‘എഴുതിയത് സുജാതയുടെ പേര്, അവസാനിമിഷം അട്ടിമറി; അങ്ങനെ ആ ദേശീയ പുരസ്കാരം ശ്രേയ ഘോഷാൽ നേടി’
Mail This Article
ഗായിക സുജാത മോഹന് ദേശീയ പുരസ്കാരം നൽകാതെ തഴഞ്ഞിട്ടുണ്ടെന്നു വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ. പരദേശിയിൽ സുജാത ആലപിച്ച ‘തട്ടം പിടിച്ചു വലിക്കല്ലേ’ എന്ന പാട്ട് പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടിരുന്നുവെന്നും എന്നാൽ അവസാന നിമിഷം അത് മാറ്റി ജബ് വി മെറ്റിലെ പാട്ടിന് ശ്രേയ ഘോഷാലിനു പുരസ്കാരം നൽകുകയായിരുന്നുവെന്നും സിബി മലയിൽ പറഞ്ഞു. പി.ടി.കുഞ്ഞുമുഹമ്മദിന്റെ ജീവിതം അടിസ്ഥാനമാക്കി ‘പി.ടി കലയും കാലവും’ എന്ന പേരിൽ സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാംസ്കാരിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു സംവിധായകൻ.
‘ഛായാഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് 55ാമത് ദേശീയ പുരസ്കാര നിർണയ ജൂറിയിലുണ്ടായിരുന്ന മലയാളികൾ. പരദേശിക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നീ വിഭാഗങ്ങളിൽ തീർച്ചയായും പുരസ്കാരം കിട്ടണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുകയും ശക്തമായി വാദിക്കുകയും ചെയ്തു. സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നൽകാൻ സമിതി തീരുമാനിക്കുകയും ചെയ്തു.
എന്നാൽ, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ, ആർക്കാണ് ഗായികയ്ക്കുള്ള പുരസ്കാരമെന്ന് അന്വേഷിച്ചു. സുജാതയ്ക്കാണെന്നറിഞ്ഞപ്പോൾ ജബ് വി മെറ്റിലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്ന് ചോദിച്ചു. അദ്ദേഹം മുൻകൈയെടുത്ത് വിഡിയോ കസെറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച് പുരസ്കാരം തിരുത്തിക്കുകയായിരുന്നു. ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായതുകൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്തുപറയുന്നത്’, സിബി മലയിൽ പറഞ്ഞു.
മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണയും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുള്ള ഗായികയാണ് സുജാത മോഹൻ. എന്നാൽ ഇതുവരെ ദേശീയ പുരസ്കാരം ആ സ്വരഭംഗിയെ തേടിയെത്തിയില്ല. ശ്രേയ ഘോഷാൽ 5 തവണയാണ് ആലാപനത്തിന് ദേശീയ പുരസ്കാരം സ്വന്തമാക്കിയത്.