കൺമണിയുടെ പേര് വെളിപ്പെടുത്തി ഗായിക റിയാനയും പങ്കാളി അസാപ് റോക്കിയും. കുഞ്ഞ് പിറന്ന് കൃത്യം ഒരു വർഷം പിന്നിടുമ്പോഴാണ് ഗായിക പേര് പരസ്യമാക്കിയത്. റസ അഥെൽസൺ മെയേഴ്സ് എന്നാണ് മകന് പേര് നൽകിയിരിക്കുന്നത്. റിയാനയുടെ മകന്റെ പേരിനെ ചുറ്റിപ്പറ്റി പല തരത്തിലുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. കുഞ്ഞ് ജനിച്ച് ഏറെ കാലത്തേയ്ക്ക് കുഞ്ഞിന്റെ ലിംഗം ഏതെന്നും ദമ്പതികൾ വെളിപ്പെടുത്തിയിരുന്നില്ല. ജനുവരിയിലാണ് മകന്റെ ചിത്രം റിയാന ആദ്യമായി പങ്കുവച്ചത്.
റിയാനയും അസാപ് റോക്കിയും ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരുപ്പിലാണ്. ഈ വർഷത്തെ സൂപ്പർ ബൗൾ ഹാഫ്ടൈം പരിപാടിക്കിടെയാണ് താൻ രണ്ടാമതും ഗര്‍ഭിണിയാണെന്ന കാര്യം റിയാന പരസ്യപ്പെടുത്തിയത്. തുടർന്ന് ഔദ്യോഗിക പരിപാടികളിലെല്ലാം നിറവയറുമായി റിയാന എത്തിയിരുന്നു. ഇത്തവണത്തെ മെറ്റ്ഗാല വേദിയിലെത്തിയ ഗായികയുടെ ഫാഷൻ ചിത്രങ്ങൾ ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.
ഏറെ കാലം സുഹൃത്തുക്കളായിരുന്ന റിയാനയും റോക്കിയും 2020ൽ ആണ് ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയത്. ബാർബേറിയൻ ഗായികയാണ് റിയാന. സ്വതന്ത്ര റിപ്പബ്ലിക് ആയി മാറിയതിന്റെ ആഘോഷങ്ങൾക്കിടെ റിയാനയെ രാജ്യത്തിന്റെ ഹീറോ ആയി ബാർബഡോസ് പ്രഖ്യാപിച്ചിരുന്നു. ബാര്‍ബഡോസിലാണ് റിയാന ജനിച്ചു വളർന്നത്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ ജീവിച്ച റിയാനയെ അമേരിക്കൻ സംഗീതജ്ഞൻ ഇവാന്‍ റോഗേഴ്‌സ് സംഗീതരംഗത്തിനു പരിചയപ്പെടുത്തി. തുടര്‍ന്ന് തിരക്കുള്ള ഗായിക എന്ന നിലയിലേക്ക് റിയാന അതിവേഗം വളർന്നു. ലോകഗായകരുടെ ഇടയിലെ ഏറ്റവും സമ്പന്ന എന്ന ഖ്യാതിയും ഈ 35 കാരിക്കു സ്വന്തം.