‘എന്റെ വെറുപ്പ് പോലും സൽമാൻ ഖാൻ അർഹിക്കുന്നില്ല, അവന് കൂറുള്ളത് പാക്കിസ്ഥാനോട്’; വിമർശിച്ച് ഗായകൻ
Mail This Article
നടന്‍ സൽമാൻ ഖാനോടുള്ള വിദ്വേഷം തുറന്നു പറഞ്ഞ് ഗായകൻ അഭിജിത് ഭട്ടാചാര്യ. സൽമാൻ ഖാൻ ഹിറ്റ് ആൻഡ് റൺ കേസിൽ പ്രതിയായതിനു പിന്നാലെ അദ്ദേഹത്തെ പിന്തുണച്ചു സംസാരിച്ചു എന്നതിന്റെ പേരിൽ അഭിജിത് വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് അഭിജിത് ഭട്ടാചാര്യ.
താൻ സൽമാൻ ഖാനെ പിന്തുണച്ചു സംസാരിച്ചിട്ടില്ലെന്ന് അഭിജിത് പറഞ്ഞു. വാസ്തവത്തിൽ തന്റെ വെറുപ്പ് പോലും സൽമാൻ അർഹിക്കുന്നില്ലെന്നും ഗായകൻ തുറന്നടിച്ചു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അഭിജിത് ഭട്ടാചാര്യ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.
‘സൽമാൻ ഖാൻ ഒരു ദൈവമല്ല. അങ്ങനെയാണെന്ന് അയാൾ സ്വയം വിശ്വസിക്കുന്നു. സൽമാൻ നിരവധി ഇന്ത്യൻ ഗായകരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തി പാക്കിസ്ഥാൻ ഗായകരെ പിന്തുണച്ചു. ശത്രു രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഇത്തരമൊരു മനുഷ്യനെ പിന്തുണച്ച് ഞാൻ സംസാരിക്കുമെന്ന് ആളുകൾക്ക് എങ്ങനെ ചിന്തിക്കാനാകും? പാക്കിസ്ഥാനോടുള്ള കൂറ് കാണിക്കാൻ വേണ്ടി ഇന്ത്യൻ കലാകാരന്മാരുടെ പേര് വെട്ടി പാക്കിസ്ഥാനികൾക്ക് അവസരം കൊടുത്തയാളാണ് സൽമാന്‍. ഇതെല്ലാം അയാൾ ബോധപൂർവം തന്നെ ചെയ്തതാണ്. വെറുക്കപ്പെടാൻ പോലും അയാൾ അർഹനാണെന്നു ഞാൻ കരുതുന്നില്ല’, അഭിജിത് ഭട്ടാചാര്യ പറഞ്ഞു.
സൽമാൻ ചിത്രമായ ‘ടൈഗർ 3’യിൽ ഗാനം ആലപിച്ച അർജിത് സിങ്ങിനെയും അഭിജിത് ഭട്ടാചാര്യ വിമർശിച്ചു. ‘സുൽത്താൻ’ എന്ന ചിത്രത്തിൽ അർജിത്തിനു പകരം പാക്കിസ്ഥാനി ഗായകൻ രഹത് ഫത്തേ അലി ഖാനെക്കൊണ്ടാണ് സല്‍മാൻ പാട്ട് പാടിപ്പിച്ചതെന്നും ഇപ്പോൾ വീണ്ടും അര്‍ജിത്തിനെ തേടി വന്നിരിക്കുകയാണെന്നും അഭിജിത് കുറ്റപ്പെടുത്തി.
‘ഇത് ലജ്ജാകരമാണ്. രാജ്യത്തെ ഏറ്റവും വലിയ ഗായകനാണ് അർജിത് സിങ്. തനിക്ക് അവസരം നൽകണമെന്ന് അദ്ദേഹം ഒരിക്കലും സല്‍മാനോട് യാചിക്കാൻ പാടില്ലായിരുന്നു. പകരം പ്രതിഷേധം അറിയിക്കണമായിരുന്നു. അർജിത് ഒരു ബംഗാളി ആണോ എന്നുപോലും എനിക്ക് ഇടയ്ക്ക് സംശയം തോന്നാറുണ്ട്’, അഭജിത് ഭട്ടാചാര്യ പറഞ്ഞു.