ADVERTISEMENT

മലയാളികളുടെ ഗൃഹാതുരമായ ഓർമച്ചെപ്പുകളിൽ ആയിരം സ്വരരാഗപൗർണമികളുടെ മധുരംനിറച്ച മഹാഗായകൻ കെ.ജെ.യേശുദാസിനെ ഓർമിക്കുമ്പോൾ ആദ്യം പേരിനോടു ചേർത്തുവയ്ക്കാൻ തോന്നുന്നത് ‘ഗന്ധർവൻ’ എന്ന സ്വരവിലാസം തന്നെയാണ്. പാട്ടുമൂളി കടന്നുപോയ കെട്ടുകഥയിലെ ഗന്ധർവനേക്കാൾ എത്രയോ സ്വരവശ്യതയാർന്നൊരു ഗാനഗന്ധർവൻ. പാടിമയക്കിയത് എത്രയെത്ര തലമുറകളെ.... ഓരോ പാട്ടിന്റെ പട്ടുതുമ്പത്തും പറത്തിവിട്ടത് എത്രയെത്ര സ്വരചിത്രശലഭങ്ങളെ... ‘ഗന്ധർവൻ’ എന്ന വിശേഷണം യേശുദാസിന് മഹാകവി ജി.ശങ്കരക്കുറുപ്പ് ചാർത്തിക്കൊടുക്കുംമുൻപേതന്നെ അദ്ദേഹം സിനിമയിൽ ഗന്ധർവനായകനു വേണ്ടി ഗാനങ്ങൾ പാടിക്കഴിഞ്ഞിരുന്നു. 

കുഞ്ചാക്കോ നിർമിച്ച ‘ഗന്ധർവക്ഷേത്രം’ എന്ന ചിത്രം പുറത്തിറങ്ങിയത് 1972ൽ. തകഴിയുടെ രചനയിൽ തോപ്പിൽ ഭാസി തിരക്കഥയൊരുക്കി പ്രേംനസീറും മധുവും ശാരദയും  മുഖ്യവേഷങ്ങളിലെത്തിയ ഈ ചിത്രത്തിലെ ‘ഇന്ദ്രവല്ലരി പൂചൂടി വരും’ എന്നു തുടങ്ങുന്ന ഗാനം മലയാളിയുടെ ആദ്യകാല ഗന്ധർവസ്മൃതിഗാനങ്ങളിലൊന്നായിരിക്കണം.  ഇതേ ചിത്രത്തിലെതന്നെ ‘വസുമതീ.. ഋതുമതീ’ എന്നു തുടങ്ങുന്ന ഗാനവും മലയാളിയെ സ്വരച്ചിറകിലേറ്റി ഗന്ധർവന്റെ മായാലോകത്തേക്കു കൊണ്ടുപോകുന്നു. ഗന്ധർവനെന്ന മായാലോക നായകനെക്കുറിച്ചുള്ള നമ്മുടെ സങ്കൽപങ്ങളിലേക്ക് അദ്ദേഹത്തിന്റെ സംഗീതപ്രിയവും പൗർണമിപ്രത്യക്ഷവും പ്രണയാർദ്രതയുംകൂടി വരച്ചുചേർക്കുകയായിരുന്നു ഈ ഗാനം.  

ഒരുപക്ഷേ പിന്നീടുവന്നൊരു തലമുറയുടെ ഗന്ധർവസങ്കൽപം ആദ്യമായി ദൃശ്യസാക്ഷാത്കരിക്കുകകൂടിയായിരുന്നിരിക്കണം ഈ ചിത്രത്തിലെ ഗന്ധർവകഥാപാത്രം. ‘ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദരഹേമന്തരാത്രി’യെന്നു തുടങ്ങുന്ന മനോഹരമായ വരികൾ വയലാറിന്റേതായിരുന്നു. ജി. ദേവരാജന്റെ സംഗീതം. 

ഒഴുകുമീ വെണ്ണിലാ പാലരുവീ... 

ഒരുനിമിഷംകൊണ്ടൊരു യമുനയാക്കൂ... 

പ്രേമോദയങ്ങളിൽ മെയ്യോടു ചേർക്കുമൊരു 

ഗാനഗന്ധർവനാക്കൂ... എന്നെ നിൻ ഗാനഗന്ധർവനാക്കൂ... 

എന്ന വരികൾ അത്രമേൽ ആർദ്രമധുരമായി മലയാളിക്കു പാടിത്തന്ന ആ യുവഗായകൻ പിന്നീട് യഥാർഥ ഗാനഗന്ധർവനായി മാറിയതും മോഹിപ്പിക്കുന്ന മറ്റൊരു യാദൃശ്ചികത മാത്രം.  

ഏറ്റവും പ്രിയപ്പെട്ട ആദ്യകാല ഗന്ധർവഗാനത്തിലൊപ്പം സ്വരം ചേർത്ത യേശുദാസ് പിന്നീട് മറ്റൊരു ഗന്ധർവചിത്രത്തിലും അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചു മലയാളിയെ മോഹിപ്പിച്ചിട്ടുണ്ട്. 1991ൽ പുറത്തിറങ്ങിയ പത്മരാജൻ ചിത്രം ‘ഞാൻ ഗന്ധർവനി’ലാണ് പിന്നീട് യേശുദാസ് ഗന്ധർവനു സ്വരം നൽകിയത്. നിതീഷ് ഭരദ്വാജും സുപർണയും നായികാനായകന്മാരായെത്തിയ മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രം. ചിത്രത്തിലെ ഗാനങ്ങൾക്കു സംഗീതം പകർന്നത് ജോൺസൺ മാഷ്. കൈതപ്രത്തിന്റെ വരികൾ. ചിത്രത്തിനു സംഗീതമൊരുക്കാൻ ജോൺസൺ മാഷിനെ സമീപിക്കുമ്പോൾ പത്മരാജൻ മാതൃകയായി ചൂണ്ടിക്കാട്ടിയത്  പഴയം ‘ഗന്ധർവക്ഷേത്രം’ ചിത്രം തന്നെയായിരുന്നു. ആ ചിത്രത്തിലെ ‘ഇന്ദ്രവല്ലരി’ ഗാനത്തിന്റെ ഫീൽ തോന്നിപ്പിക്കുന്ന ഗാനം തന്നെ വേണമായിരുന്നു പത്മരാജന്. എന്തായാലും ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം’, ‘ദേവീ ആത്മരാഗമേകാം’ എന്നുതുടങ്ങുന്ന ഗാനങ്ങൾ പത്മരാജന്റെ സംഗീതസങ്കൽപത്തോടു ചേർന്നുനിന്നു. ഇന്നും മലയാളിയുടെ ഗന്ധർവസ്വപ്നങ്ങളിൽനിന്ന് നിതീഷ് ഭരദ്വാജ് അവതരിപ്പിച്ച ഗന്ധർവകഥാപാത്രവും അദ്ദേഹം പാടി അഭിനയിച്ച ഗാനങ്ങളും മാഞ്ഞുപോയിട്ടില്ലെന്നതു തീർച്ച.  

സാഗരങ്ങൾ മീട്ടും സോപാന ഗീതമായ് 

നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം..

സാഗരങ്ങൾക്കപ്പുറം സ്വരവിലാസമെഴുതിച്ചേർത്ത ഗായകന്റെ ഗന്ധർവവിളംബരംകൂടിയായിരുന്നോ ആ വരികൾ...

English Summary:

Yesudas birthday special song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com