മലയാള സിനിമയിലെ വഴിമാറിയൊഴുകിയ പുഴ, ഹിന്ദി സംഗീതജ്ഞർക്കും പ്രിയങ്കരൻ; അന്നുമിന്നും ഒരേയൊരു ‘ജോയ്’!
Mail This Article
അന്തരിച്ച സംഗീതജ്ഞൻ കെ.ജെ.ജോയിയുടെ ഓർമകൾ സംഗീതസംവിധായകൻ എം.ജയചന്ദ്രൻ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു.
‘ജോയ് സാറിനെ ജീവിതത്തിൽ ഒരുതവണ കാണാനുളള ഭാഗ്യമേ എനിക്കുണ്ടായിട്ടുളളൂ. വർഷങ്ങൾക്കു മുമ്പ് ഒരു സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിക്കാൻ ഞാൻ താമസിച്ച ഹോട്ടലിൽ അദ്ദേഹവുമുണ്ടായിരുന്നു. അദ്ദേഹം താമസിക്കുന്ന മുറിയിൽ പോയികണ്ടു. വളരെയധികം സ്നേഹത്തോടെ എന്റെ പാട്ടുകൾ ശ്രദ്ധിക്കാറുണ്ടെന്ന് പറഞ്ഞു. ഞാൻ ഒരുപാട് ആരാധിക്കുന്ന ഒരു വ്യക്തിയിൽ നിന്നാണ് ആ വാക്കുകൾ കേട്ടത്. ദേവരാജൻ മാസ്റ്ററും ദക്ഷിണമൂർത്തി സ്വാമിയും ബാബുക്കയും രാഘവൻ മാസ്റ്ററുമൊക്കെ ചെയ്തുവന്ന വഴികളിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു സംഗീതധാര സിനിമാറ്റിക്കായി കൊണ്ടുവന്ന വ്യക്തിയാണ് അദ്ദേഹം. ആ കാഴ്ചപ്പാടിന്റെ ആരാധകനാണ് ഞാൻ. ഇക്കാര്യം അദ്ദേഹത്തോട് അവിടെവച്ചു തന്നെ പറഞ്ഞു.
ജോയ് സാറിന്റെ പാട്ടുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന കാര്യം അതുവരെയുണ്ടായിരുന്ന മലയാളം പാട്ടുകൾ പോലെയല്ല അത് എന്നതാണ്. ഓർക്കസ്ട്രേഷൻ ശൈലിയിലും ട്യൂൺ പോകുന്ന ഗതിയിലുമെല്ലാം പുതിയ ഒഴുക്ക് മലയാളസിനിമ സംഗീതത്തിൽ കൊണ്ടുവന്നത് അദ്ദേഹമാണ്. അങ്ങനെ പലപല ഒഴുക്ക് പലപല കാലങ്ങളിൽ മലയാളസിനിമ സംഗീതത്തിലുണ്ടായിട്ടുണ്ട്. കെ.ജെ.ജോയ് സർ, ശ്യം സർ, ജോൺസേട്ടൻ, രവീന്ദ്രൻ മാസ്റ്റർ, ഔസേപ്പച്ചൻ, ജെറി അമൽദേവ് ഇവരെല്ലാം ഓരോസമയത്ത് ഓരോ ഒഴുക്കുകൾ കൊണ്ടുവന്നതുകൊണ്ടാണ് മലയാളസിനിമ സംഗീതം ഇപ്പോൾ എത്തിനിൽക്കുന്ന ഒരു ദിശയിലേക്കെത്തിയത്. അതിൽ തികച്ചും വ്യത്യസ്തമായ ഒരു പുഴ ഒഴുകിയിട്ടുണ്ടെങ്കിൽ അത് ജോയ് സാറിന്റേതാണ്.
ഒരുകാലത്ത് ചെന്നൈയിൽ അദ്ദേഹം കീബോർഡുകൾ വാങ്ങിക്കുകയും അത് വാടകയ്ക്കു കൊടുക്കുകയും വായിക്കുകയുമൊക്കെ ചെയ്തിരുന്നു. ദക്ഷിണേന്ത്യയിൽ ആദ്യമായി കീബോർഡ് ഉപയോഗിച്ച സംഗീതസംവിധായകനാണ്. അന്നത്തെ കാലത്ത് കീബോർഡുകൾ വാങ്ങിക്കുന്നതു നിസാരകാര്യമല്ല. വലിയ സാമ്പത്തികബാധ്യതകൾ വരുത്തിവയ്ക്കുന്നതാണ്. ഹിന്ദിയിലെ വലിയ സംഗീതസംവിധായകരുടെ കൂടെ അന്നത്തെ ബോംബെയിൽ പോയി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. അന്നത്തെ ഹിന്ദി സംഗീതസംവിധായകർക്കെല്ലാം അദ്ദേഹത്തെ വളരെ ഇഷ്‍ടമാണ്. ഒരിക്കലും നൊട്ടേഷൻ എഴുതിവച്ച് വായിക്കുന്ന ഒരാളായിരുന്നില്ല അദ്ദേഹം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ജോയ് സാറിന്റെ ശ്രദ്ധിക്കപ്പെടുന്ന പാട്ടുകൾക്കെല്ലാം വ്യത്യസ്തമായ സൗന്ദര്യമുണ്ട്. മറ്റാരെയും പോലെയല്ല അദ്ദേഹത്തിന്റെ പാട്ടുകൾ എന്നത് അടിവരയിടേണ്ടതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സംഗീതം നമുക്ക് ‘ജോയ്’ തന്നിട്ടുളളത്. ഒരു സംഗീതവിദ്യാർത്ഥി എന്ന നിലയിൽ ജോയ് സാറിന്റെ പാട്ടുകൾ എപ്പോഴും ഉളളിന്റെയുളളിൽ ആനന്ദം തന്നിട്ടുണ്ട്’.