാക്കാൻ നിൽക്കുന്നില്ല, പറ്റുന്നില്ല’
Mail This Article
അന്തരിച്ച മഹാനടന്മാരായ ഇന്നസെന്റിനെയും മാമുക്കോയയെയും ഓർത്ത് ഗാനരചയിതാവ് മനു മഞ്ജിത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ആരാധകഹൃദയങ്ങളെ കണ്ണീരണിയിക്കുന്നു. ഒരു മാസത്തിനിടെ രണ്ട് മഹാ പ്രതിഭകളെയാണ് മലയാള സിനിമയ്ക്കു നഷ്ടമായത്. ഇരുവരുടെയും സിനിമകൾ എത്ര ആവർത്തി കണ്ടാലും മടുക്കില്ലെന്നും ആ ഡയലോഗുകളും ശരീരഭാഷയും നമ്മെ എന്നും ചിരിപ്പിക്കുന്നുവെന്നും അവർക്കൊരിക്കലും മരണമില്ലെന്നും മനു മഞ്ജിത് കുറിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ചാർളി ചാപ്ലിന്റേത് എന്ന പേരിൽ വായിച്ച ഒരു ക്വോട്ട് ഉണ്ട്. "ഒരേ തമാശ ഒന്നിലധികം തവണ കേൾക്കുമ്പോൾ നിങ്ങൾക്കു ചിരി വരുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ ഒരേ സങ്കടം ആലോചിച്ചു വീണ്ടും വീണ്ടും വേദനിക്കുന്നത്?" എന്ന്. ആര് പറഞ്ഞതാണെങ്കിലും ഒരു മോട്ടിവേഷൻ ലൈനിലുള്ള ഈ പ്രപഞ്ചതത്വം പോലും നാലാക്കി മടക്കി കയ്യിൽ കൊടുത്താണ് ഇവരൊക്കെ ആട്ടം നിർത്തി അരങ്ങൊഴിയുന്നത്. കാരണം 'ബാലേസ്ണ'നെ അന്വേഷിച്ച് ഹംസക്കോയ വരുന്ന വരവും ബഹളവും കണ്ട് നമ്മൾ ചിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളെത്ര കഴിഞ്ഞു. ഇന്നും ചിരിച്ചില്ലേ? നാളെയും ചിരിക്കും എന്ന് ഉറപ്പല്ലേ. താമസിക്കാൻ ഒരു മുറി ചോദിച്ചു വരുന്ന ചെർപ്പുളശ്ശേരിക്കാരനോട് മത്തായിച്ചൻ ഇനി പറയാൻ പോകുന്നത് എന്താണെന്നും നമുക്ക് മനപ്പാഠമാണ്. എന്നാലും അത് അങ്ങേര് പറയുന്നതു കേട്ട് തന്നെ ചിരിക്കാൻ നമ്മൾ കാത്തു നിന്നു.
‘ഹിന്ദിയിലല്ല, തമിഴിൽ സംസാരിക്കണം’; പൊതുവേദിയില്‍ ഭാര്യയോട് എ.ആർ.റഹ്മാൻ, വിഡിയോ
തീർന്നില്ല, ഇവരുടെയൊക്കെ മരണവാർത്ത ചാനലുകൾ ബ്രേക്ക് ചെയ്യുമ്പോൾ പോലും സ്ക്രീൻ രണ്ടായി പകുത്ത് ഒരു പകുതിയിൽ ഡയലോഗ് പോലും ഇല്ലാതെ പ്ലേ ചെയ്യുന്ന രംഗങ്ങൾ മതി, ഹൃദയത്തിൽ ഒരു ആസിഡ് കുപ്പി വീണ് പൊട്ടി ഓർമകളൂടെ ഓരോ അടരുകളിലും പൊള്ളൽ അറിയുമ്പോഴും നിറയുന്ന കണ്ണിനു താഴെ ചെറിയ ചിരികൾ പൊട്ടും. ആരും കാണാതെ കഴുത്തൊന്നു തിരിക്കാനും കണ്ണൊന്നു തുടയ്ക്കാനുമുള്ള ഗ്യാപ്പ് കിട്ടും. ഓർമകളിലേക്ക് പല പ്രായത്തിലുള്ള നമ്മളുടെ ചിരികൾ ഓടി വരുന്നു. മര്യാദയ്ക്ക് ഒന്നു കരയാൻ പോലും സമ്മതിക്കാതെ അപ്പോഴും ചിരിപ്പിച്ചു തന്നെ നിങ്ങൾ മായുന്നു.
ഏത് വലിയ നടനായാലും നാലു സിനിമയിൽ ഒരേ ശൈലി പിടിച്ചാൽ മടുത്ത് വലിച്ചെറിയുന്ന മലയാളികളുടെ മനസ്സിൽ പതിറ്റാണ്ടുകളോളം ഒരേ ഭാഷാശൈലിയും മോഡുലേഷനും ശരീരഭാഷയും ഒക്കെ വച്ച് ഇപ്പോഴും ഏറ്റവും പ്രിയപ്പെട്ടതായി നിലനിൽക്കുന്നെങ്കിൽ ഇവരൊക്കെ പ്രതിഭാസങ്ങളല്ലാതെ മറ്റെന്താണ്! ഇന്നലെ കണ്ട പോലെ നമ്മൾ ഇനിയും കാണും, ചിരിച്ചു കൊണ്ട് തോളിൽ തട്ടും എന്നുറപ്പുള്ളതു കൊണ്ട് യാത്രയാക്കാൻ നിൽക്കുന്നില്ല. പറ്റുന്നില്ല. പ്രാർഥനകൾ.