രണ്ട് വഴിക്ക് പിരിഞ്ഞ് ജോയും സോഫിയും; ആഘോഷങ്ങൾ മക്കൾക്കൊപ്പമായിരിക്കണമെന്ന് കോടതി
Mail This Article
ഗായകൻ ജോ ജൊനാസും നടി സോഫി ടേണറും വിവാഹമോചിതരായതോടെ മക്കളുടെ സംരക്ഷണാവകാശത്തിൽ അന്തിമതീരുമാനത്തിലെത്തി കോടതി. ഓരോ മൂന്നാഴ്ച വീതം കുട്ടികൾ മാതാവിന്റെയും പിതാവിന്റെയും സംരക്ഷണയിലായിരിക്കണമെന്ന് കോടതി ഉത്തരവിട്ടു. ജനുവരി ആദ്യ ആഴ്ച മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. ആദ്യ മൂന്നാഴ്ച കുട്ടികൾ സോഫിയുടെ കൂടെയും രണ്ടാമത്തെ മൂന്നാഴ്ച ജോയുടെ കൂടെയുമായിരിക്കും.
നിലവിലെ ഉത്തരവ് പ്രകാരം ഒക്ടോബർ 9 മുതൽ 21 വരെ കുട്ടികൾ സോഫിയുടെ കൂടെയാണ് താമസിക്കേണ്ടത്. ഒക്ടോബർ 21 മുതൽ നവംബർ 1 വരെ അവർ ജോയുടെ ഒപ്പമായിരിക്കണം. ജോയുടേയും സോഫിയുടേയും ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ മക്കൾക്കൊപ്പമായിരിക്കണമെന്ന് കോടതി നിർദേശിച്ചു. ഈ സമയത്ത് ഇരുവർക്കും കുട്ടികളെയും കൊണ്ട് എവിടേക്കു വേണമെങ്കിലും യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്.
വിവാഹമോചന ഹർജി നൽകിയതിനു പിന്നാലെ മക്കളെയും കൂട്ടി ഇംഗ്ലണ്ടിലേക്കു പോകാനാണ് സോഫി തീരുമാനിച്ചിരുന്നത്. എന്നാൽ കുട്ടികളുടെ കാര്യത്തിൽ തനിക്കും അവകാശമുണ്ടെന്നു പറഞ്ഞ് ജോയും കോടതിക്കു മുന്നിലെത്തി. നിയമയുദ്ധം തുടർന്ന ഇരുവർക്കുമായി കോടതി ഇടപെട്ട് മധ്യസ്ഥരെ ഏർപ്പാടാക്കിയിരുന്നു. പിന്നാലെയാണ് മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾക്കു തുല്യ അവകാശമുണ്ടെന്നു ചൂണ്ടിക്കാണിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
വില്ല, ഡെൽഫിൻ എന്നിങ്ങനെ പേരുകളുള്ള രണ്ട് പെൺമക്കളാണ് സോഫിക്കും ജോയ്ക്കുമുള്ളത്. വില്ലയ്ക്ക് 3 വയസ്സും ഡെൽഫിന് 14 മാസവുമാണ് പ്രായം. വിവാഹമോചന ഹർജി നൽകിയ ശേഷമാണ് ജോയും സോഫിയും രണ്ടാമത്തെ കുഞ്ഞിന്റെ പേര് പോലും പരസ്യപ്പെടുത്തിയത്. മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019 മേയ് 1നാണ് ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. ലാസ് വേഗസിൽ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം.