ADVERTISEMENT

ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനും ഗായകനുമായ ജോ ജൊനാസും നടി സോഫി ടേണറും വിവാഹമോചിതരായതിനു പിന്നാലെ നിക് ജൊനാസിനെയും  പ്രിയങ്ക ചോപ്രയെയും ചുറ്റിപ്പറ്റി അഭ്യൂഹങ്ങൾ ശക്തമാകുന്നു. ജൊനാസ് കുടുംബത്തിലുണ്ടായ താരതമ്യ ചർച്ചകളാണ് ജോയുടെയും സോഫിയുടെയും വേർപിരിയലിനു പിന്നിലെ കാരണമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 

 

മരുമക്കളുടെ പേരിൽ ജൊനാസ് കുടുംബത്തിൽ നിരന്തര ചർച്ചകൾ നടന്നിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രിയങ്ക ചോപ്ര സോഫിയേക്കാൾ വളരെ പക്വതയുള്ളയാളാണെന്നും കുടുംബജീവിതവും പ്രഫഷനും ഒരുപോലെ കൊണ്ടുപോകാൻ കഴിവുള്ളവളാണെന്നും പറഞ്ഞ് കുടുംബാംഗങ്ങൾ താരതമ്യങ്ങൾ നടത്തിയിരുന്നു. 

 

ജോയുടെ ഇളയ സഹോദരനായിട്ടും നിക് ജൊനാസ് കരിയറിൽ വലിയ വിജയം നേടി, പ്രിയങ്കയും നിക്കും വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സാമ്പത്തിക സ്ഥിരത കൈവരിച്ചു, അവര്‍ എപ്പോഴും യാത്രകളും മറ്റുമായി സന്തോഷകരമായ ജീവിതം നയിക്കുന്നു, ജോയും സോഫിയും നിക്കിനെയും പ്രിയങ്കയെയും പോലെയാകണം, തുടങ്ങിയ ചർച്ചകളൊക്കെ സോഫിക്ക് വലിയ മാനസിക സമ്മർദമുണ്ടാക്കിയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

 

ജോ ജൊനാസുമായുള്ള പ്രായവ്യത്യാസം കൊണ്ടും സോഫി പലവിധ പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്ന് അടുത്ത സുഹൃത്ത് വെളിപ്പെടുത്തി. ഇരുവരും തമ്മിൽ 7 വയസ്സിന്റെ വ്യത്യാസമാണുള്ളത്. താൻ ഇതുവരെ സന്തോഷമായി ജീവിച്ചില്ലെന്നും ഏറ്റവും മികച്ച വർഷങ്ങൾ ജോലിക്കും കുടുംബത്തിനുമായി മാറ്റിവച്ചെന്നും ഇനിയെങ്കിലും തനിക്കു വേണ്ടി ജീവിക്കണമെന്ന് സോഫി ആഗ്രഹിച്ചിരുന്നതായും സുഹൃത്ത് പറഞ്ഞു. 

 

ഏതാനും ആഴ്ചകൾക്കു മുൻപാണ് തങ്ങൾ വേർപിരിയുകയാണെന്ന വിവരം സോഫി ടേണറും ജോ ജൊസാനും ഔദ്യോഗികമായി അറിയിച്ചത്.

വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്നു വന്നതുകൊണ്ടുതന്നെ സോഫിയും ജോയും തമ്മിൽ പല കാര്യങ്ങളിലും അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ഇരുവരുടെയും ജീവിതശൈലികളിലെ വ്യത്യാസങ്ങള്‍ പൊരുത്തക്കേടുകളിലേക്കു നയിച്ചു. എന്നിരുന്നാൽപ്പോലും ജോയും സോഫിയും പൊതുവേദികളിൽ എല്ലായ്പ്പോഴും ഒരുമിച്ചെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നായിരുന്നു ആരാധകർ വിശ്വസിച്ചിരുന്നത്. എന്നാൽ 4 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം ദമ്പതികൾ പേർപിരിഞ്ഞു.

 

മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019 മേയ് 1നാണ് ജോ ജൊനാസും നടിയും മോഡലുമായ സോഫി ടേണറും വിവാഹിതരായത്. ലാസ് വേഗസിൽ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. 2020 ജൂലൈയിൽ ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകൾക്കു പേരിട്ടിരിക്കുന്നത്. 2022ൽ സോഫിയും ജോയും രണ്ടാമത്തെ മകൾക്കു ജന്മം നൽകി. എന്നാൽ കുഞ്ഞിന്റെ പേരുവിവരങ്ങളോ മുഖമോ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ജോയും സോഫിയും വിവാഹബന്ധം വേർപെടുത്തിയെങ്കിലും കുട്ടികളുടെ സംരക്ഷണം ഇരുവരും തുല്യമായി ഏറ്റെടുക്കുമെന്നാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com